ഗെയ്ൽ പൈപ്പ്ലൈൻ: ഉപഗ്രഹ നിരീക്ഷണത്തിെൻറ മറവിൽ പുനരാരംഭിക്കാൻ ശ്രമം
text_fieldsകാസർകോട്: ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രതിസന്ധിയിലായ ഗെയ്ൽ വാതക പൈപ്പ് ലൈനിന് ജനപിന്തുണ ലഭ്യമാക്കാൻ അധികൃതർ ഉപഗ്രഹ നിരീക്ഷണത്തിെൻറ സഹായം തേടുന്നു. പൈപ്പ്ലൈൻ നെറ്റുവർക്കുകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെൻററുമായി (എൻ.ആർ.എസ്.സി) സഹകരിച്ച് ഉപഗ്രഹ നിരീക്ഷണം നടത്തുമെന്നാണ് പ്രഖ്യാപനം. അതോടൊപ്പം പൈപ്പ്ലൈൻ നെറ്റുവർക്കുകളിൽ അസ്വാഭാവികമായ സംഭവങ്ങൾ നടക്കുകയാണെങ്കിൽ അതിെൻറ ചിത്രം പ്രാദേശികമായി പകർത്താനും ഭുവൻഗെയ്ൽ എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യാനാവുമെന്നും അവർ വിശദീകരിക്കുന്നു. ഇതിനായി പ്രത്യേക മൊബൈൽ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന ചിത്രം അപ്പോൾ തന്നെ എസ്.എം.എസ് വഴിയും ഇ–മെയിൽ വഴിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകുമെന്നാണ് അവകാശവാദം.
പൈപ്പ്ലൈൻ പദ്ധതിയുടെ സുരക്ഷാ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് അധികൃതർ ബഹിരാകാശ നിരീക്ഷണത്തിെൻറ മറ ഉപയോഗിക്കുന്നതെന്ന് ഗെയ്ൽ പൈപ്പ് ലൈൻ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. പൈപ്പ് ലൈൻ പദ്ധതിയിൽ സുരക്ഷാ പ്രശ്നമില്ലെന്ന ബോധവത്കരണം നടത്തി പദ്ധതിക്കെതിരെയുള്ള എതിർപ്പ് മറികടക്കാനായി അടുത്തിടെയാണ് അധികൃതർ പ്രത്യേക പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയത്. പദ്ധതിക്കെതിരെ എതിർപ്പ് രൂക്ഷമായ ജില്ലകളിലെ മാധ്യമ പ്രവർത്തകരെ ഇവരുടെ മേൽനോട്ടത്തിൽ വിനോദയാത്രക്ക് കൊണ്ടുപോയിരുന്നു. പദ്ധതിയുടെ സുരക്ഷ സംബന്ധിച്ച് നേരിട്ട് മനസ്സിലാക്കാൻ എന്ന പേരിലായിരുന്നു 50ഓളം മാധ്യമപ്രവർത്തകരെ ഡൽഹിയിൽ കൊണ്ടുപോയത്.
പൈപ്പ്ലൈനുകളിൽ അത്യാധുനിക സംവിധാനത്തിലുള്ള ഉപഗ്രഹ നിരീക്ഷണം ഉള്ളതിനാൽ അപകട സാധ്യതയില്ലെന്ന് വരുത്തിത്തീർക്കാനാണ് അധികൃതരുടെ പുതിയ ശ്രമം. ബഹിരാകാശ രംഗത്ത് പേരുകേട്ട ഐ.എസ്.ആർ.ഒയുടെ പേര് ഉപയോഗിച്ചാൽ ജനങ്ങളെ വിശ്വസിപ്പിക്കാമെന്നും അധികൃതർ കരുതുന്നു. 3700 കോടി രൂപ ചെലവിൽ കെ.എസ്.ഐ.ഡി.സി–ഗെയ്ൽ സംയുക്ത സംരംഭമായി നടപ്പാക്കുന്ന വാതക പൈപ്പ്ലൈൻ പദ്ധതി മുടങ്ങുന്ന സ്ഥിതിയിലാണ് അധികൃതർ പുതിയ നീക്കവുമായി രംഗത്തെത്തിയത്. കൊച്ചി എൽ.എൻ.ജി ടെർമിനൽ പ്ലാൻറിൽ നിന്നും കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പെട്രോളിയം സംസ്കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതാണ് വാതക പൈപ്പ്ലൈൻ പദ്ധതി. സംസ്ഥാനത്ത് പലയിടങ്ങളിലും പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധമുയർന്നതോടെ മുന്നോട്ടുപോകാനാവാതെ അധികൃതർ കുഴങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.