ആരോഗ്യമേഖലയിലെ പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സ്വകാര്യ മരുന്നുകമ്പനികള്‍ക്കും സ്വകാര്യനക്ഷത്രആശുപത്രികള്‍ക്കുംവേണ്ടി പൊതുആരോഗ്യമേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വകുപ്പില്‍ അഴിമതി മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ആരോഗ്യമേഖല ഏത് കാലത്തെക്കാളും മികച്ച നിലയിലാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഏതെങ്കിലും ആശുപത്രികളില്‍ മരുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാല്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അച്ചന്‍കോവില്‍ ആദിവാസി സെറ്റില്‍മെന്‍റില്‍ പനിക്ക് ചികിത്സ കിട്ടാതെ രാധിക എന്ന കുട്ടി മരിച്ചെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചു. എന്നാല്‍, കുട്ടിയെ അവസാനനിമിഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വഴിയില്‍വെച്ചാണ് മരിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ഡി.എം.ഒയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അത് കിട്ടിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 37 താലൂക്ക് ആശുപത്രികളില്‍ കൂടി അത്യാഹിതവിഭാഗം ആരംഭിക്കും. 24 താലൂക്ക് ആശുപത്രികളില്‍ ഡെന്‍റല്‍ സര്‍ജന്മാരെ നിയമിക്കും. ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്താന്‍ നടപടി ആരംഭിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ 185 ഉള്‍പ്പെടെ ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളതുകൂടി കണക്കാക്കി 400 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യവകുപ്പില്‍ ഇപ്പോഴും 1961ലെ സ്റ്റാഫ് പാറ്റേണ്‍ ആണുള്ളത്. 3906 തസ്തികകള്‍ സൃഷ്ടിച്ചത് ഈ സര്‍ക്കാറാണ്. 185 ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളില്‍ 864 അധിക ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ജൂനിയര്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാരുടെ സ്ഥാനക്കയറ്റപട്ടികകളും തയാറാണ്. പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് 1062 തസ്തികകള്‍ ഉടന്‍ സൃഷ്ടിക്കും. മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമില്ല. പേവിഷബാധയുടേതടക്കം 22 കോടിയുടെ മരുന്നുണ്ട്. 13 കാരുണ്യ ഫാര്‍മസികള്‍ കൂടി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ളെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. അഴിമതിയില്‍ മാത്രമാണ് സര്‍ക്കാറിന് താല്‍പര്യമെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
രണ്ട് വീടുള്ളവര്‍ക്ക് അധികനികുതി
തിരുവനന്തപുരം: നഗരങ്ങളില്‍ രണ്ട് വീടുള്ളവര്‍ക്ക് അധിക നികുതി ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. നഗരവത്കരണം വര്‍ധിച്ചുവരുകയാണ്. ജനസംഖ്യയുടെ 52 ശതമാനവും നഗരങ്ങളിലാണ് താമസിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ താമസിക്കാനാണ് പ്രവാസികള്‍ നാട്ടില്‍ വീടും ഫ്ളാറ്റും വാങ്ങുന്നത്. അതില്‍ തെറ്റില്ല. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ വീട് വാങ്ങുന്നവര്‍ക്കുമേല്‍ അധികനികുതി ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കാലിത്തീറ്റ സബ്സിഡിക്ക് 12.5 കോടി
തിരുവനന്തപുരം: ഈ സാമ്പത്തികവര്‍ഷം കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 12.5 കോടി രൂപ നല്‍കിയതായി മന്ത്രി കെ.സി. ജോസഫ്.
കേരള ഫീഡ്സിലെ കാലിത്തീറ്റ ഉല്‍പാദനം പ്രതിദിനം 1800 ടണ്ണായി വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.