Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്മനം രാജശേഖരൻ...

കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

text_fields
bookmark_border
കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
cancel

ന്യൂഡൽഹി: കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന പത്രക്കുറിപ്പ് ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ഉച്ചയോടെ പുറത്തിറക്കി. കുമ്മനം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ മാരാർജി ഭവനിലെത്തി ചുമതലയേൽക്കും. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരൻ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കൺവീനറാകും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക മുരളീധരനായിരിക്കും.

നിലവിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റെ ജനറൽ സെക്രട്ടറിയുമാണ് കുമ്മനം രാജശേഖരൻ. ജന്മഭൂമി ദിനപത്രത്തിന്‍റെ ചെയർമാൻ പദവിയും വഹിക്കുന്നു. ബി.ജെ.പി അംഗമല്ലാത്ത ഒരാൾ കേരളത്തിൽ പാർട്ടിയുടെ ഉന്നത പദവിയിൽ എത്തുന്നത് ആദ്യമായാണ്.

1952 ഡിസംബർ 23ന് കോട്ടയം ജില്ലയിലെ കുമ്മനത്ത് വാളാവള്ളിയില്‍ അഡ്വ. വി.കെ രാമകൃഷ്ണപിള്ള- പി. പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനനം. കുമ്മനം ഗവ. യു.പി സ്കൂൾ, എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജശേഖരൻ സി.എം.എസ് കോളജിൽ നിന്ന് ബി.എസ്.സി ബിരുദം നേടി.

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടിയ അദ്ദേഹം ദീപിക, രാഷ്ട്രവാർത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി എന്നി പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974ൽ എഫ്.സി.ഐയിൽ ജീവനക്കാരനായി. 13 വർഷത്തെ സേവനത്തിന് ശേഷം 1987ൽ ജോലി രാജിവെച്ച് ആർ.എസ്.എസിന്‍റെ മുഴുവൻ സമയ പ്രചാരകനായി. 1979ൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയായി.

നിലക്കൽ പ്രക്ഷോഭം, പാലിയം വിളംബരം, ആറന്മുള സമരം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യപങ്ക് വഹിച്ച രാജശേഖരൻ ക്ഷേത്ര സംരക്ഷണ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.എസിന്‍റെ കൊച്ചി എളമകരയിലെ ആസ്ഥാനമായ മാധവ നിവാസിലാണ് താമസം. അവിവാഹിതനാണ്.

1987ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തി. 40 വർഷം നീണ്ട സംഘപരിവാർ പ്രവർത്തന പരിചയം കൈമുതലാക്കിയാണ് കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പദവിയിലെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp keralakummanam rajashekharan
Next Story