റേഷൻ കാർഡ് തിരുത്തൽ വേഗത്തിലാക്കാൻ ഡയറക്ടറുടെ തലതിരിഞ്ഞ നിർദേശം
text_fieldsതൃശൂർ: തെറ്റ് തിരുത്തലിൽ കുടുങ്ങിയ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയ വേഗത്തിലാക്കാൻ തലതിരിഞ്ഞ നിർദേശവുമായി സിവിൽ സപ്ലൈസ് ഡയറക്ടർ. ജനന തീയതി, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയിലെ തെറ്റുകൾ തിരുത്തേണ്ടെന്നാണ് ഡയറക്ടർ വി.കെ. ബാലകൃഷ്ണെൻറ നിർദേശം. 50 ശതമാനത്തിലധികം തിരുത്തൽ പൂർത്തിയായിരിക്കെ ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പുതിയ നിർദേശം നൽകിയത്.
തിരുത്തേണ്ട 82,60,619 കാർഡുകളിൽ 80 ശതമാനത്തിലധികം തെറ്റും ജനന തീയതിയും തിരിച്ചറിയൽ കാർഡ് നമ്പറുമായി ബന്ധപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.
ഡയറക്ടറുടെ രേഖാമൂലമല്ലാത്ത നിർദേശം പാലിക്കേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാർ. ജനിച്ച മാസവും തീയതിയും അറിയാത്തവർ അപേക്ഷയിൽ വർഷം മാത്രം എഴുതിയാൽ മതിയെന്ന് വകുപ്പുമന്ത്രി അനൂപ് ജേക്കബ് പുതുക്കൽ പ്രക്രിയയുടെ ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, നല്ലൊരു ശതമാനം പേരും വർഷം മാത്രമാണ് രേഖപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡ് നമ്പർ കൃത്യമായി എഴുതണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും പന്നീട് മുഴുവൻ പേരുടെയും നമ്പർ ആവശ്യമില്ലെന്നും ഉടമയുടേത് മാത്രം മതിയെന്നും അറിയിപ്പുണ്ടായി.
കേന്ദ്ര സർക്കാറിെൻറ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽപെടുത്തി കാർഡ് പുതുക്കുന്നതിെൻറ ഭാഗമായി നാഷനൽ ഇൻഫോർമാറ്റിക്സ് സെൻററിെൻറ (എൻ.ഐ.സി) സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്വെയറിൽ അപേക്ഷയിലെ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാതെ അടുത്ത കോളത്തിലേക്ക് കടക്കാനാവില്ല. അതിനാൽ, ജനിച്ച വർഷം മാത്രം എഴുതിയവരുടെ മാസവും തീയതിയും എഴുതാൻ നിർബന്ധിതരായി. ഇത്തരം അപേക്ഷകളിൽ ജീവനക്കാർ വർഷത്തിനൊപ്പം ജനുവരി ഒന്ന് എന്ന് ചേർക്കുകയാണ് ചെയ്തത്. ഓൺലൈനിലും റേഷൻകടകളിൽ നിന്ന് ലഭിച്ച പകർപ്പുകളിലും അപേക്ഷകർ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഈ വിവരങ്ങൾ തിരുത്തുന്നത് മറ്റൊരു തലവേദനയായത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രാവിലെ ഏഴു മുതൽ വൈകീട്ട് എട്ടുവരെ ഓഫിസുകളിൽ തിരുത്തൽ പ്രക്രിയ നടന്നിട്ടും എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിച്ച മാസവും തീയതിയും നോക്കേണ്ടെന്ന ഡയറക്ടറുടെ നിർദേശം.റേഷൻ കാർഡ് പല കാര്യങ്ങൾക്കും ആധികാരിക രേഖയാണെന്നതിനാൽ ജനന തീയതിയും തിരിച്ചറിയൽ കാർഡ് നമ്പറും തെറ്റായി അച്ചടിച്ചുവരുന്നത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.