മാധ്യമങ്ങളെയും പൊലീസിനെയും പഴിച്ച് സോളാര്‍ കമീഷന്‍
text_fieldsകൊച്ചി: മാധ്യമങ്ങളുടെയും പൊലീസിന്‍െറയും ഇടപെടല്‍ മൂലം സത്യം കണ്ടുപിടിക്കാനുള്ള ശ്രമം പാളിയെന്ന് സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. ഇക്കാര്യത്തില്‍ താനാണോ തെറ്റുകാരനെന്നും അദ്ദേഹം ചോദിച്ചു. ബിജു രാധാകൃഷ്ണനെ തെളിവ് ശേഖരിക്കാനായി കോയമ്പത്തൂരില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് അതൊരു ആഘോഷമാക്കി. ഇത് ജനങ്ങള്‍ക്കിടയില്‍ മോശമായ പ്രതികരണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വളരെ രഹസ്യമായി തെളിവുകള്‍ ശേഖരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. നടപടി ലോകമറിയരുതെന്ന ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുന്നോടിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ബിജുവിനെ 10ന് രാവിലെ ഒമ്പതിനുതന്നെ കമീഷന്‍ ഓഫിസില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിജുവിനെ 10.45നാണ് എത്തിച്ചത്. ഇത് രഹസ്യമായി തെളിവ് ശേഖരിക്കാനുള്ള ശ്രമം ആദ്യം തന്നെ പരാജയപ്പെടുത്തി. തുടര്‍ന്ന് കക്ഷികളുടെ അഭിഭാഷകരടക്കമുള്ളവരുടെ അഭിപ്രായം മാനിച്ചാണ് തെളിവ് ശേഖരിക്കാന്‍ ബിജു രാധാകൃഷ്ണനെ കമീഷന്‍ അഭിഭാഷകനുള്‍പ്പെട്ട സംഘത്തിനൊപ്പം അയക്കാന്‍ തീരുമാനിച്ചത്. സംഘം യാത്രതിരിച്ചപ്പോള്‍ മുതല്‍ ചാനലുകള്‍ പിറകെകൂടി. അപ്പപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതും പോകുന്ന സ്ഥലങ്ങളെക്കുറിച്ച് തത്സമയം വിവരങ്ങള്‍ പുറത്താക്കിയതുമെല്ലാം തിരിച്ചടിയായി.
പാലക്കാട്ടുനിന്ന് ഡിവൈ.എസ്.പി സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലെ പൊലീസ്, സംഘത്തെ പിന്തുടര്‍ന്നത് കൂടുതല്‍ ആകാംക്ഷ സൃഷ്ടിച്ചു. മറ്റ് കേസുകളില്‍ കോടതികളിലേക്ക് സുരക്ഷയില്ലാതെ ട്രെയിനുകളിലും ബസുകളിലുമൊക്കെ കൊണ്ടുപോകുന്ന ബിജു രാധാകൃഷ്ണന് പൊലീസ് എന്തിനുവേണ്ടിയാണ് ഇത്രയും വലിയ സുരക്ഷയുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് മനസ്സിലാകുന്നില്ല.
കമീഷന്‍ സംഘം കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ തമിഴ്നാട് പൊലീസും അവിടത്തെ ചാനലുകാരും തെളിവുകള്‍ ഉണ്ടെന്നുപറഞ്ഞിരുന്ന വീടിന്‍െറ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. കമീഷന്‍ സംഘം എത്തുന്നതിനുമുമ്പ് ഇവര്‍ എങ്ങനെയാണ് കൃത്യമായി ഇവിടെ വന്നതെന്നും അദ്ദേഹം ചോദിച്ചു.
സീഡി കണ്ടത്തൊത്തതില്‍ ദുരൂഹത –കോടിയേരി
കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ സീഡി കണ്ടത്തൊത്തതില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടിയും ബാര്‍ അഴിമതിയില്‍ കുരുങ്ങിയ മന്ത്രി ബാബുവും രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
സീഡി പുറത്തുവന്നാല്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് ചിലര്‍ ഭയക്കുന്നുണ്ട്. പത്തനംതിട്ട ജയിലില്‍നിന്ന് സരിത എഴുതിയ 23 പേജുള്ള കത്തും കണ്ടത്തെണം. ഇതു കൂടി പിടിച്ചെടുത്താല്‍ എല്ലാ ദുരൂഹതയും തീരും. പെന്‍ഡ്രൈവ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയുടെ കൈവശമുണ്ടായിരുന്നു. അദ്ദേഹത്തെ നാലര വര്‍ഷം ഒരുസ്ഥലത്തുതന്നെ ഇരുത്തിയത് പ്രത്യുപകാരമാണ്. സോളാര്‍ രഹസ്യം അറിയുന്നവരെ പിണക്കാതിരിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയാണ്. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഉയരാത്ത ആരോപണമാണ് ഉമ്മന്‍ ചാണ്ടിക്കുനേരെ ഉണ്ടായത്. അദ്ദേഹം സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. എന്നാലെ സ്വതന്ത്രമായി സോളാര്‍ കമീഷന് പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍, രാജിവെച്ചാല്‍ തന്‍െറ സ്ഥാനം പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് രാജിവെക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് ജാള്യം മറയ്ക്കാന്‍ –സുധീരന്‍
തിരുവനന്തപുരം: സീഡി പ്രശ്നം ഉയര്‍ത്തി നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രിയെ തേജോവധം ചെയ്യുന്ന പ്രതിപക്ഷത്തിന്‍െറ ശ്രമം പാളിയതിന്‍െറ ജാള്യത മറയ്ക്കാനാണ് ഇപ്പോഴും അവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. അരനൂറ്റാണ്ടായി പൊതുപ്രവര്‍ത്തനം നടത്തുന്ന ഉമ്മന്‍ ചാണ്ടിയെ വ്യക്തിഹത്യനടത്താനുള്ള പ്രതിപക്ഷത്തിന്‍െറ ഗൂഢശ്രമമായിരുന്നു സീഡി വിവാദം. സീഡി ഹാജരാക്കാത്ത സാഹചര്യം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയെ ക്രൂരമായി വ്യക്തിഹത്യനടത്താന്‍ ഒരു കുറ്റവാളിയെ പ്രതിപക്ഷം ഉപയോഗിക്കുകയായിരുന്നെന്നാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരായ നിഷേധാത്മക നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.