സ്ഥാനത്ത് എത്തിയ ശേഷം പുച്ഛിക്കുന്നത് ശരിയല്ല; ചെന്നിത്തലക്കെതിരെ തിരുവഞ്ചൂർ
text_fieldsകോട്ടയം: നേതൃമാറ്റം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ച കത്തിനെതിരെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു നേതാവും സ്വയംഭൂവാകുന്നതല്ല; ജനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. സ്ഥാനത്ത് എത്തിയ ശേഷം പുച്ഛിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. പരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. പരസ്യപ്രസ്താവന നടത്തി ആൾക്കാരെ ഹരംകൊള്ളിക്കാമെന്നത് മണ്ടത്തമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷമായി ധാരാളം നല്ല കാര്യങ്ങൾ ചെയ്ത സർക്കാറാണ് കേരളത്തിലേത്. സർക്കാറിെൻറ പ്രവർത്തനങ്ങളിൽ പോരായ്മ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. പരസ്യ പ്രസ്താവന നടത്തുന്നത് ആർക്കും ഗുണം ചെയ്യില്ല. പതിനായിരക്കണക്കിന് പ്രവർത്തകർ ചോരയും നീരും നൽകിയാണ് കോൺഗ്രസിനെ വളർത്തിയത്. അത് ആരും മറക്കരുതെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി. ചെന്നിത്തല മന്ത്രിസഭയിലെത്തുന്നതിനു മുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആഭ്യന്തരവകുപ്പ് മന്ത്രി.
നേരത്തെ കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ.എം മാണിയും ചെന്നിത്തലയുടെ കത്തിനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. കോട്ടയം പ്രസ്ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല അയച്ച കത്തിന് പിതൃത്വമില്ലെന്നും കമ്പിയില്ലാക്കമ്പിയുടെ അവസ്ഥയാണെന്നും മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.