നാടിനെ വെല്ലും ഗൾഫ് ‘ബ്ലേഡ്’
text_fieldsഗൾഫ്, പണമൊഴുക്കുന്ന നാടാണ് മലയാളികൾക്ക്. തെളിവായി അവർക്കുമുന്നിൽ വമ്പൻ വ്യവസായികളുടെയും കോടീശ്വരന്മാരുടെയും പളപളപ്പിെൻറ ചിത്രങ്ങളും ചരിത്രവുമുണ്ട്. കൊട്ടാരസദൃശ്യമായ വീടുകളും ആർഭാട വാഹനങ്ങളുമുണ്ട്. എന്നാൽ, ജീവിതം കരുപ്പിടിപ്പിക്കാനും കുടുംബത്തെ കരകയറ്റാനുമായി കടൽ കടന്നവരിൽ ചെറിയ ശതമാനമേ മുകളിൽ പറഞ്ഞ വിജയികളുടെ പട്ടികയിൽ വരുന്നുള്ളൂവെന്നതാണ് സത്യം. മണലാരണ്യത്തിൽ പൊന്നുവിളയിക്കാനെത്തി എല്ലാം കൈവിട്ട് പെരുവഴിയിൽ നിൽക്കുന്ന മലയാളികളുടെ ദുരിതകഥകൾ ഗൾഫിെൻറ മിന്നിത്തിളക്കത്തിൽ കാണാതെപോകുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഗൾഫ് നാടുകളിൽ കൂടിവരുകയാണ്. കടക്കെണിയിൽ കുരുങ്ങി ജയിലിൽ കിടക്കുന്നവരും നാട്ടിൽ പോകാനാകാതെ കുടുങ്ങിയവരും ഒളിവിൽ കഴിയുന്നവരും കുറവല്ല. പൊങ്ങച്ചവും സാമ്പത്തിക ആസൂത്രണമില്ലായ്മയും മുതൽ രോഗവും അപ്രതീക്ഷിത ദുരന്തങ്ങളുംവരെ ഇതിന് കാരണമായി നിരത്താനാകും. പണമയക്കുന്ന യന്ത്രങ്ങളായി മാത്രം പ്രവാസികളെ കാണുന്ന കുടുംബവും നാട്ടുകാരും ബന്ധുക്കളുമെല്ലാം ഈ ദുരന്തജീവിതങ്ങൾ സൃഷ്ടിക്കുന്നതിൽ അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. നാട്ടിൽനിന്നുള്ള ആവശ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്ന് സമ്മർദമുണ്ടാക്കുമ്പോൾ വേണ്ടത്ര ആലോചനയില്ലാതെ പ്രവർത്തിക്കുന്ന അവന് മുന്നിൽ ക്രെഡിറ്റ് കാർഡുമായി ബാങ്കുകളും നാട്ടിലെ ബ്ലേഡ് കമ്പനികളെ നാണിപ്പിക്കുന്ന പലിശ ഇടപാടുകാരും കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇങ്ങനെയൊക്കെയായിട്ടും ഇവരെ സഹായിക്കാനോ ഇനിയുമാളുകൾ കുഴിയിൽ വീഴുന്നത് തടയാനോ ഗൾഫ് മലയാളികളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാനോ കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. അതില്ലാത്തിടത്തോളം ഇത്തരം ദുരിതകഥകളും ആത്മഹത്യകളും ഗൾഫിൽ തുടർന്നും സംഭവിച്ചുകൊണ്ടിരിക്കും. ഗൾഫ് പ്രവാസത്തിെൻറ ഈ കാണാക്കഥകളിലേക്ക് ‘ഗൾഫ് മാധ്യമം’ ദുബൈ ന്യൂസ് ബ്യൂറോ ചീഫ് എം. ഫിറോസ്ഖാൻ നടത്തുന്ന അന്വേഷണം...
