പ്രതികൾ നായകരാകും തിരക്കഥകൾ
text_fieldsഗോത്ര കമീഷൻ തട്ടിപ്പ് കേന്ദ്രമാണോ?– ചോദ്യം ആദിവാസികളുടെയും ദലിതരുടെയുമാണ്. കാരണം പട്ടികവിഭാഗങ്ങൾക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കപ്പെടുന്ന ഒരു ഇടമായി കമീഷൻ മാറി എന്നതുതന്നെ. ദുർബലമായ ന്യായം നിരത്തി പട്ടികവിഭാഗങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ് കമീഷെൻറ പതിവ്. പലപ്പോഴും പട്ടികവിഭാഗങ്ങളെ പലതരത്തിലും പീഡിപ്പിക്കുന്നവരുടെ ഇടനിലക്കാരായി കമീഷൻ അംഗങ്ങൾ മാറുന്നു. തെളിവുകളെല്ലാം ഉണ്ടായിട്ടും പല കേസുകളിലും പട്ടികവിഭാഗങ്ങൾക്കെതിരെയായിരുന്നു കമീഷെൻറ തീർപ്പ്. ആലപ്പുഴ ജില്ലയിൽനിന്ന് പരാതി നൽകിയ ദലിതനായ കുഞ്ഞൻകുട്ടിയുടെ അനുഭവം നോക്കുക. വീടിനോട് ചേർന്ന് അനധികൃതമായി മുട്ടവിരിയിക്കൽ കേന്ദ്രം (ഹാച്ചറി) പ്രവർത്തിക്കുന്നത് തെൻറ ജീവിതം ദുസ്സഹമാക്കുന്നുവെന്നായിരുന്നു കുഞ്ഞൻകുട്ടിയുടെ പരാതി.
തെളിവെടുക്കാനെത്തിയത് കമീഷൻ അംഗം അഡ്വ. കെ.കെ. മനോജാണ്. കൂടെ കമീഷനിലെ സെക്ഷൻ ഓഫിസർ, സീനിയർ ഗ്രേഡ് അസിസ്റ്റൻറ് തുടങ്ങിയവരുമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാർ, പട്ടികജാതി വികസന ഓഫിസർ ഗീത, ടൗൺ പ്ലാനർ ഇന്ദു, സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്ര ബോസ്, ജില്ലാ മെഡിക്കൽ ഓഫിസിലെ അസിസ്റ്റൻറ് ബാബുരാജൻ, എസ്.സി പ്രമോട്ടർ രാധാകൃഷ്ണൻ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.
അവസാനം മനോജ് നൽകിയ റിപ്പോർട്ട് ഇങ്ങനെ: ‘....മാവേലിക്കര നങ്ങ്യാർ കുളങ്ങര റോഡിൽനിന്ന് കരിപ്പുഴ നാലുകെട്ടുകവല റോഡിൽ പടിഞ്ഞാറ് വടക്കുഭാഗത്തേക്കുള്ള മെറ്റൽ പാകിയ റോഡിൽകൂടി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഒന്നേകാൽ ഏക്കറിൽ നിലത്തിൽ ഹാച്ചറി സ്ഥാപിച്ചിട്ടുണ്ട്. ഈ ഭൂമിയുടെ മുക്കാൽ ഭാഗത്തോളം വെള്ളം നിറഞ്ഞു നിൽക്കുന്നു. കിഴക്കും വടക്കും ചുറ്റുമതിൽ. ഹാച്ചറിയുടെ വടക്കുഭാഗത്ത് കുഞ്ഞൻകുട്ടിയുടെ വീട്. വീടും ഹാച്ചറിയും തമ്മിലുള്ള അകലം 10 മീറ്ററിൽ താഴെ. കുടികിടപ്പായി കിട്ടിയ രണ്ടര സെൻറ് ഭൂമിയിലാണ് കുഞ്ഞൻകുട്ടിയുടെ കൂട്ടുകുടുംബം താമസിക്കുന്നത്. ഗ്രാമപഞ്ചായത്ത് നൽകിയ തുക ഉപയോഗിച്ച് നിർമിച്ച പണിതീരാത്ത വീട്...’
കുറച്ചൊക്കെ വസ്തുതകൾ പറഞ്ഞിട്ടുണ്ടെങ്കിലും അതല്ല യഥാർഥ വസ്തുത. ഉടമ ഹാച്ചറി തുടങ്ങിയത് വിവിധ വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാതെയാണ്. ഇത് തടഞ്ഞ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. സ്ഥാപനത്തിെൻറ 100 മീറ്റർ ചുറ്റളവിലുള്ള താമസക്കാരുടെ സമ്മതപത്രം ഉടമ ഹാജരാക്കിയില്ല. പരിസരവാസികൾക്ക് ബുദ്ധിമുട്ടാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസറും നിബന്ധനകൾ പാലിക്കാതെയാണ് കെട്ടിടനിർമാണം നടത്തിയതെന്ന് ടൗൺ പ്ലാനറും മൊഴി നൽകി. അത് റിപ്പോർട്ടിലുമുണ്ട്. എന്നിട്ടും തിരക്കഥയുടെ ഒടുവിൽ മനോജ് ശിപാർശ ചെയ്തത് സ്ഥാപനം ഉടമക്ക് അനുകൂലമായി. ഹാച്ചറി പ്രവർത്തിക്കാൻ അനുമതി നൽകണം.
