അർഹതയില്ലാത്തവർ കേരള സ്റ്റേറ്റ് ബോർഡ് വെക്കുന്നു
text_fieldsതിരുവനന്തപുരം: വാഹനങ്ങളിൽ അർഹതയില്ലാത്തവർ കേരള സ്റ്റേറ്റ് ബോർഡ് വെക്കുന്നതിരെ കർശന നടപടി എടുക്കാൻ ഗതാഗത കമീഷണർ ടോമിൻ തച്ചങ്കരി നിർദേശം നൽകി. വാഹനങ്ങളിൽ ചട്ടവിരുദ്ധമായി പ്രദർശിപ്പിക്കുന്ന ഇത്തരം ബോർഡുകൾ നീക്കം ചെയ്യാനും പിഴ ഈടാക്കാനുമാണ് നിർദേശം. ചട്ടവിരുദ്ധമായ ബോർഡുകൾ പ്രദർശിപ്പിച്ച വാഹനങ്ങളുടെ ഫോട്ടോ എടുത്തോ വാട്സ്ആപ് വഴിയോ ജനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാമെന്നും കമീഷണർ അറിയിച്ചു.
സംസ്ഥാന മന്ത്രിമാർ, തത്തുല്യപദവിയുള്ളവർ എന്നിവരുടെ വാഹനത്തിെൻറ മുൻവശത്തും പിറകിലുമാണ് ക്രമനമ്പറിനൊപ്പം കേരള സ്റ്റേറ്റ് എന്ന ബോർഡ് പ്രദർശിപ്പിക്കാൻ അനുമതി. ചുവന്ന നിറമുള്ള ബോർഡിൽ വെള്ള അക്ഷരത്തിലാണ് എഴുതേണ്ടത്. കേന്ദ്ര–സംസ്ഥാന സർക്കാറുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, നിയമ കമീഷനുകൾ, ബോർഡുകൾ, കോർപറേഷൻ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ എന്നിവക്ക് ബന്ധപ്പെട്ടവയുടെ പേര് പ്രദർശിപ്പിക്കാം.
എന്നാൽ അവയിൽ കേരള സ്റ്റേറ്റ് എന്ന ബോർഡ് വെക്കാൻ പാടില്ല. ഇവയുടെ തലവെൻറ വാഹനത്തിൽ ഔദ്യോഗികപദവി സൂചിപ്പിക്കുന്ന ബോർഡുമാകാം. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, ദേശസാത്കൃത ബാങ്കുകൾ, ഹൈകോടതി ബോർഡ് പ്രദർശിപ്പിക്കാൻ അനുമതി നൽകിയ സ്ഥാപനങ്ങൾ എന്നിവക്ക് മുൻവശത്തും പിറകുവശത്തും സ്ഥാപനത്തിെൻറ പേര് സൂചിപ്പിക്കുന്ന ബോർഡ് വെക്കാം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽ എ സ്റ്റേറ്റ് ഗവൺമെൻറ് അണ്ടർടേക്കിങ്/എ സെൻട്രൽ ഗവൺമെൻറ് അണ്ടർ ടേക്കിങ് എന്ന ബോർഡ് കൂടി പ്രദർശിപ്പിക്കണം.
ഇവയിലും കേരള സ്റ്റേറ്റ് എന്ന ബോർഡ് പാടില്ല. ഗവർണർ ഓഫ് കേരള എന്നാണ് ഗവർണർ ഉപയോഗിക്കുന്ന വാഹനത്തിെൻറ മുൻവശത്തും പിറകുവശത്തും എഴുതേണ്ടത്. എം.പിമാരും എം.എൽ.എമാരും കലക്ടർമാരും ഉപയോഗിക്കുന്ന വാഹനങ്ങളിലും പദവി എഴുതാം. യൂനിവേഴ്സിറ്റികളുടെ ഉടമസ്ഥതയിലെ വാഹനങ്ങളിൽ മുന്നിലും പിന്നിലും യൂനിവേഴ്സിറ്റിയുടെ പേര് സൂചിപ്പിക്കാം. വൈസ് ചാൻസലറുടെ വാഹനത്തിൽ പദവി സൂചിപ്പിക്കുന്ന ബോർഡ് ആകാം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും അതത് വാഹനങ്ങൾക്ക് അനുവദിച്ചുനൽകിയ രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.