ശിവഗിരി സന്യാസിമാര്‍ക്ക് പ്രധാനമന്ത്രിയേക്കാൾ വലിയവരെന്ന അഹങ്കാരം- വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: ശിവഗിരി മഠം സന്യാസിമാര്‍ക്കെതിരെ ആരോപണവുമായി എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഠത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചില്ലെന്ന പ്രസ്താവന അനവസരത്തിലായിരുന്നു. പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന് അഹങ്കാരമാണ് സന്യാസിമാർക്കെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സന്യാസിമാരില്‍ ചിലര്‍ സൂപ്പര്‍ താരങ്ങളാകാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ മോദിയെ കുറ്റം പറയുന്നവര്‍ പലപ്പോഴും അദ്ദേഹത്തിന്‍റെ ഔദാര്യം പറ്റിയവരാണ്. ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ ജന്മത്തില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. തനിക്ക് യാതൊരുവിധ പാര്‍ലമെന്‍ററി മോഹവുമില്ല. കോഴിക്കോട് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയപ്പോള്‍ മരണമടഞ്ഞ നൗഷാദിനെക്കുറിച്ചുളള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു. ആ പ്രസ്താവന ഗുണം ചെയ്തതായും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗത്തിന്‍റെ രാഷ്ട്രീയ പാർട്ടിയായ ബി.ഡി.ജെ.എസിന് തെരഞ്ഞെടുപ്പ് ചിഹ്നമായി കൂപ്പുകൈ തന്നെ വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൂപ്പുകൈക്ക് മറ്റു പാർട്ടികളുടെ ചിഹ്നങ്ങളുമായി സാമ്യമുണ്ടെന്ന വാദം ശരിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളായ സി.പി.ഐക്കും സി.പി.എമ്മിനും സാമ്യമുള്ള ചിഹ്നങ്ങളാണ് ഉള്ളത്. അരിവാൾ ചുറ്റിക നെൽക്കതിരും അരിവാൾ ചുറ്റിക നക്ഷത്രവും തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ചിഹ്നങ്ങളാണ്. അതിനാൽ പാർട്ടിക്ക് 'കൂപ്പുകൈ' ചിഹ്നം വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ, ഈ ഘട്ടത്തിൽ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചു. ബി.ഡി.ജെ.എസിന്‍റെ റജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ പ്രസക്തമാകുക. എന്നാൽ വെള്ളാപ്പള്ളിയുടെ കൂടി ഭാഗംകേട്ടതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും കമീഷൻ വൃത്തങ്ങൾ അറിയിച്ചു. മൊത്തം നിയമസഭാ സീറ്റുകളില്‍ അഞ്ചുശതമാനം സീറ്റുകളിലെങ്കിലും മത്സരിച്ചാല്‍ മാത്രമെ പൊതുചിഹ്നം ഇവര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കൂ എന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന്‍റെ ചിഹ്നത്തോട് സാമ്യമുള്ളതിനാൽ ബി.ഡി.ജെ.എസിന് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.