ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം അനാവശ്യമെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ സി.ബി.ഐ അന്വേഷണം അനാവശ്യമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമുള്ള പ്രാഥമികാന്വേഷണം നടത്തി തുടരന്വേഷണം വേണ്ടതില്ളെന്ന് കണ്ടത്തെിയതാണ്. അന്വേഷണം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ വിജിലന്‍സ് കോടതിയെയാണ് സമീപിക്കേണ്ടതെന്നും റിട്ട് ഹരജിയായി ഹൈകോടതിക്ക് പരിഗണിക്കാനാവില്ളെന്നും വിജിലന്‍സ് ഡിവൈ.എസ്.പി എം.എന്‍. രമേശ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മാത്രം മതിയായ വസ്തുതകളോ തെളിവുകളോ മന്ത്രി ബാബുവിനെതിരെ പ്രാഥമികാന്വേഷണത്തില്‍ ലഭിച്ചില്ല. അതിനാലാണ് തുടരന്വേഷണം വേണ്ടതില്ളെന്ന് തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ ഹരജിയിലാണ് വിശദീകരണം.
ആരോപണമുയരുമ്പോള്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ട്. പ്രഥമദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പില്ളെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം ഉപേക്ഷിക്കാനും അധികാരമുണ്ട്. വസ്തുതകള്‍ പരിശോധിച്ചാണ് തുടരന്വേഷണം വേണ്ടതില്ളെന്ന തീരുമാനത്തിലത്തെിയത്. 35 സാക്ഷികളില്‍നിന്ന് മൊഴിയെടുക്കുകയും 11 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കെ.എം. മാണിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് രണ്ടുതവണ ചോദ്യംചെയ്തപ്പോഴും ബിജു രമേശ് മന്ത്രി ബാബുവിനെതിരെ ആരോപണമുന്നയിച്ചില്ല.
ബാര്‍-റെസ്റ്റാറന്‍റ്സ് ഓണേഴ്സ് അസോസിയേഷനുവേണ്ടി ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്. നേരിട്ട് 50 ലക്ഷം നല്‍കിയെന്ന കാര്യം നേരത്തേ പലതവണ അവസരം ലഭിച്ചിട്ടും വെളിപ്പെടുത്തിയിരുന്നില്ല. യഥാര്‍ഥ മൊഴിയില്‍നിന്ന് വ്യത്യസഥമായ മൊഴിയാണ് പിന്നീട് നല്‍കിയത്. ദൃക്സാക്ഷികളെന്ന് ചൂണ്ടിക്കാട്ടിയവരുടെ മൊഴിയും ഹരജിക്കാരന്‍െറ വാദത്തെ സാധൂകരിക്കുന്നതല്ല. കൈക്കൂലി നല്‍കാന്‍ പണം പിരിച്ചെന്ന ആരോപണം ബന്ധപ്പെട്ട സാക്ഷികള്‍ നിഷേധിച്ചു. അതിനാല്‍ ഹരജിക്കാരന്‍ നല്‍കിയ പരാതിയുടെ വിശ്വാസ്യതയും ആധികാരികതയും സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഡയറക്ടറുടെ പരിഗണനയിലുള്ള വിഷയത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികളെയും ഹരജിക്കാരന് സമീപിക്കാവുന്നതാണ്. വിജിലന്‍സ് കോടതിയെയും സമീപിക്കാം. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ ഇടപെടല്‍ അനാവശ്യമാണ്.
ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ഹരജി ഈ കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേ ഹരജിക്കാരന്‍ നേരത്തേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ ഉത്തരവിടാതെ തീര്‍പ്പാക്കിയതാണ്. മാര്‍ച്ചിലാണ് ബാര്‍ ലൈസന്‍സ് തീരുമാനമുണ്ടായത്. ഈ തീരുമാനത്തെ സ്വാധീനിക്കാന്‍ പണം നല്‍കിയെന്ന് പറയുന്നത് ഏപ്രിലില്‍ ആണെന്നത് ആരോപണത്തിലെ വൈരുധ്യം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.