വിസ്മൃതിയുടെ തീരത്ത് നാടൻ വള്ളങ്ങൾ
text_fieldsകോഴിക്കോട്: വിദഗ്ധ നിർമാണത്തൊഴിലാളികളെ കിട്ടാത്തതും മരങ്ങളുടെ ലഭ്യതക്കുറവുംമൂലം നാടൻവള്ളങ്ങൾ മറയുന്നു. ഇതോടെ ചൈനീസ് നിർമിത സ്റ്റീൽ ബോട്ടുകൾ വ്യാപകമാവുകയാണ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 21781 ബോട്ടുകളിൽ 27 ശതമാനം മാത്രമാണ് നാടൻ വള്ളങ്ങൾ. 51ശതമാനം വിദേശ നിർമിത മോട്ടോർ ഘടിപ്പിച്ചവയാണ്. 22 ശതമാനം പൂർണമായി വിദേശനിർമിത യന്ത്രബോട്ടുകളും. കോഴിക്കോട് ജില്ലയിൽ പുതിയാപ്പ, ബേപ്പൂർ, ചാലിയം മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ബോട്ടുകളിൽ ഏറെയും വിദേശനിർമിതമാണ്.
അറ്റകുറ്റപ്പണിക്ക് നിർത്തുന്ന നാടൻ വള്ളങ്ങളിൽ ഏറെയും പിന്നീട് കടലിൽ ഇറക്കുന്നില്ല. നിർമാണത്തിനാവശ്യമായ ആഞ്ഞിലി മരം കിട്ടാത്തതാണിതിനുകാരണം. ക്യുബീക്കിന് 1500 രൂപയോളമാണ് ഇപ്പോൾ ആഞ്ഞിലിയുടെ വില. ആശാരിമാർക്കും നല്ല കൂലിയാവും. എത്രകാലം വെള്ളത്തിൽ കിടന്നാലും കേടുവരില്ല എന്നതാണ് ആഞ്ഞിലി മരത്തിെൻറ പ്രത്യേകത. പാണ്ടി, പെൻറർ, അണിയം, അമരം, ഡക്ക് എന്നിവയെല്ലാം നിർമിക്കാൻ വിദഗ്ധ തൊഴിലാളികൾ വേണം. തീയിൽ ചൂടാക്കിയാണ് ആവശ്യമായ രീതിയിൽ ഇവ വളച്ചെടുക്കുന്നത്. ആറുമാസം മുതൽ ഒരുവർഷം വരെ പണിതീരാനെടുക്കും. 32 അടി നീളമുള്ള ഒരു നാടൻവള്ളം പണിതീരുമ്പോഴേക്ക് 60 ലക്ഷത്തോളം രൂപയാവും. തുരുമ്പുപിടിക്കാതിരിക്കാൻ ചെമ്പാണിയാണ് ഉപയോഗിക്കുന്നത്. ഇതിന് കിലോക്ക് 650 രൂപയാണ് വില. എന്നാൽ, ചൈനീസ് നിർമിത വള്ളങ്ങൾക്ക് ഒരുകോടിയോളം രൂപയാവുമെങ്കിലും അറ്റകുറ്റപ്പണി എളുപ്പമാണ് എന്നതാണ് പ്രത്യേകത. മുനമ്പത്ത്നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് ഇപ്പോഴും വള്ളനിർമാണത്തിൽ ഏർപ്പെടുന്നത്. എന്നാൽ, ജോലിക്കുറവും അധ്വാനക്കൂടുതലും കാരണം പുതിയ ആളുകൾ വരുന്നില്ലെന്ന് 30 വർഷമായി ഈ രംഗത്തുള്ള ആൻറപ്പൻ പറയുന്നു.
തെൻറ മക്കളാരും ഈ പണി ചെയ്യുന്നില്ല. ആദ്യനാളുകളിൽ മുനമ്പത്തുനിന്ന് വള്ളം നിർമിച്ച് പല നാടുകളിലേക്കും കൊണ്ടുപോവുകയാണ് ചെയ്യാറുണ്ടായിരുന്നത്. പിന്നീട് മത്സ്യബന്ധന കേന്ദ്രങ്ങളിൽതന്നെ ടെൻറ് കെട്ടി നിർമാണമായി. പുതിയാപ്പയിൽ ഇങ്ങനെ ടെൻറ് കെട്ടി നൂറോളം ആശാരിമാർ ജോലി ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ടെൻറ് പോലും ഇല്ല. അത്യാവശ്യം വരുമ്പോൾ മുനമ്പത്തുനിന്ന് ആശാരിമാരെ വരുത്തുകയാണ് ചെയ്യുന്നത്. ഇപ്പോൾ കരക്കുകയറ്റി അറ്റകുറ്റപ്പണി നടത്താതെ ജീർണിച്ച് നശിക്കുന്ന മുപ്പതോളം ബോട്ടുകളുണ്ട് പുതിയാപ്പ ഹാർബറിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.