മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമനം പി.എസ്.സിക്ക് കൈമാറും
text_fieldsതിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടുന്നതിനുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
1974ലെ നിയമം അനുസരിച്ച് രൂപവത്കരിച്ച ബോര്‍ഡില്‍ ആകെ 301 തസ്തികകളാണുള്ളത്. ഇതില്‍ 121 പേരാണ് നിലവില്‍ ജോലിനോക്കുന്നത്. ഡെപ്യൂട്ടേഷനിലൂടെയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുമാണ് ഇപ്പോള്‍ നിയമനം. ബോര്‍ഡിന്‍െറ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ചെറുതും വലുതുമായ 50000 സ്ഥാപനങ്ങളുടെ കാര്യങ്ങളാണ് ഇത്രയും ജീവനക്കാരെ ഉപയോഗിച്ച് നടത്തേണ്ടത്. ഇത് പലപ്പോഴും ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് രൂപംനല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
പ്ളാസ്റ്റിക് നിരോധിക്കണമെന്നാണ് തന്‍െറ അഭിപ്രായമെന്നും ബില്ലിന്‍െറ ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. നിശ്ചിത പരിധിവെച്ച് പ്ളാസ്റ്റിക് നിരോധം ഏര്‍പ്പെടുത്തിയതുകൊണ്ട് ഫലമുണ്ടാകില്ല. പ്ളാസ്റ്റിക് പൂര്‍ണമായി നിരോധിച്ച മേഖലകളില്‍ അതിന്‍െറ ഗുണം കാണാനാവും. ബയോമെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്നതിനടക്കം പുതിയ പ്ളാന്‍റുകള്‍ സ്ഥാപിക്കും. പ്ളാന്‍റ് സ്ഥാപിക്കാത്ത ആശുപത്രികള്‍ക്ക് സ്റ്റോപ് മെമ്മോ കൊടുക്കുന്നുണ്ട്.
എറണാകുളത്തിന് പുറമെ കോഴിക്കോടും ബയോമെഡിക്കല്‍ മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കാന്‍ ഐ.എം.എ മുന്നോട്ടുവന്നിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനുള്ള ലാബുകള്‍ സ്ഥാപിക്കും. പെരിയാര്‍ സംരക്ഷിക്കുന്നതിന് ചില ഫാക്ടറികള്‍ കൂടി പൂട്ടേണ്ടിവരും. വായു-ജല- ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. എം. ഉമ്മര്‍, സി. ദിവാകരന്‍, രാജു എബ്രഹാം, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.