സോളാർ തെളിവെടുപ്പ്: തമിഴ്നാട് പൊലീസിൽ അസംതൃപ്തി
text_fieldsകോയമ്പത്തൂർ: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരായ സീഡി തേടി ബിജു രാധാകൃഷ്ണനുമായി സോളാർ കമീഷൻ അംഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനെച്ചൊല്ലി തമിഴ്നാട് പൊലീസിന് അസംതൃപ്തി. ബിജു രാധാകൃഷ്ണൻ ജസ്റ്റിസ് ജി. ശിവരാജൻ മുൻപാകെ സീഡി ഉൾപ്പെടെയുള്ള തെളിവുകൾ സൂക്ഷിച്ച കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അറിയിച്ച സാഹചര്യത്തിൽ പൊലീസും മാധ്യമ പടയുമായി ബിജു രാധാകൃഷ്ണനെ കൂട്ടി കോയമ്പത്തൂർ നഗരത്തിൽ രാത്രി സമയത്ത് സംഭ്രമജനകമായ രംഗങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്നായിരുന്നു സിറ്റി പൊലീസിലെ ഉന്നത കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഏതെങ്കിലും പൊലീസ് കോൺസ്റ്റബിളിനെ പറഞ്ഞയച്ചിരുന്നുവെങ്കിൽ പ്രസ്തുത സ്ഥലത്തുനിന്ന് ബിജു രാധാകൃഷ്ണൻ സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന ബാഗ് കണ്ടെടുത്ത് നൽകുമായിരുന്നുവെന്നും ഇവർ പറയുന്നു. ഇതിനു പകരം അഞ്ചോളം കേരള പൊലീസ് ജീപ്പുകളുടെയും ഇരുപതിലധികം മാധ്യമ വാഹനങ്ങളുടെയും അകമ്പടിയോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ശെൽവപുരം പോലുള്ള സ്ഥലത്ത് വന്നിറങ്ങിയത് ആശങ്ക പടർത്തിയിരുന്നു. സ്വർണപ്പണിക്കാരും കൂലിത്തൊഴിലാളികളും ധാരാളമായി അധിവസിക്കുന്ന പ്രദേശമാണ് ശെൽവപുരം. സർക്കാർ ഹൗസിങ് കോളനികളും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്ന മേഖല കൂടിയാണിത്.
വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ കേരള പൊലീസിലെ സ്പെഷൽ ബ്രാഞ്ച് പൊലീസിൽ നിന്ന് ലഭ്യമായ വിവരങ്ങൾ മാത്രമാണ് തമിഴ്നാട് പൊലീസിെൻറ പക്കലുണ്ടായിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ ശെൽവപുരം സ്റ്റേഷൻ പരിധിയിലെ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാവുന്നത് തടയുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം.
സിറ്റി പൊലീസിലെ ഉന്നത പൊലീസുദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച വിവരം കിട്ടിയിരുന്നില്ല. ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേർന്ന് കോയമ്പത്തൂർ മേഖലയിൽ നടത്തിയ സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൂടിയാണ് സോളാർ കമീഷൻ ശേഖരിച്ചത്. കോയമ്പത്തൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതു സംബന്ധിച്ച് കേസ് വിചാരണ നടക്കുന്നുണ്ട്. ബിജുവിെൻറ അറസ്റ്റ് സമയത്ത് തമിഴ്നാട് പൊലീസ് പിടിച്ചെടുക്കേണ്ട രേഖകളാണ് കമീഷൻ കൈപ്പറ്റിയതെന്നും ഇവർ പറയുന്നു.
ശെൽവപുരത്തെ ഷൺമുഖരാജപുരത്തിലെ ബിജു രാധാകൃഷ്ണെൻറ ബന്ധുക്കളായ ചന്ദ്രൻ–ശെൽവി ദമ്പതികൾ കൈമാറിയ സോളാർ രേഖകളും സീലുകളും സിം കാർഡുകളും വിസിറ്റിങ് കാർഡുകളും മറ്റും കോയമ്പത്തൂർ കോടതിയിൽ നടക്കുന്ന കേസിൽ പ്രധാന തെളിവുകളാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവ മറച്ചു വെച്ചതുമായി ബന്ധപ്പെട്ട് ചന്ദ്രൻ–ശെൽവി ദമ്പതികളെ കോയമ്പത്തൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ബിജു രാധാകൃഷ്ണെൻറ പേരിലും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിെൻറ പേരിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാവുമായിരുന്നു. ഇതിനുള്ള സാഹചര്യം കളഞ്ഞു കുളിച്ചതായാണ് തമിഴ്നാട് പൊലീസിെൻറ നിഗമനം. ബിജു രാധാകൃഷ്ണൻ ഏൽപിച്ച സഞ്ചി രണ്ടര വർഷത്തിനിടെ തുറന്നു നോക്കിയില്ലെന്ന ചന്ദ്രൻ–ശെൽവി ദമ്പതികളുടെ ഏറ്റുപറച്ചിലും വിശ്വസനീയമല്ലെന്ന് അഭിപ്രായമുണ്ട്. രണ്ടു വർഷമായി ബിജു രാധാകൃഷ്ണനുമായി ബന്ധമുണ്ടായിരുന്നില്ലെന്ന ശെൽവിയുടെ തുറന്നു പറച്ചിലിലും സംശയമുണ്ട്. കോയമ്പത്തൂർ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ദിവസങ്ങളിൽ ഇവർ ബിജുവിനെ കാണാൻ എത്താറുണ്ടെന്ന് പറയപ്പെടുന്നു.
വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ ചന്ദ്രെൻറ കുടുംബം ആശങ്കയിലാണ്. വെള്ളിയാഴ്ച ഇവർ മാധ്യമ പ്രവർത്തകരെ കാണാൻ താൽപര്യം കാണിച്ചില്ല. സഞ്ചിക്കകത്ത് പെൻഡ്രൈവിെൻറ ക്യാപും ലാപ്ടോപുമായി കണക്റ്റ് ചെയ്യാവുന്ന വയറും ഉണ്ടായിരുന്നത് ദുരൂഹത വർധിപ്പിക്കുന്നു. കോയമ്പത്തൂരിലും സോളാർ തട്ടിപ്പു കേസുള്ളതിനാൽ സിറ്റി പൊലീസുമായി കൂടിയാലോചന നടത്താതെ നെടപടികളുമായി സോളാർ കമീഷൻ മുന്നോട്ടു പോയതാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളിൽ അസംതൃപ്തിക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.