പ്രവാസിക്ഷേമനിധി അംഗത്വ പ്രായപരിധി 60 ആക്കി
text_fieldsതിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി 55ല്‍നിന്ന് 60 ആക്കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് അവതരിപ്പിച്ച ബില്‍ വോട്ടെടുപ്പ് കൂടാതെയാണ് പാസാക്കിയത്. പ്രായപരിധി ഉയര്‍ത്തുന്നതിലൂടെ ഏകദേശം 25000 പ്രവാസി കേരളീയര്‍ക്കുകൂടി ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. 60 വയസ്സിനുമുമ്പ് അംഗത്വം നേടുകയും കുറഞ്ഞത് അഞ്ചുവര്‍ഷം വരെ അംശാദായം ഒടുക്കുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷനും ചികിത്സാസഹായവും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമനിധി നിയമത്തിലാണ് ഭേദഗതി വരുത്തിയത്.
പുതിയ അംഗങ്ങളില്‍നിന്ന് 5,40,00,000 രൂപ അംശാദായമായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2009 ഫെബ്രുവരി 24വരെ ഇത് മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പാക്കും. ഈ തീയതിക്ക് 60 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇനി അപേക്ഷിക്കാം. എന്നാല്‍, ഇവര്‍ അഞ്ചുവര്‍ഷം അംശാദായം അടക്കണമെന്ന് നിര്‍ദേശിച്ചത് നിയമവകുപ്പാണെന്നും എ.കെ. ബാലന്‍െറ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. പി.ടി.എ. റഹീം, കെ.വി. അബ്ദുല്‍ ഖാദര്‍, എം.ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ. ബാലന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രവാസി വിഷയങ്ങളില്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പ്രവാസികളെ സഹായിക്കാന്‍ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്കുകളും ഏകജാലക സംവിധാനവും ആരംഭിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.