തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ 10 വര്‍ഷത്തേക്ക് നിജപ്പെടുത്തും –കോടിയേരി
text_fieldsതിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷംതോറും സംവരണ വാര്‍ഡുകള്‍ വെച്ചുമാറുന്നത് അവസാനിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ സംവരണ വാര്‍ഡും 10 വര്‍ഷത്തേക്ക് നിജപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം ജനപ്രതിനിധികള്‍ക്കുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ സ്ത്രീ സംവരണ വാര്‍ഡിലും ജനറല്‍ വാര്‍ഡിലും വിജയിക്കുന്ന പലരും അടുത്തതവണ മത്സരിക്കാന്‍ കഴിയാത്തതിനാല്‍ പണിയൊന്നും എടുക്കേണ്ടെന്ന നിലപാടിലാണ്. ഈ സ്ഥിതി മാറണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തുതന്നെ ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. അതിനാലാണ് യു.ഡി.എഫ് സര്‍ക്കാറിന് വാര്‍ഡുകള്‍ വെട്ടിമുറിക്കാന്‍ കഴിയാതെവന്നത്. എല്‍.ഡി.എഫിന് 42 ശതമാനവും യു.ഡി.എഫിന് 40 ശതമാനവും വോട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. എല്‍.ഡി.എഫിനെ 50 ശതമാനം ജനങ്ങളുടെ അംഗീകാരമുള്ള പ്രസ്ഥാനമായി വളര്‍ത്തണം. ബി.ജെ.പിക്ക് 14 ശതമാനം വോട്ടാണ് ലഭിച്ചത്. ഇന്ന് ആര്‍.എസ്.എസ് നേതൃത്വത്തില്‍ ഉയരുന്ന വര്‍ഗീയ വെല്ലുവിളി നേരിട്ടുവേണം പ്രവര്‍ത്തിക്കാന്‍. യു.ഡി.എഫിനെ മാത്രമല്ല, ബി.ജെ.പി മുന്നണിയെക്കൂടി തുറന്നുകാട്ടിയാലേ എല്‍.ഡി.എഫിന് വളരാന്‍ സാധിക്കൂ. ആളുകളെ അണിനിരത്തേണ്ടത് പാര്‍ട്ടിക്ക് പിന്നിലാണ്, വ്യക്തിക്ക് പിന്നിലല്ല അദ്ദേഹം പറഞ്ഞു. ഡോ. തോമസ് ഐസക്, ഡോ. സി. രവീന്ദ്രനാഥ് എന്നിവര്‍ ക്ളാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, മേയര്‍ വി.കെ. പ്രശാന്ത്, സി.പി.എം സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, വി. ശിവന്‍കുട്ടി, എ. അജയകുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.