പ്രതിമ അനാച്ഛാദനം: ഉമ്മൻ ചാണ്ടി റാൻ മൂളരുതെന്ന് പിണറായി
text_fieldsതിരുവനന്തപുരം: ആർ. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ കേരളത്തിന്‍റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയും ആണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. അതിന് വിലക്കുകൽപ്പിക്കുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടു നിന്ന് റാൻ മൂളുന്നത് ഭൂഷണമല്ലെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ ബി.ജെ.പി വിധേയത്വവും സങ്കുചിതത്വവുമാണ് ഈ പരിതാപകരമായ അവസ്ഥക്ക് കാരണം. മോദിക്കും വെള്ളാപ്പള്ളി നടേശനും മുന്നിൽ മുട്ടുവിറക്കുന്ന മുഖ്യമന്ത്രി ആണ് ഉമ്മൻ ചാണ്ടി. ഇതിന്റെ അപമാനഭാരം കേരളം പേറാൻ നിർബന്ധിക്കപ്പെടുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു.
വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞു കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ആർ ശങ്കർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് മുഖ്യമന്ത്രി ആയത്. മരിക്കുന്നതു വരെ കോൺഗ്രസുകാരനായിരുന്നു.അദ്ദേഹത്തിന്റെ പ്രതിമാ അനാച്ഛാദനച്ചടങ്ങിൽ കേരളത്തിന്റെ മുഖ്യ മന്ത്രി പങ്കെടുക്കേണ്ടത് തികഞ്ഞ മര്യാദയും സ്വാഭാവികതയും ആണ്. അതിന് വിലക്കുകൽപ്പിക്കുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയറാകാതെ കുമ്പിട്ടു നിന്ന് റാൻ മൂളുന്നത് ഭൂഷണമല്ല.
വിലക്കിയവരും വിലക്ക് തൊണ്ട തൊടാതെ വിഴുങ്ങിയ മുഖ്യമന്ത്രിയും കേരളീയന്റെ ആത്മാഭിമാനത്തെയാണ് അവഹേളിക്കുന്നത്. ഈ വിലക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിഞ്ഞു കൊണ്ടാണോ? ആണെങ്കിലും അല്ലെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസത്തെ ചവിട്ടി മെതിക്കുന്നതാണ്. ഉമ്മൻ ചാണ്ടിയുടെ ബിജെപി വിധേയത്വവും സങ്കുചിതത്വവുമാണ് ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം. മോഡിക്കും വെള്ളാപ്പള്ളി നടേശനും മുന്നിൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി ആണ് ഉമ്മൻ ചാണ്ടി. ഇതിന്റെ അപമാനഭാരം കേരളം പേറാൻ നിർബന്ധിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.