നിസ്സംഗതയുടെ ആഘാതം ഗുരുതരം
text_fieldsകണ്ണൂർ കോളയാട് ഗ്രാമപഞ്ചായത്തിലെ ചെക്ക്യേരി ഈരിന് സമീപത്തെ ക്വാറി മാവോവാദി ആക്രമണത്തിലൂടെ ഇന്ന് പ്രശസ്തമാണ്. ഇവിടത്തെ കുറിച്യർ നൽകിയ പരാതി വായിക്കേണ്ടതാണ്. അപ്പോൾ മാവോവാദികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതിൽ ഗോത്രകമീഷനും പങ്കുണ്ടെന്ന് മനസ്സിലാവും. നിസ്സംഗതയുടെ ആഘാതം അതീവ ഗുരുതരമായിരിക്കുമെന്നാണ് ഈ സംഭവം നൽകുന്ന സൂചന. തലശ്ശേരി–മാനന്തവാടി റോഡിൽ 24ാം മൈലിന് സമീപം മെയിൻ റോഡിൽനിന്ന് 20 മീറ്റർ അകലത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിലാണ് കരിങ്കൽ ക്വാറിയും ക്രഷറും. തൊട്ടടുത്ത് 450 കുടുംബങ്ങളുള്ള കുറിച്യരുടെ വനാതിർത്തിയിലുള്ള ന്യൂ ഭാരത് ക്വാറിക്കെതിരെ കുറിച്യ മുന്നേറ്റ സമിതി കമീഷന് പരാതി നൽകിയിട്ട് വർഷങ്ങളായി.
ഒരു നിയന്ത്രണവുമില്ലാതെ പാറകൾ 12 അടി തുരന്ന് 100ലധികം കുഴികൾ ഉണ്ടാക്കിയാണ് പാറപൊട്ടിക്കൽ. ആദിവാസികളുടെ 90 ശതമാനം വീടുകൾക്കും ചുമരിനും തറക്കും വിള്ളലുകളുണ്ടായി. ഈരിലെ അങ്കണവാടിക്കും സാംസ്കാരിക നിലയത്തിനും കേടുപാടുകൾ സംഭവിച്ചു. 2012 മുതൽ ഇവരുടെ ജീവിതം ഭീതിയുടെ നിഴലിലാണ്. 131 വീടുകൾക്കാണ് ക്വാറിയിലെ സ്ഫോടനത്തിൽ വിള്ളൽവീണത്. പ്രദേശത്തെ തോടുകളും കിണറുകളും നീരുറവകളും വെടിയുടെയും പൊട്ടിക്കലിെൻറയും ആഘാതത്താൽ വറ്റിവരണ്ടു. നൂറ്റാണ്ടുകളായി ആദിവാസികൾ ഉപയോഗിക്കുന്ന തോട്ടിൽ എം.സാൻഡ് കഴുകിയ വെള്ളം നിറഞ്ഞു. മൂന്നു വർഷമായി തോട് പൂർണമായും മലിനം. നാട്ടുകാർക്കു വേണ്ടി ടി. രമേശൻ നൽകിയ പരാതിയിൽ 130 പേരാണ് ഒപ്പിട്ടത്. മൂത്രാടൻ കേളപ്പനും എം. ബാലകൃഷ്ണനും സമാനമായി പരാതി നൽകി. ഒടുവിൽ പലതരത്തിൽ ആദിവാസികൾ സമരം തുടങ്ങി.
സർക്കാർതലത്തിൽ ഒരന്വേഷണം നടന്നിരുന്നു. പേരാവൂർ സർക്കിൾ ഇൻസ് പെക്ടറുടെ അന്വേഷണ റിപ്പോർട്ട്, ഇരുട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിെൻറ അന്വേഷണ റിപ്പോർട്ട്, തലശ്ശേരി സബ് പ്രിൻസിപ്പൽ കോടതി നിയോഗിച്ച കമീഷൻ റിപ്പോർട്ട് എന്നിവ സഹിതമാണ് ഗോത്രകമീഷന് പരാതി നൽകിയത്. ഗ്രാമപഞ്ചായത്തിൽ കരിങ്കൽ–ചെങ്കൽ ക്വാറികൾക്ക് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരാവകാശപ്രകാരം പഞ്ചായത്ത് നൽകിയ മറുപടി. അതിനാൽ, പഞ്ചായത്ത് സെക്രട്ടറി അന്വേഷണവും നടത്തിയിട്ടില്ല. ന്യൂഭാരത് ക്വാറി പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഗ്രാമപഞ്ചായത്തിന് ഇതുവരെ നയാപൈസ ഫീസ് ലഭിച്ചിട്ടില്ല. ക്വാറി നടത്തുന്നതിനെതിരെ ഈരുനിവാസികൾ പഞ്ചായത്തിന് അഞ്ചു പരാതി നൽകി. 2014 ഫെബ്രുവരി മൂന്നിന് ന്യൂഭാരത് സ്റ്റോൺ ക്രഷറിെൻറ മുന്നിൽ അനിശ്ചിതകാല ഉപരോധം തുടങ്ങി.
