മിൽമ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; 16ന് വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി
text_fieldsകൊച്ചി: മിൽമ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സഹകരണ പെൻഷൻ നടപ്പാക്കുക, സ്റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മിൽമയിലെ ട്രേഡ് യൂനിയനുകളുടെ സംയുക്തവേദിയാണ് പണിമുടക്ക് ആരംഭിച്ചത്.
അതേസമയം, ജീവനക്കാർ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.സി ജോസഫ് ആവശ്യപ്പെട്ടു. ഡിസംബർ 16ന് വിഷയം ചർച്ച ചെയ്യാമെന്ന് സംഘടനകളെ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സമരം നിർഭാഗ്യകരമാണെന്നും ക്ഷീരകർഷകരെ തകർക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മിൽമ സംസ്ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മുഴുവൻ സ്ഥാപനങ്ങളിൽ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. തിരുവനന്തപുരം ഫെഡറേഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച സർക്കാറും മിൽമയും തൊഴിലാളി സംഘടനകളും നടത്തിയ പ്രശ്ന പരിഹാരചർച്ച ഫലം കണ്ടിരുന്നില്ല.
ജീവനക്കാരുടെ പണിമുടക്ക് ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടിയാകും. മൂന്ന് മേഖലകളിലായി പ്രതിദിനം 25 ലക്ഷം ലിറ്റർ പാൽ ആണ് കർഷകരിൽ നിന്ന് മിൽമ ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.