ദുബൈ ദേരയിലെ തിരക്കേറിയ തെരുവ്. പ്രമുഖ ഹോട്ടലിന് പിൻവശത്തെ കെട്ടിടത്തിലെ നാലാംനിലയിലെ ഫ്ലാറ്റിൽ തിരക്കോടുതിരക്കാണ്. നാട്ടിലെ ബിവറേജസ് ഔട്ട്ലെറ്റിനെ ഓർമിപ്പിക്കുന്ന ക്യൂ. കൊള്ളപ്പലിശക്ക് പണം വാങ്ങാനും വാങ്ങിയത് തിരിച്ചടക്കാനുമുള്ള വരിയിൽ കൂടുതലും മലയാളികൾ. സാധാരണക്കാർ മുതൽ ബിസിനസുകാർ വരെയുണ്ട്. ത്രീ പീസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഹുണ്ടിക പണമടവാണ് ഇവരുടെ രീതി. കേരളത്തിലെ തെക്കൻ ജില്ലക്കാരനായ ഒരാളാണ് നേതൃത്വം നൽകുന്നത്. ലക്ഷക്കണക്കിന് ദിർഹത്തിെൻറ പണമിടപാടാണ് ദിവസവും നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പാവം പ്രവാസികളെ സഹായിക്കാൻ സദാ സന്നദ്ധരായവരെന്ന ഭാവത്തിലാണ് നടത്തിപ്പുകാരുടെ പെരുമാറ്റം. പക്ഷേ, പലിശ ഒരു ദിവസം വൈകിയാൽ തനിനിറം പുറത്താകും. അതുകൊണ്ട് കാശ് വാങ്ങിപ്പോകുന്നവർ അതേ ശുഷ്കാന്തിയിൽ വരിനിന്ന് വാങ്ങിയത് തിരിച്ചടക്കുന്നു. അല്ലാത്തവർ കൂടുതൽ കടക്കെണിയിൽപെട്ട് പുറത്തിറങ്ങാനാകാതെയും നാട്ടിൽപോകാതെയും നരകജീവിതം നയിക്കുന്നു. ആത്മഹത്യയിൽ അഭയം തേടുന്നവരും കുറവല്ല.
പെട്ടെന്ന് നാട്ടിൽ പണമയക്കേണ്ട സാഹചര്യംവന്നാൽ എളുപ്പം ആശ്രയിക്കാവുന്നവർ തന്നെയാണിവർ. തിരിച്ചറിയൽ രേഖയുടെ പകർപ്പും നാട്ടിലെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നൽകിയാൽ വേണ്ട പണം അവിടെ എത്തും. അത് മൂന്നു തവണയായി മൂന്നു മാസംകൊണ്ട് തിരിച്ചടക്കുമ്പോൾ നൽകേണ്ടിവരുന്നത് നൂറിലേറെ ശതമാനം പലിശയാണെന്ന് മാത്രം. ഇടപാട് നിയമവിരുദ്ധമായതിനാൽ ആർക്കും നേരിട്ടുചെന്ന് ചോദിച്ചാൽ ലഭിക്കില്ല. മുൻപരിചയമുള്ളവർവഴി പോകണം. ചിലരിൽനിന്ന് പാസ്പോർട്ട് ഈടായിവാങ്ങും. തിരിച്ചടവ് കൃത്യമാണെങ്കിൽ എത്രതുകയും തരാൻ തയാർ. വിശ്വാസം നേടിയെടുത്താൽ ഫോണിൽ വിളിച്ചുപറഞ്ഞാലും പണം അയക്കും. എന്നാൽ, പണം വാങ്ങി നാട്ടിലേക്ക് മുങ്ങിയാൽ ഏതുവിധവും തിരിച്ചുപിടിക്കാൻ പോന്ന ഗുണ്ടാസംഘം കേരളത്തിലുമുണ്ട്.
മലയാളികൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം സാധാരണ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ദുബൈയിലെ സോണപ്പൂർ ലേബർ ക്യാമ്പിൽ ‘ബ്ലേഡുകാരുടെ പ്രത്യേക ഏജൻറുമാർ തന്നെയുണ്ട്. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഈ പാവങ്ങൾക്ക് പണത്തിന് ആവശ്യമുണ്ടായാൽ ഇവർ ഓടിയെത്തും. നിർബന്ധസാഹചര്യത്തിൽ കൊള്ളപ്പലിശയിൽ പണം വാങ്ങുന്ന തൊഴിലാളികളിൽ പലരും ഒന്നടച്ചുതീർക്കാൻ മറ്റൊന്ന് എന്നരീതിയിൽ വീണ്ടും വീണ്ടും തലവെച്ചുകൊടുക്കുന്ന അനുഭവങ്ങൾ നിരവധിയാണ്.