ആദിവാസി സമരം ഉയർന്നപ്പോൾ അന്നത്തെ കലക്ടർ രാജമാണിക്യം ചർച്ചക്ക് തയാറായി. സ്ഥലം സന്ദർശിച്ച ശേഷം ആദിവാസികളുടെ ദുരിതവും ക്വാറി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നവും മനസ്സിലാക്കി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് നൽകി.
ഉടമകൾക്ക് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ കണിച്ചാറിലെ സമരമെല്ലാം പരാജയപ്പെട്ടു. ഗോത്രകമീഷനും നോക്കുകുത്തിയായി. അപ്പോഴാണ് മാവോവാദികൾ ക്വാറിയിൽ ആക്രമണം നടത്തിയത്
കലക്ടറെ താമസിയാതെ സ്ഥലംമാറ്റി. കുറിച്യർ ഇവിടെ താമസിക്കുന്നത് വനാവകാശമനുസരിച്ച് ലഭിച്ച വനഭൂമിയിലാണ്. വനാവകാശമനുസരിച്ച് ഭൂമി ലഭിച്ചാൽ അതിനടുത്തുള്ള വനവും വനസമ്പത്തും സംരക്ഷിക്കേണ്ടത് ആദിവാസികളുടെ അവകാശമാണ്. വനത്തിനും ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും ജീവന് ഭീഷണിയായ ക്വാറി നിർത്തലാക്കേണ്ടത് ആദിവാസികളുടെ ചുമതലയാണെന്ന് കുറിച്യർ വാദിച്ചു. ആദിവാസികളുടെ ചോദ്യങ്ങൾക്ക് കലക്ടർക്ക് മറുപടി ഉണ്ടായില്ല. ക്വാറിയുടെ രേഖകൾ ഒന്നുകൂടി പരിശോധിക്കണമെന്നാണ് കലക്ടർ നൽകിയ മറുപടി. രേഖകൾ പരിശോധിച്ചപ്പോൾ കലക്ടർ നടുങ്ങി. രാഷ്ട്രീയരംഗത്തെ ഉന്നതന്മാരുടെ ബന്ധുക്കളുടെ പേരിലാണ് ക്വാറിയെന്ന് തിരിച്ചറിഞ്ഞു. അതോടെ അങ്ങോർ മൗനംപൂണ്ടു. ക്വാറിക്ക് ലൈസൻസിനായി അപേക്ഷ നൽകുമ്പോൾ 30 മീറ്റർ അകലെ മാനന്തവാടി ഹൈവേയുള്ള കാര്യം മറച്ചുവെച്ചു. കണ്ണവം റിസർവ് വനത്തിൽനിന്ന് 70 മീറ്റർ അകലം മാത്രമേ ക്വാറിയുള്ളൂവെന്നകാര്യവും രേഖയിൽ കാണിച്ചില്ല.
കുറിച്യർ വനാവകാശമനുസരിച്ച് ഗ്രാമസഭ കൂടി. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ജനാധിപത്യ അവകാശം ഗ്രാമ സഭക്കുണ്ട്. അതിനെ ധിക്കരിക്കാൻ കലക്ടർക്ക് അധികാരമില്ല. 2014 മേയ് 29 ഗ്രാമപഞ്ചായത്തിെൻറ മുൻകൂർ അനുമതിയോടെയാണ് ഗ്രാമസഭ കൂടിയത്. പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയായ ക്വാറി അടച്ചുപൂട്ടണമെന്ന് ഗ്രാമസഭ ഒന്നടങ്കം ആവശ്യപ്പെട്ടു. ജൂൺ 25ന് ഗ്രാമപഞ്ചായത്തിന് തീരുമാനം അറിയിച്ചു. ഭരണസമിതിയും തീരുമാനം അംഗീകരിച്ച് കലക്ടർക്ക് കത്ത് കൈമാറി. ആദിവാസികൾ ജനാധിപത്യ സംവിധാനത്തിൽ ഇതിനേക്കാൾ വലിയ സമരം എങ്ങനെയാണ് നടത്തുക.
