അട്ടപ്പാടിയിലെ ഭൂരഹിതർക്ക് ഭൂമി: മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിന്‍റെ ഫയൽ കണ്ടെത്താനായില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിെൻറ ഫയലുകൾ അദ്ദേഹത്തിെൻറ ഓഫിസിലെയും പട്ടികജാതി–വർഗ വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. അട്ടപ്പാടിയിലെ ആദിവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് ആഗസ്റ്റിൽ നടന്ന യോഗത്തിെൻറ മിനുട്സാണ് അപ്രത്യക്ഷമായത്. മുഖ്യമന്ത്രിക്കുപുറമെ മന്ത്രി പി.കെ. ജയലക്ഷ്മി, മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്ത യോഗമായിരുന്നു.
അട്ടപ്പാടിയിലെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും മൂന്നുമാസത്തിനകം ഭൂമി നൽകാൻ മുഖ്യമന്ത്രി നിർദേശംനൽകിയത് ഈ യോഗത്തിലാണ്. അട്ടപ്പാടിയിൽ പ്ലസ് വണിന് പ്രവേശം ലഭിക്കാത്ത എല്ലാ ആദിവാസി കുട്ടികൾക്കും പ്രത്യേക ഉത്തരവിലൂടെ പ്രവേശം നൽകാനും തീരുമാനിച്ചിരുന്നു. പഠനസൗകര്യം ലഭിക്കാതെ ഒരു കുട്ടിപോലും അട്ടപ്പാടിയിൽ ബുദ്ധിമുട്ടരുതെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ, ഇതൊന്നും നടപ്പായില്ല. പ്ലസ് വണിന് പ്രവേശം ലഭിക്കാത്ത ആദിവാസി കുട്ടികൾ ഇപ്പോഴും ഈരുകളിലുണ്ടെന്ന് ‘തമ്പ്’ എന്ന സന്നദ്ധ സംഘടന നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്ലസ് വൺ പ്രവേശം തേടി വിദ്യാർഥികൾ പട്ടികവർഗ ഓഫിസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തി. ഡോ. എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ അട്ടപ്പാടിക്കായി തയാറാക്കിയ ‘സീറോ ഹംഗർ ഇൻ ട്രൈബൽ ഹാബിറ്റാറ്റ്സ്’ എന്ന പദ്ധതി സബ്കമ്മിറ്റിയുടെ പരിഗണനക്ക് വിടാനും യോഗം തീരുമാനിച്ചു.
പട്ടികവർഗ ക്ഷേമം, ധനകാര്യം, ആസൂത്രണം, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിമാർ, ഒറ്റപ്പാലം സബ് കലക്ടർ എന്നിവർ അംഗങ്ങളായ ഉപസമിതി 15 ദിവസത്തിനകം രൂപവത്കരിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. എന്നാൽ, വിവരാവകാശം അനുസരിച്ച് നൽകിയ അപേക്ഷക്കും അപ്പീലിനും നൽകിയ മറുപടിയിൽ ‘അട്ടപ്പാടിയെ സംബന്ധിച്ചു നടന്ന യോഗത്തിെൻറ ഫയൽ പരിശോധിച്ചിട്ട് ലഭിച്ചില്ലെ’ന്നാണ് ജോയൻറ് സെക്രട്ടറിയും അപ്പീൽ അധികാരിയുമായ ടി.പി. രജനി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാകട്ടെ അപേക്ഷ പട്ടികജാതി–വർഗ ഓഫിസിന് കൈമാറി. ആഗസ്റ്റ് 19നാണ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അട്ടപ്പാടി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ യോഗം നടന്നതായി പി.ആർ.ഡി റിലീസ് നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പുമന്ത്രി കൂടി പങ്കെടുക്കുന്ന യോഗങ്ങളുടെ ഫയൽ അതത് വകുപ്പുകളിൽ ലഭ്യമാകേണ്ടതാണ്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മുഖ്യമന്ത്രി അന്വേഷിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.