ശിവഗിരി തീർഥാടനം 30 മുതൽ; സോണിയഗാന്ധി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: 38ാമത് ശിവഗിരി തീർഥാടനം ഈമാസം 30 മുതൽ ജനുവരി ഒന്നുവരെ നടക്കും. വിദ്യാഭ്യാസം, ശുചിത്വം, കൃഷി, കച്ചവടം, സംഘടന, ഈശ്വരഭക്തി തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി 10 സമ്മേളനങ്ങളാണ് തീർഥാടനത്തിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. 30ന് രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം പ്രസിഡൻറ് പ്രകാശാനന്ദ പതാക ഉയർത്തുന്നതോടെ തീർഥാടന പരിപാടികൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തീർഥാടനത്തിെൻറ ഉദ്ഘാടനം 30ന് രാവിലെ 9.30ന് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിർവഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, മന്ത്രി കെ. ബാബു, പ്രമുഖ വ്യവസായികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 31ന് രാവിലെ തീർഥാടന ഘോഷയാത്ര നടത്തും. തുടർന്ന് തീർഥാടന മഹാസമ്മേളനം ഉപരാഷ്ട്രപതി ഡോ.ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്യും. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ ഡോ.പി.ജെ. കുര്യൻ, ഗോവാ മന്ത്രി രാമകൃഷ്ണ എം. ദൗളികർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
ജനുവരി ഒന്നിന് രാവിലെ ഒമ്പതിന് ലഹരിവിരുദ്ധ സമ്മേളനത്തിെൻറ ഉദ്ഘാടനം അണ്ണാ ഹസാരെ നിർവഹിക്കും. സ്പീക്കർ എൻ. ശക്തൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് ഒന്നിന് സാഹിത്യസമ്മേളനം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അധ്യക്ഷത വഹിക്കും. തീർഥാടനത്തോടനുബന്ധിച്ച പദയാത്ര ഈമാസം 16ന് കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. ഈമാസം 30 മുതൽ ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ദിലീപ് നിർവഹിക്കും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി ഋതംബരാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി ഗുരുപ്രസാദ്, ജോയൻറ് സെക്രട്ടറിമാരായ വിശാലാനന്ദ, ശങ്കരാനന്ദ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.