കമീഷൻ മനോജിെൻറ ശിപാർശ അംഗീകരിച്ചു. എന്നാൽ, കേസ് തീർപ്പുകൽപിച്ചതിെൻറ പകർപ്പ് ലഭിച്ചത് ഹാച്ചറി ഉടമക്ക് മാത്രം. കമീഷൻ കേസ് അട്ടിമറിച്ച വിവരം ഇപ്പോഴും പരാതിക്കാരനായ കുഞ്ഞൻകുട്ടി അറിഞ്ഞിട്ടില്ല. ആലപ്പുഴ പള്ളിപ്പാട് പാലമൂട്ടിൽ പടീറ്റതിൽ കുഞ്ഞൻകുട്ടി ഇപ്പോഴും കമീഷൻ തനിക്ക് അനുകൂലമായി തീർപ്പുകൽപിക്കുമെന്ന പ്രതീക്ഷയിലാണ്. കാരണം തെൻറ പരാതി നൂറു ശതമാനം സത്യസന്ധമാണെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. അറുപത്തിയഞ്ച് വയസ്സുള്ള ഈ കർഷകത്തൊഴിലാളിക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് എസ്.സി.പി (പട്ടിക ജാതി ഘടകപദ്ധതി) ഫണ്ടിൽനിന്നാണ് ഭവനനിർമാണത്തിന് തുക അനുവദിച്ചത്. ദാരിദ്യ്രം കൂടപ്പിറപ്പായ കുഞ്ഞൻകുട്ടി ഇപ്പോഴും അമ്പിയിൽ പട്ടികജാതി കോളനിയുടെ ഭാഗമായ രണ്ടുമുറി വീട്ടിൽ ഭാര്യയും നാലു ആൺമക്കളും അവരുടെ രണ്ടു ഭാര്യമാരും രണ്ടു ചെറുമക്കളുമൊത്താണ് താമസം.
വീടിന് തെക്കുവശത്തായി ഏഴരമീറ്റർ അകലത്തിൽ കരീത്തറ പുത്തലൻ വീട്ടിൽ ബേബി ശാമുവൽ ആദ്യം ഗ്രാവൽ ഇട്ട് തറ നിരത്തി. അതിനുശേഷം ഹാച്ചറി നിർമിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് പരാതി നൽകിയത്. കട്ടക്കുഴി പാടശേഖരത്തിെൻറ ഭാഗമായ വെള്ളക്കെട്ട് നിറഞ്ഞപ്രദേശത്ത് ഹാച്ചറിയുണ്ടാക്കുന്ന മാലിന്യം ജീവിതം ദുസ്സഹമാക്കുമെന്ന ഭയമാണ് പരാതിക്ക് കാരണം. 2013 ഫെബ്രുവരിയിൽ കലക്ടർ, ചെങ്ങന്നൂർ ആർ.ഡി.ഒ, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്, തൃക്കുന്നുപ്പുഴ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ പരാതി എത്തി. വളരെ താഴ്ന്ന, വെള്ളക്കെട്ട് പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചാൽ കുടിവെള്ളവും പരിസരവും മലിനമാകുമെന്നും ഇത് സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുമെന്നും പരിസരവാസികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. അതു തന്നെ ജില്ലാ മെഡിക്കൽ ഓഫിസറും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്ഥലം ഒന്നേകാൽ ഏക്കറോളം വയലോടു കൂടിയതാണന്നും ഹാച്ചറിക്ക് അനുമതി നൽകരുതെന്നുമായിരുന്നു ഡി.എം.ഒയുടെ റിപ്പോർട്ട്. 70 ശതമാനം ഭൂമി വെള്ളക്കെട്ടാണ്. ഹാച്ചറിയിലെ കോഴിക്കുഞ്ഞുങ്ങളെ സറ്റോക് ചെയ്യുന്ന ഷെഡും കുഞ്ഞൻകുട്ടിയുടെ വീടും തമ്മിൽ 16 മീറ്ററും എയറോബിക് കമ്പോസ്റ്റുമായുള്ള അകലം 30 മീറ്ററുമാണ്. വർഷകാലത്ത് വെള്ളപ്പൊക്കം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലത്ത് ഹാച്ചറി പ്രവർത്തിക്കാൻ അനുവദിക്കാനാവില്ല. പരിസരവാസികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുമുണ്ട്. എന്നാൽ, ഇതൊന്നും കമീഷന് ബോധപൂർവം ബോധ്യമായില്ല.
