ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ് സംസ്ഥാനം ഏറ്റെടുക്കുന്നത് കമ്പനിക്ക് ദോഷകരമാകുമെന്ന് ആശങ്ക
text_fieldsപാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡിെൻറ കഞ്ചിക്കോട് യൂനിറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് കമ്പനിക്ക് കൂടുതൽ ദോഷകരമാകുമെന്ന് ആശങ്ക. കൺട്രോൾ വാൽവുകൾ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് 1974ൽ രാജസ്ഥാനിലെ കോട്ടയിലും കേരളത്തിൽ കഞ്ചിക്കോടുമായി സ്ഥാപിക്കപ്പെട്ട ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ്. കോട്ട യൂനിറ്റ് വൻ നഷ്ടത്തിലാണെങ്കിലും കഞ്ചിക്കോട് യൂനിറ്റ് ലാഭത്തിലാണ്. 2014–15ൽ 84 കോടിയുമായിരുന്നു കഞ്ചിക്കോട്ടെ വിറ്റുവരവ്. യഥാക്രമം 14 കോടി രൂപയും പത്തു കോടി രൂപയുമായിരുന്നു ഈ വർഷങ്ങളിലെ ലാഭം.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡാണ് (ഭെൽ) കമ്പനിയിൽനിന്ന് പ്രധാനമായും കൺട്രോൾ വാൽവുകൾ വാങ്ങുന്നത്. എൻ.ടി.പി.സി, സെയ്ൽ, ഗെയിൽ, കൊച്ചിൻ റിഫൈനറീസ് ലിമിറ്റഡ് എന്നിവയും ചില വൻകിട സ്വകാര്യ സ്ഥാപനങ്ങളും കമ്പനിയിൽനിന്ന് വാൽവുകൾ വാങ്ങുന്നുണ്ട്. ഇത്തരമൊരു സ്ഥാപനം സംസ്ഥാന സർക്കാറിന് നടത്തിക്കൊണ്ടുപോകുക വളരെ പ്രയാസമായിരിക്കും. കേന്ദ്ര സർക്കാർ സ്ഥാപനമായതിനാലാണ് പൊതുമേഖല സ്ഥാപനങ്ങൾ ഇൻസ്ട്രുമെേൻഷൻ ലിമിറ്റഡിൽനിന്ന് വാൽവ് വാങ്ങുന്നത്. കേന്ദ്ര സർക്കാർ ബന്ധം അറ്റുപോയാൽ പൊതുമേഖല സ്ഥാപനങ്ങൾ മുൻനിലപാട് തുടരണമെന്നില്ല.
കമ്പനിക്ക് ഇത്തരം സ്ഥാപനങ്ങളിൽ സമ്മർദം ചെലുത്താനും പ്രയാസമാവും. ഇത് കഞ്ചിക്കോട് യൂനിറ്റിെൻറ വിറ്റുവരവിനെ പ്രതികൂലമായി ബാധിക്കും. ലാഭത്തിലുള്ള കമ്പനി ഏതാനം വർഷത്തിനകം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാവും ഫലം. സ്വകാര്യ കമ്പനികളുമായി മത്സരം നിലനിൽക്കുന്നതിനാൽ പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസരിച്ച് മാറ്റം വരുത്താൻ ഗവേഷണത്തിനും വിദേശ കമ്പനികളുമായി കൈകോർക്കാനും ഭാരിച്ച സാമ്പത്തിക ചെലവുണ്ട്. വൻ സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാന സർക്കാറിന് ഇതിനുള്ള മൂലധനം അനുവദിക്കാനാവില്ല.
കഞ്ചിക്കോട്ടെ 126 ഏക്കർ ഭൂമിയിലാണ് സംസ്ഥാന വ്യവസായ വകുപ്പ് കണ്ണുവെച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് നിയന്ത്രണത്തിലാകുന്നതോടെ രാഷ്ട്രീയ പാർട്ടികൾ കമ്പനിയിൽ പിടിമുറുക്കുകയും നിയമനങ്ങളിലടക്കം കൈകടത്തുകയും ചെയ്യും. മലബാർ സിമൻറ്സിെൻറ ദുർഗതി ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡിലും വന്നുഭവിക്കുകയാവും ഫലം. കാര്യക്ഷമത കുറയുകയും പ്രവർത്തന ചെലവ് ഉയരുകയും ചെയ്താൽ മലബാർ സിമൻറ്സ് പിടിച്ചുനിൽക്കുന്നതുപോലെ ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡിന് പിടിച്ചുനിൽക്കാനാവില്ല. 1997ലെ നിരക്കിലാണ് കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
സംസ്ഥാന സർക്കാറിന് കൈമാറുന്നതോടെ ജീവനക്കാർ 1995ലെ നിരക്കിൽ ശമ്പളവർധന ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. മുൻകാല പ്രാബല്യത്തോടെ ശമ്പള വർധന നടപ്പാക്കിയാൽ കമ്പനിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകും. നഷ്ടത്തിലുള്ള കമ്പനിയിൽ 8.33 ശതമാനവും ലാഭത്തിലുള്ളവയിൽ 20 ശതമാനവും ബോണസ് നൽകണമെന്നാണ് ചട്ടം. ലാഭത്തിലുള്ള യൂനിറ്റ് എന്ന നിലക്ക് ജീവനക്കാർക്ക് 20 ശതമാനം ബോണസിനും അർഹതയുണ്ടാകും. 300 കോടി നഷ്ടത്തിലുള്ള കോട്ട യൂനിറ്റ് ഏറ്റെടുക്കണമെന്ന കേന്ദ്ര നിർദേശം രാജസ്ഥാൻ സർക്കാർ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.