ഉണ്ണിയുടെ ചായക്കടയിലുണ്ട് ‘ബ്ലഡ് ബാങ്ക്’
text_fieldsതൊടുപുഴ: ചായ കുടിക്കാൻ എത്തുന്നവരിൽനിന്ന് പണം വാങ്ങുന്നതിന് മുമ്പായി അവരുടെ പേരും ബ്ലഡ് ഗ്രൂപ്പും ഫോൺ നമ്പറും കടയിലെ ബുക്കിൽ കുറിക്കാനാണ് ആദ്യം ഉണ്ണി പറയുക. മറ്റൊന്നും കൊണ്ടല്ല, രക്തത്തിെൻറ വില നന്നായി അറിഞ്ഞതിനുശേഷമാണ് ഉണ്ണി എന്ന സുനിൽ കുമാർ ഈ രക്തദൗത്യം ഏറ്റെടുക്കുന്നത്.
10 വർഷമായി കട്ടപ്പന പ്രൈവറ്റ് ബസ്സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഒറ്റമുറി ചായക്കടയിൽ എത്തുന്നവർക്ക് ഉണ്ണിയുടെ ഈ ‘ബ്ലഡ് ബുക്’ പരിചിതമാണ്. ചിലരൊക്കെ പറഞ്ഞുകേട്ടുവന്ന് ചായ കുടിച്ച് ഫോൺനമ്പറും ബ്ലഡ് ഗ്രൂപ്പും എഴുതി പോകാറുമുണ്ട്. കട്ടപ്പനയിൽ പഴയ പ്രൈവറ്റ് സ്റ്റാൻഡിൽ വർഷങ്ങൾക്ക് മുമ്പ് ശാന്താഭവൻ എന്ന ഹോട്ടൽ നടത്തുകയായിരുന്നു ഉണ്ണി. പിന്നീട് ബസ്സ്റ്റാൻഡ് മാറ്റിയപ്പോൾ ചെറിയൊരു ചായക്കടയിലേക്ക് ഒതുങ്ങി. 12 വർഷം മുമ്പാണ് ചായയും ലഘുഭക്ഷണവുമായി ഉപജീവനത്തിനായി ഇപ്പോഴത്തെ കട തുടങ്ങിയത്. ആ ഇടക്കാണ് മാതാവ് രാധാമണിക്ക് ശസ്ത്രക്രിയക്കുവേണ്ടി ബി നെഗറ്റിവ് രക്തം ആവശ്യമായിവന്നത്.
രക്തത്തിനായി സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ അന്വേഷിച്ചു കുറേ ഓടി. അവസാന മുഹൂർത്തത്തിലാണ് ഒരാളെ കണ്ടെത്തി രക്തം സംഘടിപ്പിച്ചത്. നാട്ടിൽ പരിചയമുള്ളവരുടെ രക്തഗ്രൂപ്പുകൾ ശേഖരിക്കാൻ ഇതോടെ ഉണ്ണി തീരുമാനിച്ചു. അന്നുതന്നെ ഒരു ഡയറി വാങ്ങി പീടികയുടെ മേശപ്പുറത്ത് വെച്ചു. രക്തദാനത്തിെൻറ മഹത്ത്വവും രക്തദാതാവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും രക്തം എങ്ങനെയാണ് നൽകുന്നത് എന്നും മറ്റുമുള്ള കാര്യങ്ങൾ ചായക്കടയിലെ ചുവരുകളിൽ പോസ്റ്ററുകളായി നിരന്നു. ആദ്യകാലങ്ങളിൽ കടയിലെത്തുന്നവർക്ക് ഇതെല്ലാം കൗതുകമായിരുന്നു. പിന്നീട് ഓരോരുത്തരായി സംഗതിയുടെ ഗൗരവം മനസ്സിലാക്കി. പലരും ബുക്കിൽ നോക്കി തെൻറ ഗ്രൂപ് രക്തമുള്ളവർ ആരൊക്കെയാ നാട്ടിലെന്ന് അന്വേഷിച്ചു തുടങ്ങി. പിന്നെ നാട്ടുകാരുടെ പേരും ബ്ലഡ് ഗ്രൂപ്പും ഫോൺ നമ്പറും കൊണ്ട് ഉണ്ണിയുടെ താളുകൾ നിറഞ്ഞു.
ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്ന് നിരവധി ഫോൺ കാളുകളാണ് ഉണ്ണിയെ തേടിയെത്തുന്നത്. കട്ടപ്പനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് 20 രക്ത ദാതാക്കളുടെ അടിയന്തര ആവശ്യമുണ്ടായപ്പോൾ തെൻറ ബുക്കിൽനിന്ന് ഗ്രൂപ് നോക്കി ഫോണിൽ വിളിച്ച് 20 പേരെ എത്തിച്ചതായി ഉണ്ണി ഓർമിക്കുന്നു. ചെന്നൈയിലെ ആശുപത്രിയിൽ കഴിഞ്ഞ കട്ടപ്പന സ്വദേശിയായ ഒരാൾക്കും രക്തമെത്തിക്കാൻ സഹായമായത് ഈ കൊച്ചു ഡയറിയാണ്. ഇപ്പോൾ യുവജന സംഘടന പ്രവർത്തകർ, രാഷ്ട്രീയക്കാർ, സന്നദ്ധ സംഘടനകൾ, നാട്ടിലെ യുവാക്കൾ എന്നിവരുടെയെല്ലാം പേരുകൾ ബുക്കിലുണ്ടെന്നും ഇവരൊക്കെ ആവശ്യക്കാർ എപ്പോൾ വിളിച്ചാലും മടികൂടാതെ എത്താറുണ്ടെന്നും ഉണ്ണി വ്യക്തമാക്കി. സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ണിയുടെ ഫോൺ ശബ്ദിച്ചു.
മറുതലക്കലിൽ നിന്നുള്ള ആവശ്യം കേട്ട് ഉണ്ണി പ്രതികരിച്ചു. ‘ഒരു സെക്കൻഡ്; ഞാനൊരു ബി പോസിറ്റിവ് കൊടുത്തോട്ടെ’. അതെ കട്ടപ്പനക്കാരൻ ഉണ്ണി എന്ന 44കാരൻ തിരക്കിലാണ്. ചായക്കൊപ്പം രക്തം കൂടി ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന തിരക്കിൽ. ഷൈജിയാണ് ഭാര്യ. ഏകമകൻ അഭിറാം (നാലാം ക്ലാസ് വിദ്യാർഥി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.