മരുന്നുവില പലവിധം; പനി ഗുളികയടക്കം പൊള്ളുന്നു
text_fieldsമലപ്പുറം: ഓരോ രോഗത്തിനും പല പേരുകളിലായി നിരവധി മരുന്നുകളിറങ്ങി സംസ്ഥാനത്ത് ഔഷധവിപണിയിലെ മറിമായങ്ങൾ തുടരുന്നു. ജനറിക് കമ്പനിയുടെ പാരസിറ്റമോളിന് (പാരസിപ് –650) മരുന്നുകടക്കാരൻ നൽകേണ്ടിവരുന്നത് 7.80 രൂപ. വിൽക്കുന്നത് 18 രൂപക്ക്. 250 ശതമാനം മുതൽ മുകളിലേക്കാണ് ലാഭം. ഇതേ മരുന്ന് അറിയപ്പെടുന്ന കമ്പനിയുടേത് (മെടമോൾ 650) കച്ചവടക്കാരന് കിട്ടുന്നത് 15.94 രൂപക്ക്. വിൽക്കുന്നത് 19.50 രൂപക്കും. ഡോളോ 650െൻറ വിലനിലവാരവും ഏകദേശം ഇതുപോലെ തന്നെ. ഇവിടെ ലാഭം 17 മുതൽ 20 ശതമാനം വരെ. ഒമേപ്രാസോൾ എന്ന മരുന്നിെൻറ സ്ഥിതിയാണെങ്കിൽ ഒമി–20 മരുന്ന് കച്ചവടക്കാരന് 17 രൂപക്ക് കിട്ടുന്നു. ഇത് സാധാരണയായി വിൽക്കുന്നത് 52.45 രൂപക്കാണ്. ഇതേ മരുന്ന് മെച്ചപ്പെട്ട കമ്പനിയുടേത് കിട്ടുന്നത് (ഒമെസ്–20) 43.95 രൂപക്ക്. വിൽക്കുന്നത് 50.60 രൂപക്ക്.
അലർജിക്കും തുമ്മലിനുമുള്ള മരുന്നാണ് സെട്രിസിൻ. ഇതിൽ ഒക്കാസെഡ് എന്ന ഗുളിക 4.50 രൂപക്ക് കിട്ടുമ്പോൾ വിൽക്കുന്നത് 20 രൂപക്കാണ്. എന്നാൽ, നല്ല കമ്പനിയുടെ ഫാസ്റ്റ്സെറ്റ് എന്ന ഗുളിക കച്ചവടക്കാരന് കിട്ടുന്നത് 16.53 രൂപക്ക്. വിൽക്കുന്നത് 19.50 രൂപക്ക്. മിക്കവാറും മരുന്നുകളെല്ലാം ഈ അവസ്ഥയിലാണ് വിപണിയിൽ കറങ്ങുന്നത്. സംസ്ഥാന സർക്കാർ പോലും ഉത്തരാഞ്ചൽ, ഹിമാചൽപ്രദേശ്, ജമ്മു–കശ്മീർ എന്നിവിടങ്ങളിലെ കമ്പനികൾക്കാണ് പലപ്പോഴും മരുന്നിന് ഓർഡർ നൽകുന്നത്. എന്നാൽ, ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. സർക്കാർ തലത്തിൽ ഉദ്യോഗസ്ഥ സംഘം കമ്പനികൾ സന്ദർശിക്കാറുണ്ടെങ്കിലും ഗുണനിലവാരം സംശയത്തിെൻറ നിഴലിൽ തന്നെ.
നിഷ്പക്ഷമായ ഏജൻസിയുടെ കൂടി പരിശോധന അനിവാര്യമാണെന്നും മരുന്ന് നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃതവസ്തു മുതൽ ഗുണനിലവാരം നിർണയിക്കപ്പെടണമെന്നും പരിയാരം ഫാർമസി കോളജിലെ അസി. പ്രഫസർ ഡോ. ശരത്ചന്ദ്രൻ പറഞ്ഞു. പല ഗ്രേഡുകളിൽതന്നെ കെമിക്കലുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് കെമിക്കലാണ് ഉപയോഗിക്കുന്നതെന്ന് നിർണയിക്കപ്പെടണം. രാജ്യത്തുതന്നെ ഹെൽത്ത് കെയർ ഉൽപന്നങ്ങളും കോസ്മെറ്റിക്കുകളും ഉപയോഗിക്കുന്നതിൽ കേരളമാണ് മുന്നിൽ. ഇവിടെ നിയമങ്ങൾ ധാരാളമുണ്ട്. എന്നാൽ, അതെല്ലാം പലപ്പോഴും കാറ്റിൽപറത്തുകയാണെന്നും ഡോ. ശരത്ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.