‘വിലക്ക് ’ ദേശീയതലത്തിലേക്ക്
text_fieldsന്യൂഡല്‍ഹി/തിരുവനന്തപുരം: ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം പുകയുന്നു. ചടങ്ങിന് ക്ഷണിച്ചശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തിലുള്ള സംഘാടകര്‍ മുഖ്യമന്ത്രിയെ അപമാനിച്ചതിനെതിരെ സംസ്ഥാനത്തെ ഇടതു-വലതു മുന്നണികളും രംഗത്തത്തെി. നടപടി കേരളത്തെയാകെ അപമാനിക്കുന്നതാണെന്ന അഭിപ്രായം പൊതുസമൂഹത്തിലും ശക്തമാണ്.
കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സി.പി.എം, അപമാനകരമായ നിലപാട് സ്വീകരിച്ചിട്ടും മൗനംപാലിക്കുന്ന മുഖ്യമന്ത്രി ആര്‍.എസ്.എസിനോടുള്ള വിധേയത്വം തുടരുകയാണെന്ന് കുറ്റപ്പെടുത്തി. ചടങ്ങിലേക്ക് ക്ഷണിച്ചിരുന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ഗുരുദാസന്‍ എം.എല്‍.എയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും പങ്കെടുക്കേണ്ടതില്ളെന്ന് തീരുമാനിച്ചു. എ.എ. അസീസ് എം.എല്‍.എയും ചടങ്ങില്‍ പങ്കെടുക്കില്ല. ഭരണഘടനയാണ് അപമാനിക്കപ്പെട്ടതെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും എ.ഐ.സി.സി വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം പങ്കെടുക്കേണ്ടെന്ന് പറഞ്ഞത് നിര്‍ഭാഗ്യകരമാണെന്നും എ.ഐ.സി.സി വക്താവ് ചൂണ്ടിക്കാട്ടി.
ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് പ്രധാനമന്ത്രിയെ ഒൗദ്യോഗികമായി ക്ഷണിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. വെള്ളാപ്പള്ളി ആവശ്യപ്പെട്ട പ്രകാരം 2014 ഡിസംബര്‍ 18 നാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. കത്തില്‍ പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്ത് പ്രതിമ അനാച്ഛാദനം ചെയ്യണമെന്ന അഭ്യര്‍ഥനയാണ് മുഖ്യമന്ത്രി നടത്തിയത്. അതേസമയം, കൊല്ലത്തെ ചടങ്ങില്‍ പങ്കെടുക്കില്ളെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടെയുള്ള പട്ടികയാണ് സംസ്ഥാനത്ത് നിന്ന് ഡല്‍ഹിക്ക് അയച്ചത്. എന്നാല്‍, തിരിച്ചുവന്നതില്‍ മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നില്ളെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍െറയും ഇടപെടലാണ് പിന്നിലെന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് പിന്നിലെന്നും സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന നടപടിയാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ ആര്‍.എസ്.എസ് ഏറ്റെടുത്തതുപോലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആര്‍. ശങ്കറെ ആര്‍.എസ്.എസ് ഏറ്റെടുത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. ചാണകവെള്ളം തളിക്കലടക്കം പ്രതിഷേധം നടത്തുമെന്ന് കെ.എസ്.യുവും പ്രഖ്യാപിച്ചു. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് താല്‍പര്യക്കുറവില്ളെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.