കേരളത്തില്‍ ചെന്നൈ ആവര്‍ത്തിക്കും –ജേക്കബ് തോമസ്
text_fieldsതിരുവനന്തപുരം: പാരിസ്ഥിതികനിയമങ്ങള്‍ അട്ടിമറിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ചെന്നൈ ദുരന്തം സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സംസ്ഥാനത്തിന്‍െറ വികസനം മുകളിലോട്ടുവേണോ കീഴ്പോട്ട് വേണോയെന്ന് നിശ്ചയിക്കുംമുമ്പ് തീരുമാനങ്ങള്‍ പരിസ്ഥിതിസൗഹൃദമാണോയെന്ന് വിലയിരുത്തണം. സംസ്ഥാനത്ത് അനിയന്ത്രിതമായി കെട്ടിടങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യങ്ങളുണ്ടായേക്കാം.
ഇതിനുള്ള മൂലകാരണം അഴിമതിയാണെന്ന തിരിച്ചറിവ് പൊതുജനത്തിനുണ്ടാകണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ലോക അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് ‘അഴിമതിരഹിത കേരളത്തിന് സുസ്ഥിരനേതൃത്വം’ എന്ന വിഷയത്തില്‍ കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ ഭ്രാന്തരെന്ന് മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലവില്‍. കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ കൈക്കൊണ്ടാല്‍ അവരെ ഒറ്റപ്പെടുത്തും. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്ത ചരിത്രം നമുക്കുമുന്നിലുണ്ട്.
സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറഞ്ഞ യോഗ്യത മൂന്ന് വിജിലന്‍സ് കേസില്‍ പ്രതിയാകണമെന്നതാണ്. ഇടുക്കിയില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് നാം കണ്ടതാണ്. പാരിസ്ഥിതികസംരക്ഷണത്തിന് കുറഞ്ഞപരിഗണനയാണ് അധികൃതര്‍ നല്‍കുന്നത്. തീരദേശ, തണ്ണീര്‍തട നിയമങ്ങള്‍ കാറ്റില്‍പറത്തുന്നതിന്‍െറ ദുരിതം നാം അനുഭവിക്കേണ്ടിവരും. ചെന്നൈ ഒരുദാഹരണം മാത്രം. സംസ്ഥാനത്ത് മൂന്നുനിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പാടില്ളെന്ന് താന്‍ പറഞ്ഞിട്ടില്ല. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂളാണ് പറയുന്നത്. മൂന്നുനിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്നും റൂള്‍ നിഷ്കര്‍ഷിക്കുന്നു.
വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ‘ബെസ്റ്റ് പ്രാക്ടീസസ്’ നടപ്പാക്കണമെന്നാണ് മാനേജ്മെന്‍റ് തിയറി. അത് നടപ്പാക്കാനാണ് ഫയര്‍ഫോഴ്സ് മേധാവി ആയിരിക്കെ നാഷനല്‍ ബില്‍ഡിങ് കോഡ് നിഷ്കര്‍ഷിച്ചത്. അതിനെതിരെ ചിലര്‍ നിലപാടെടുത്തതില്‍ സന്തോഷിക്കുന്നു. സുരക്ഷയെക്കുറിച്ച് പൊതുസമൂഹത്തില്‍ ക്രിയാത്മകമായ ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ വിവാദങ്ങള്‍ സഹായകരമായെന്നും ജേക്കബ് തോമസ് പറഞ്ഞു. കേരള യൂനിവേഴ്സിറ്റി മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ്, എം. ഹരികുമാര്‍, സെന്തില്‍കുമാര്‍ മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.