പ്രതിമാ വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല; മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsകൊല്ലം: ആര്‍. ശങ്കറിന്‍റെ പ്രതിമാ അനാച്ഛാദന വിവാദത്തില്‍ തന്‍റെ പ്രതിഷേധം അറിയിച്ച് മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്. വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ളെന്ന് പറയുന്ന കത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മന്ത്രി കെ. ബാബു വഴി ചടങ്ങില്‍ നിന്ന് തന്നോട് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും രാജീവ് പ്രതാപ് റൂഡിയും വസ്തുതകള്‍ അന്വേഷിക്കാതെ പാര്‍ലമെന്‍റില്‍ തെറ്റിദ്ധാരണ പടര്‍ത്തിയത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പറയുന്നു.
കൊല്ലത്ത് പരിപാടി നടന്ന ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് വെള്ളാപ്പള്ളി നടേശന്‍ തന്നെ ക്ഷണിച്ചിരുന്നതായും ക്ഷണം താന്‍ സ്വീകരിച്ചിരുന്നുവെന്നും പറയുന്ന കത്തില്‍ നോട്ടീസില്‍ അധ്യക്ഷ സ്ഥാനത്ത് തന്‍റെ പേര് അച്ചടിച്ചതായും പറയുന്നു. പിന്നീട് പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ഇന്‍റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതായി വെള്ളാപ്പള്ളി നടേശന്‍ മന്ത്രി കെ. ബാബു വഴി തന്നെ അറിയിച്ചു. എന്നാല്‍, താന്‍ കേരള പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അങ്ങനെ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ല എന്നറിഞ്ഞു. വീണ്ടും 12ാം തിയതി വെള്ളാപ്പള്ളി നേരിട്ട് എന്നെ വിളിക്കുകയും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അറിയിക്കുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന മാനിക്കുകയല്ലാതെ തനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം തന്നെ പറഞ്ഞു. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് 12ാം തിയതി കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കില്ളെന്ന് കാണിച്ച് തന്‍റെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും തന്‍റെ അസൗകര്യം കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ളെന്നും മുഖ്യമന്ത്രി പറയുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ സംഭവം കേരള ജനതയെ ഒന്നടങ്കം ആക്ഷേപിക്കുന്നതായിപ്പോയെന്ന് പറഞ്ഞു. ഇത്തരം ഒരു വിവാദം താങ്കള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്തില്‍ സംഭവിക്കുകയാണെങ്കില്‍ എന്തായിരിക്കും അങ്ങയുടെ പ്രതികരണം എന്നറിയാന്‍ കൂടി താല്‍പര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. സത്യം എന്താണെന്ന് തെളിയിക്കാനും തെറ്റിദ്ധാരണ നീക്കാനും ആണ് താന്‍ ഈ കത്ത് എഴുതുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.