ക്വാറി ലെെസൻസിനുള്ള സർക്കാർ ഇളവ് ഹെെകോടതി റദ്ദാക്കി
text_fieldsകൊച്ചി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈകോടതി. ക്വാറി പ്രവര്‍ത്തനത്തിന് നിയമത്തില്‍ ഇളവനുവദിച്ച സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഉത്തരവിട്ടത്.
പാരിസ്ഥിതികാനുമതിയില്ലാതെ സംസ്ഥാനത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് ജില്ലാ കലക്ടര്‍മാരും ജിയോളജിസ്റ്റുമുള്‍പ്പെടെയുള്ള അധികൃതര്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
2015ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനംചെയ്ത ചെറുകിട ധാതുഖനനചട്ടത്തിലെ 12ാം വകുപ്പിലാണ് അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയില്‍ ഖനനം നടത്തുന്നതിനുള്ള ലൈസന്‍സ് പുതുക്കുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമല്ളെന്ന കൂട്ടിച്ചേര്‍ക്കല്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. സ്ഥലത്തിന്‍െറ വിസ്തൃതി കണക്കാക്കാതെ പുതിയ ക്വാറികള്‍ അനുവദിക്കാനും നിലവിലുള്ളവ പുതുക്കാനും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി 2015 ഫെബ്രുവരി മൂന്നിനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 2015 ജനുവരി ഒമ്പതിന് സാധുവായ പെര്‍മിറ്റുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടതില്ളെന്നും നിയമത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ അഞ്ചിനാണ് ഇളവനുവദിക്കുന്ന ഭാഗം 12ാം വകുപ്പില്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തത്.
ഈ വിജ്ഞാപനത്തോടെ സംസ്ഥാനത്തെ ക്വാറികള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായും സുപ്രീം കോടതിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും നിയമങ്ങള്‍ പോലും ബാധകമല്ലാതാവുകയും ചെയ്തതായി ചൂണ്ടിക്കാട്ടി കോട്ടയം കിഴിത്തിരി ഗ്രീന്‍ സ്റ്റെപ് നേച്വര്‍ സൊസൈറ്റി, തിരുവാങ്കുളം നേച്വര്‍ ലവേഴ്സ് ഫോറം തുടങ്ങിയവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.