ലൈംഗിക അതിക്രമത്തിനെതിരെ ചീഫ് ജസ്റ്റിസിന് വിദ്യാര്‍ഥിനികളുടെ കത്ത്
text_fieldsകൊച്ചി: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വര്‍ധിച്ചു വരുന്നതായും ഇതില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ശാരീരികമായും മാനസികമായും തങ്ങള്‍ കൈയേറ്റത്തിന് ഇരയാകുന്നതായും ഇതിനെതിരെ യൂനിവേഴ്സിറ്റി അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തല്‍, ശാരീരിക ആക്രമണം, അശ്ലീല പദപ്രയോഗം, പൊതു സ്ഥലങ്ങളില്‍ അപമാനിക്കല്‍, ലൈംഗിക സൂചനയോടെയുള്ള അംഗവിക്ഷേപം എന്നിവ ക്യാമ്പസില്‍ പതിവാണ്. ചില പഠന വകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ സാമൂഹ്യ ദ്രോഹികളും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നുണ്ട്. സുരക്ഷിതത്വത്തോടെ കാലിക്കറ്റ് ക്യാമ്പസില്‍ ജീവിക്കാനാവാത്ത സ്ഥിതിയാണ്. 1997ല്‍ ഹൈകോടതി നിശ്ചയിച്ച അഡ്വ. സീമന്തിനി കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും ഹൈകോടതി വിധികളും അനുസരിച്ച് വിദ്യാര്‍ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ യൂനിവേഴ്സിറ്റി അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
അതിനാല്‍, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഹൈകോടതി ഇടപെടണമെന്നാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.