കമീഷനിൽ കേസ് നിലനിൽക്കെ കുഞ്ഞൻകുട്ടിയെയും സമീപവാസികളെയും സർക്കിൾ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിളിപ്പു. ഹാച്ചറി ഉടമയായ ശാമുവലിെൻറ മുന്നിൽവെച്ച് പരാതിക്കാരെ സി.ഐ. ഉദയഭാനു ഭീഷണിപ്പെടുത്തി. അതും കുഞ്ഞൻകുട്ടി കമീഷന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പരാതിയിൽ തീർപ്പു കൽപിച്ചതിെൻറ ഉത്തരവ് ഹാച്ചറി ഉടമക്ക് നൽകിയ കമീഷൻ കുഞ്ഞൻകുട്ടിയെ വിവരം അറിയിക്കാത്തത് എന്തുകൊണ്ടാണ്? ചെയർമാൻ ഒഴികെയുള്ള കമീഷനിലെ രണ്ട് അംഗങ്ങൾ കോൺഗ്രസിെൻറ നേതാക്കളാണ്. അവർക്ക് പട്ടികവിഭാഗത്തിെൻറ പ്രശ്നങ്ങളെക്കാൾ താൽപര്യം പാർട്ടി താൽപര്യങ്ങൾക്കാണ്. ഈ പരാതിയിലും ഇത്തരം ഇടപെടൽ നടന്നിട്ടുണ്ടെന്ന് കുഞ്ഞൻകുട്ടി സംശയിച്ചാൽ കുറ്റം പറയാനാവില്ല.
ഇതെല്ലാം ഇപ്പോഴത്തെ ചെയർമാെൻറയും അംഗങ്ങളുടെയും മാത്രം പ്രശ്നമല്ല. നേരത്തെ ഗോത്ര കമീഷെൻറ ചെയർമാനായിരുന്ന പി.കെ.ശിവാനന്ദനും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹം രൂപം നൽകിയ തിരുവനന്തപുരം മരുതംകുഴിയിലുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൊസൈറ്റൽ അഡ്വാൻസ്മെൻറ്’ എന്ന എൻ.ജി.ഒ അട്ടപ്പാടിയിലെ ആദിവാസികൾക്ക് പതിച്ചു നൽകിയ 100 ഏക്കർ പാട്ടത്തിനെടുത്തു കൈക്കലാക്കിയകാര്യം ശിശുമരണത്തിെൻറ പശ്ചാത്തലത്തിൽ ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്. ഗോത്ര കമീഷെൻറ തലപ്പത്തിരിക്കുന്നവർക്ക് ആദിവാസിക്ഷേമത്തിലുള്ള അതീവ താൽപര്യം വെളിവാക്കുന്നതാണ്് ഈ സംഭവം. പട്ടികജാതി/പട്ടികവർഗക്കാരുടെ അവസാനത്തെ ആശ്രയമായ ഗോത്ര കമീഷൻ രേഖകൾ വിവരാവകാശമനുസരിച്ചുപോലും പുറത്തുവിടാൻ വിസമ്മതിച്ചതിെൻറ കാരണവും മറ്റൊന്നുമല്ല. ഗോത്ര കമീഷൻ നിലവിൽവന്നത് പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ കമീഷന് കഴിയുന്നില്ലെന്ന് മാത്രമല്ല പട്ടികവിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കുടപിടിക്കുകയാണെന്ന അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോപണത്തിന് ഉത്തരം പറയാൻ കമീഷന് ബാധ്യതയുണ്ട്.
പരിഹാരമില്ലാത്ത അദാലത്തുകൾ
വി. ശശി എം.എൽ.എയുടെ നിയമസഭയിലെ ചോദ്യത്തിന് കമീഷൻ നൽകിയ മറുപടി അനുസരിച്ച് 2013–15 വർഷത്തിൽ കമീഷെൻറ പരിഗണനയിലുള്ള പരാതികൾ തീർപ്പാക്കുന്നതിനും പുതിയ പരാതികൾ സ്വീകരിക്കുന്നതിനുമായി വിവിധ ജില്ലകളിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചുവെന്നാണ്. എന്നാൽ, അദാലത്തുകളിലൂടെ ലഭിച്ച പരാതികൾ കമീഷൻ വേർതിരിച്ചിട്ടില്ല. ഇക്കാലത്ത് ആകെ 10000ത്തോളം പരാതികൾ കമീഷന് ലഭിച്ചിട്ടുണ്ട്. ഇത് രണ്ടരവർഷത്തെ കണക്കാണ്. അങ്ങനെയാണെങ്കിൽ പ്രതിവർഷം ശരാശരി 4000 പരാതികളെങ്കിലും ലഭിച്ചിരിക്കാം. എന്നാൽ, 2014ൽ തീർപ്പുകൽപിച്ചത് 378 കേസുകൾ മാത്രമാണ്. ഇതിൽ പട്ടികജാതി–പട്ടികവർഗ കേസുകൾ തരംതിരിച്ചിട്ടുമില്ല. അതുകൊണ്ട് ആദിവാസികൾ എത്ര പരാതി നൽകിയെന്നറിയാൻ നിർവാഹമില്ല. പരാതിക്കാർക്കെതിരായി ഒരു കേസിലും തീർപ്പുകൽപിച്ചിട്ടില്ലെന്നും കമീഷൻ മറുപടി നൽകി. വർഷത്തിൽ എത്ര പരാതികളിൽ സ്ഥല സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കിയെന്നതിെൻറ കണക്കും കമീഷനിൽ ലഭ്യമല്ല.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.