ചന്ദ്രബോസ് വധക്കേസ്: പ്രതിഭാഗം സാക്ഷിപ്പട്ടികയില്‍ 12 മാധ്യമ പ്രവര്‍ത്തകര്‍
text_fields
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ സാക്ഷിയാക്കി പ്രതിഭാഗത്തിന്‍െറ സാക്ഷിപ്പട്ടിക. 12 മാധ്യമ പ്രവര്‍ത്തകര്‍, മുഹമ്മദ് നിസാമിനെ ചികിത്സിച്ചതെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍, വാഹനം പരിശോധിച്ച സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 25 പേരടങ്ങുന്നതാണ് ബുധനാഴ്ച നിസാമിനുവേണ്ടി സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.
കേസിന്‍െറ ആദ്യഘട്ടം മുതല്‍ മുഹമ്മദ് നിസാമിനെതിരെ മാധ്യമ ഗൂഢാലോചന നടന്നുവെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു. മാധ്യമ വിചാരണ നടക്കുന്നുവെന്നും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും നിസാമിന്‍െറ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അത്തരം ആക്ഷേപങ്ങള്‍ കോടതി തള്ളി. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കാത്തതിനാലാണ് തന്നെ കൂട്ടമായി ആക്രമിച്ചതെന്നും നിസാം കോടതിയില്‍ എഴുതി നല്‍കിയ അധിക വിശദീകരണത്തില്‍ പറഞ്ഞിരുന്നു. അതിന്‍െറ പ്രതിഫലനമാണ് സാക്ഷിപ്പട്ടിക.
പ്രോസിക്യൂഷനും പൊലീസുമായി ചേര്‍ന്ന് നിസാമിനെതിരെ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് 12 മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതുസംബന്ധിച്ച പ്രോസിക്യൂഷന്‍ ആക്ഷേപം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോഴാണ് പ്രതിഭാഗം സാക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആവുക. മാതൃഭൂമി, മനോരമ, ദേശാഭിമാനി എന്നീ പത്രങ്ങളുടെ എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ്, റിപ്പോര്‍ട്ടര്‍ എന്നിവരെയാണ് സാക്ഷികളാക്കുന്നത്. ഇതില്‍ എഡിറ്റര്‍മാരുടെ പേര് എടുത്തു പറഞ്ഞിട്ടുണ്ട്. മറ്റെല്ലാം പദവികള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.
നിസാം ഉന്മാദ-വിഷാദ രോഗിയാണെന്ന് സ്ഥാപിക്കാനും സാക്ഷികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിസാമിനെ ചികിത്സിക്കുന്ന പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. പി.എം. സെയ്ത് മുഹമ്മദ് 18ാമത്തെ സാക്ഷിയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസറും പട്ടികയിലുണ്ട്.
ഐ.ജി, സി.ഐ, എസ്.ഐ എന്നിവരെ പ്രതിഭാഗം സാക്ഷികളായി കാണിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെ ഫോട്ടോകളുടെയും മറ്റും സീഡി തയറാക്കിയ ഫോട്ടോഗ്രാഫര്‍മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. യഥാര്‍ഥ സീഡിയും ഫോട്ടോ ആദ്യം പതിഞ്ഞ കാമറയിലെ കാര്‍ഡും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിസാമിന് അനുകൂലമായി മൊഴിമാറ്റുകയും പിന്നീട് തിരിച്ചു പറയുകയും ചെയ്ത ഒന്നാം സാക്ഷി അനൂപിനെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയും കേസിന്‍െറ അന്വേഷണോദ്യോഗസ്ഥനുമായ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സാക്ഷിപ്പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.