അഞ്ചേരി ബേബി വധക്കേസ്: എം.എം. മണി കോടതിയില്‍ ഹാജരായി
text_fields
നെടുങ്കണ്ടം: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയടക്കമുള്ള മൂന്നുപേര്‍ ബുധനാഴ്ച നെടുങ്കണ്ടം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. കേസ് ജനുവരി പതിനൊന്നിലേക്ക് മാറ്റി. എം.എം. മണിയെ കൂടാതെ ഉടുമ്പന്‍ചോല മാട്ടുത്താവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഒയ്യാരത്ത് ഒ.ജി. മദനന്‍ എന്നിവരാണ് ഹാജരായത്. രാവിലെ 11ഓടെ ഇവര്‍ കോടതിയില്‍ എത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന അഞ്ചേരി ബേബി വധത്തിന്‍െറ പുനരന്വേഷണ കുറ്റപത്രം നവംബര്‍ 18ന് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ള ഇവരോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈകോടതി നിര്‍ദേശപ്രകാരമാണ് ആലപ്പുഴ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒമ്പതു പേരെയും കോടതി വെറുതെ വിട്ടിരുന്നു. എം.എം. മണി 2012 മേയ് 25ന് തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തിലെ വെളിപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.