കൈനനയാതെ മീൻപിടിക്കുന്ന ഈ ‘ബിസിനസ്’ ചെയ്യുന്നത് വമ്പൻ പലിശക്കാർ മാത്രമല്ല. ഫ്ലാറ്റ് സമുച്ചയത്തിനകത്തെ മറ്റു താമസക്കാർക്കും സഹപ്രവർത്തകർക്കും ചെറിയരീതിയിൽ ത്രീപീസ് നൽകുന്ന ‘അമേച്വറു’കളുമുണ്ട്.തെക്കൻജില്ലക്കാരൻ തന്നെയായ ദുബൈയിലെ മറ്റൊരു ബ്ലേഡ് ബിസിനസുകാരെൻറ പ്രവർത്തനരീതി വ്യത്യസ്തമാണ്. ആളെ ബോധ്യപ്പെട്ടാൽ കാറിൽ നേരിട്ടുവന്ന് പണം കൈമാറും. ഓഫിസിൽ വരിനിൽക്കേണ്ട. അടവുതെറ്റിയാലും ഇങ്ങനെതന്നെ. നേരിട്ടെത്തും. കൂടെ ആളുകളുമുണ്ടാകും. പേരിന് ചെറിയജോലി മാത്രമുള്ള ഇദ്ദേഹത്തിെൻറ സഞ്ചാരം ദശലക്ഷങ്ങൾ വിലമതിക്കുന്ന ആർഭാട കാറിലാണ്. കാരുണ്യം, അനുകമ്പ, ദയ തുടങ്ങിയവയൊന്നും ഇവരുടെ നിഘണ്ടുവിലില്ല.
30 വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന തൃശൂർക്കാരൻ കാദർ ഒരു വർഷത്തിലേറെയായി മുറിയിൽനിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. പാസ്പോർട്ടും ലൈസൻസും ഉൾപ്പെടെയുള്ള രേഖകൾ പലരുടെയും പക്കലാണ്. ചെറിയൊരു കടത്തിൽനിന്ന് തുടങ്ങി അവ തന്നെ വിഴുങ്ങുകയായിരുന്നെന്ന് കാദർ പറയുന്നു. വായ്പയെടുത്ത് നാട്ടിൽ വീടുവെച്ചതാണ് തുടക്കം. അതിനിടയിൽ ഗൾഫിൽ നടത്തിയ ബിസിനസ് പൊട്ടി. സ്പോൺസറായ അറബിക്ക് വലിയ തുക കടമായി. പാസ്പോർട്ട് അദ്ദേഹത്തിെൻറ പക്കലാണ്. താൻ കൊടുത്ത ചെക് അറബി ബാങ്കിൽ ഹാജരാക്കിയാൽ ജയിലിൽ പോകേണ്ടിവരും.
പിന്നെ ജീവിക്കാനായി കാദർ ഹുണ്ടിക അടവിനെ ആശ്രയിച്ചതോടെയാണ് ശരിക്കും കടക്കെണിയിലായത്. പലതവണ പണം അയക്കേണ്ടിവന്നതോടെ കടം വരിഞ്ഞുമുറുക്കി. നാട്ടിൽ വീടും പറമ്പുംവരെ വിറ്റു. ഇതിനിടയിൽ റെൻറ് എ കാർ എടുത്ത് ടാക്സിയായി ഓടിച്ചതിന് പിടിക്കപ്പെട്ടു. പിഴയടക്കാൻ ഇല്ലാത്തതിനാൽ ലൈസൻസ് അധികാരികളുടെ കൈയിലായി. അതോടെ ഒരു പണിക്കും പോകാൻ പറ്റാതായി.ആറു മാസം കൂടുമ്പോൾ നാട്ടിൽ പോയിരുന്ന കാദർ മൂന്നുവർഷത്തിലേറെയായി വിമാനം കയറിയിട്ട്. പക്ഷേ, മക്കളിലൂടെ പ്രതീക്ഷയുടെ തീരത്തേക്ക് നടക്കാനുള്ള ശ്രമത്തിലാണിപ്പോൾ. രണ്ട് ആൺകുട്ടികളെയും ഗൾഫിലെത്തിച്ചു. മകൾ നാട്ടിൽ മെഡിസിന് പഠിക്കുന്നു. ബന്ധുക്കളാണ് മകളുടെ പഠനച്ചെലവ് വഹിക്കുന്നത്. കാദറിനെപോലെ നൂറുകണക്കിനാളുകളുണ്ടിവിടെ. ബാങ്ക് വായ്പയെടുത്ത് അടക്കാനാകാതെവരുമ്പോൾ കേസ് വരുന്നത് പേടിച്ചാണ് പലരും ബ്ലേഡുകളിലേക്ക് മാറുന്നത്.