കണിച്ചാർ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമുള്ള സമിതിയാണ്. ആകെ 13ൽ 10ഉം കോൺഗ്രസ് മെംബർമാർ. കോളാട് ഗ്രാമപഞ്ചായത്താകട്ടെ, സി.പി.എം നിയന്ത്രണത്തിലും. അതേസമയം, മാധ്യമങ്ങൾ മാവോവാദികൾ ക്രഷർ ആക്രമിച്ചതിന് വലിയ പ്രചാരം നൽകി. പൊലീസാകട്ടെ, കുറിച്യ മുന്നേറ്റ സമിതിയെ മാനസിക സമ്മർദത്തിലാക്കി. പൊലീസ് നൽകിയ വാർത്തകൾ മാധ്യമങ്ങൾ നൽകി. ക്രഷർ ആക്രമണത്തിനു ശേഷം പൊലീസിെൻറ ഉന്നതന്മാർ അന്വേഷണത്തിനെത്തി. ജനുവരി 18ന് ചെക്കേര്യയിൽ ജനമൈത്രി പൊലീസ് പ്രശ്ന പരിഹാര അദാലത്തും നടത്തി. ക്വാറിയുടെ കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനമുണ്ടാവുമെന്ന് ആദിവാസികൾക്ക് ഉറപ്പും നൽകി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 2005ലാണ് ന്യൂഭാരത് ക്വാറിക്ക് അനുമതി നൽകിയത്. എന്നാൽ, ഖനനാനുമതി സംബന്ധിച്ച ഫയലുകൾ ഈ ഓഫിസിൽ കാലാവധിക്കു ശേഷം മൂന്നു വർഷം മാത്രമേ സൂക്ഷിക്കൂ. അതിനാൽ, ക്വാറിയുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥർ നശിപ്പിച്ചുവെന്നാണ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ മറുപടി. 2013 ഒക്ടോബർ 26ന് ഹാജരാക്കിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുസരിച്ച് 5.93 ഹെക്ടറിെൻറ രേഖ (14.87 ഏക്കർ) ഹാജരാക്കിയിട്ടുണ്ട്. ഇതിന് തണ്ടപ്പേർ ഇല്ല. ഭൂമിയുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പഴയ സർവേ നമ്പർ 1411 ആണ്. ഭൂമി റീ സർവേ നടത്തിയിട്ടില്ല. മാത്യു പി. പത്രോസും വർഗീസ് പി. തങ്കച്ചനുമാണ് ഉടമസ്ഥർ. കണ്ണൂരിലെ ജിയോളജിസ്റ്റ് നൽകിയ ഖനന അനുമതിയിൽ എറണാകുളം മലയിടം തുരുത്ത് മടപ്പള്ളിൽ ഹൗസിൽ മാത്യു എം. പത്രോസാണ് 9.91 ഏക്കർ ഭൂമിയുടെ ഉടമസ്ഥൻ. അതേസമയം, വില്ലേജ് ഓഫിസർ നൽകിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റിൽ വർഗീസ് പി. തങ്കച്ചനുംകൂടി ഇവിടെ ഭൂമിയുണ്ട്. ഉടമകൾക്ക് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ കുറിച്യരുടെ സമരമെല്ലാം പരാജയപ്പെട്ടു. ഗോത്രകമീഷനും നോക്കുകുത്തിയായി. അപ്പോഴാണ് മാവോവാദികൾ ക്വാറിയിൽ ആക്രമണം നടത്തിയത്.
പരാതി നൽകാനും ഭയപ്പാട്
കുറിച്യർ ഇപ്പോൾ തിരിച്ചറിയുന്നത് ഇത് ഏതെങ്കിലുമൊരു ആദിവാസി ഈരിെൻറ പ്രശ്നമല്ലെന്നാണ്. ഇവിടെ പരാതി നൽകാനെങ്കിലും ആദിവാസികൾക്ക് കഴിഞ്ഞു. അതേസമയം, പരാതി നൽകാൻപോലും ഭയം നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയുന്ന ആദിവാസികളുണ്ട്. കണ്ണൂരിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ഏക പട്ടികവർഗമേഖലയാണ്. നൂറ്റാണ്ടുകളായി 100ലധികം കുടുംബങ്ങൾ. എന്നാൽ, ഇതേ വാർഡിൽ നിലവിൽ ആറ് ക്രഷറുകളും നാല് ലൈസൻസുള്ള ക്വാറികളും 30ലധികം അനധികൃത ക്വാറികളും പ്രവർത്തിക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ഏഴുവർഷം മുമ്പ് പണിപൂർത്തിയാക്കിയ ഹെൽത്ത് സെൻറർ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. എന്നാൽ, സർക്കാർ ഒരു നഴ്സിനെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നരവർഷം മുമ്പ് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ സമിതി നടത്തിയ സമരത്തെ തുടർന്ന് റോഡ് അനുവദിച്ചെങ്കിലും നിർമാണം മുന്നോട്ടുപോയില്ല. ക്വാറിയുടെ വണ്ടികൾ ഇതുവഴി പോയാൽ റോഡിന് അഞ്ചുവർഷത്തിലധികം ഗാരൻറി ഉണ്ടാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ ഉറവകേന്ദ്രമാണ് ക്വാറിയുടമകൾ പൊട്ടിച്ചുതീർക്കുന്നത്. കോളാടിൽനിന്ന് വ്യത്യസ്തമല്ല ഇവിടം. പക്ഷേ, ഇടപെടേണ്ട ഗോത്രവർഗ കമീഷൻ എവിടെ? ആദിവാസികൾ തങ്ങൾക്ക് നൽകിയ പരാതികളിൽ നടപടിയെടുത്തിരുന്നുവെങ്കിൽ മാവോവാദി ആക്രമണംപോലും നടക്കില്ലായിരുന്നു. കേരളത്തിലെ പല കമീഷനുകൾ പോലെ ഒന്നായി വലിയ ഉത്തരവാദിത്തങ്ങളുള്ള പട്ടികജാതി–ഗോത്ര കമീഷൻ ചുരുങ്ങി. സർക്കാറിെൻറ ഖജനാവ് തിന്നുതീർക്കുന്ന മറ്റൊരു വെള്ളാന.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.