ത്രീ പീസ് അഥവാ ഹുണ്ടിക അടവ്
പ്രവാസികൾ വ്യാപകമായി ആശ്രയിക്കുന്ന ബ്ലേഡ് പലിശ സമ്പ്രദായമാണ് ത്രീ പീസ്, ഹുണ്ടിക അടവ് എന്നീ പേരിലറിയപ്പെടുന്നത്. നിങ്ങൾക്ക് ലക്ഷം രൂപ നാട്ടിലേക്കയക്കണമെന്ന് കരുതുക. അന്നത്തെ വിനിമയനിരക്കനുസരിച്ച് അതിന് 6000 ദിർഹം വേണമെന്നും കരുതുക. ഇതിനോട് 600 മുതൽ 1000 ദിർഹംവരെയാണ് പലിശയായി ഈടാക്കുക. അതായത്, 6000 ത്തിന് പകരം നിങ്ങൾ നൽകേണ്ടത് 6900 ദിർഹമായിരിക്കും. ഇതിനെ മൂന്നായി ഭാഗിക്കും. അതനുസരിച്ച് ആദ്യ ഗഡു 2300 ദിർഹം ഉടനെ അടക്കണം. പിന്നാലെ ഒരു ലക്ഷം താങ്കൾ കൊടുത്ത നാട്ടിലെ അക്കൗണ്ടിലെത്തും. പണം നേരിൽ വേണ്ടവർക്ക് അപ്പോൾതന്നെ കിട്ടും.
പിന്നെ മാസം 2300 ദിർഹം വീതം രണ്ടുതവണ അടച്ചാൽ ഇടപാട് തീർന്നു. പക്ഷേ, ഇവിടെ വെറും 3700 ദിർഹമാണ് പലിശക്കാരൻ നിങ്ങൾക്ക് തന്നത്. ഒരു ലക്ഷം രൂപക്ക് വേണ്ട 6000 ദിർഹത്തിലേക്ക് 2300 നേരത്തെ കൊടുത്തുകഴിഞ്ഞല്ലോ. അപ്പോൾ 3700 ദിർഹം സഹായത്തിന് ഈടാക്കിയ പലിശ 900 ദിർഹം. അതും ഒരുമാസത്തേക്ക്. രണ്ടാം മാസം 2300 കൂടി അടക്കുന്നതിനാൽ 1400 ദിർഹമേ കടം വരുന്നുള്ളൂ. ശതമാനം വാർഷികക്കണക്കിൽ കൂട്ടിയാൽ 100 കടക്കും. ഇതിന് പുറമേ ആദ്യത്തിൽ വിനിമയനിരക്ക് കൂട്ടുമ്പോഴും തട്ടിപ്പ് നടത്തും. അടവ് മുടങ്ങിയാലാകട്ടെ പിഴപ്പലിശ കുത്തനെ കയറും.
മാത്രമല്ല, ഗുണ്ടകൾ മുറിയിലെത്തും. പിന്നെ ചീത്തവിളിയും ഭീഷണിയും. ആത്മാഭിമാനത്തിെൻറ ചെറിയൊരംശം ബാക്കിയുള്ളവർ എങ്ങനെയെങ്കിലും പണമടക്കാൻ പരക്കംപായും. അപ്പോൾ ചാടുന്ന കെണി ആദ്യത്തേതിലും ആഴത്തിലുള്ളതായിരിക്കും. നാട്ടിലേക്ക് പണമയക്കാൻ നിൽക്കുന്ന സുഹൃത്തുക്കളോടോ ബന്ധുക്കളോടൊ ദിർഹം വാങ്ങി അവരുടെ അക്കൗണ്ട് നമ്പർ നൽകി അടുത്ത ത്രീപീസിൽ പണമയപ്പിക്കും. സഹായിച്ച സുഹൃത്തിന് നഷ്ടമൊന്നുമില്ല. നൽകിയ ദിർഹത്തിന് കണക്കായ രൂപ നാട്ടിലെത്തും. പലിശക്കെണിയിലകപ്പെട്ടവർക്കും താൽക്കാലിക ആശ്വാസം. സുഹൃത്തിൽനിന്ന് വാങ്ങിയ തുകയുടെ മൂന്നിൽരണ്ട് കൈവശമുണ്ട്. അതുപയോഗിച്ച് ആദ്യമെടുത്ത കടത്തിെൻറ രണ്ടാം ഗഡു അടക്കും. പക്ഷേ, അടുത്തമാസം രണ്ടു വായ്പയുടെ ഗഡു അടക്കേണ്ടിവരുമ്പോഴാണ് തലചുറ്റുക. അപ്പോൾ മറ്റൊരു സുഹൃത്തിനെ ആശ്രയിച്ച് അടുത്ത ത്രീപീസ് എടുക്കും. ഇങ്ങനെ ഒരുലക്ഷം രൂപ അയച്ചതിെൻറ അടവ് തീർക്കാൻ 10 ലക്ഷം രൂപവരെ കടംവാങ്ങിയവർ ദുബൈയിലുണ്ട്. ഒരിക്കൽ ഈ ചുഴിയിൽ വീണാൽ ചുറ്റിക്കറങ്ങുകയല്ലാതെ കര കയറാനാവില്ലെന്ന് അനുഭവസ്ഥർ പറയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.