ഡി.സി.സി ഭാരവാഹികളെ ഇനി റോഡിൽ തട്ടി വീഴും; കോണ്‍ഗ്രസിന് നാണക്കേടായി പുനഃസംഘടന
text_fieldsകൊച്ചി: കോണ്‍ഗ്രസ് പാർട്ടിക്ക് നാണക്കേടായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന. കെ.പി.സി.സി ഞായറാഴ്ച പുറത്തു വിട്ട പുന:സംഘടനാ ലിസ്റ്റ് പ്രകാരം ഓരോ ഡി.സി.സി.യിലും നിലവിലുള്ളവരുടെ മൂന്നിരട്ടി വരെ ഭാരവാഹികളുണ്ട്. എ, ഐ ഗ്രൂപ്പുകൾ കൊടുത്ത ലിസ്റ്റിനു പുറമേ കെ.പി.സി.സി പ്രസിഡൻറ് വിഎം സുധീരൻെറ ലിസ്റ്റ് കൂടി ഉൾപ്പെടുത്തിയതാണ് ഇത്രയും വലിയ ജംബോ പട്ടിക വരാൻ കാരണം. ഗ്രൂപ്പിനെതിരെ പരസ്യ നിലപാട് എടുത്തിരുന്ന സുധീരൻെറ ഗ്രൂപ്പ് പുനസംഘടനയോടെ മറ നീക്കി പുറത്തു വന്നു.
തിരുവനന്തപുരത്ത് നൂറിലേറെ ഭാരവാഹികളെയാണ് നോമിനേറ്റ് ചെയ്തത്. കൊല്ലത്തും കോഴിക്കോട്ടും നൂറിനടുത്തുണ്ട് എണ്ണം. മറ്റു ജില്ലകളിലും സ്ഥിതി ഇതു തന്നെ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നൊക്കെ പറയുന്നത് സമൂഹത്തിൽ എന്തെങ്കിലും നിലയും വിലയും ഉള്ള പദവി ആയിരുന്നെങ്കിൽ ഇനി അത് നാണക്കേടിൻെറ പ്രതീകമാകും. വഴിയിലിറങ്ങിയാൽ ഡി സി സി ഭാരവാഹികളെ തട്ടി വീഴുന്ന അവസ്ഥ.
കോണ്‍ഗ്രസിൻെറ ചരിത്രത്തിൽ ഇതു വരെ ഇത്രയും ഭാരവാഹികളെ കുത്തി നിറച്ച് ഡി.സി.സികൾ ഉണ്ടാക്കിയിട്ടില്ല. കെ.പി.സി.സി അംഗീകരിച്ച മാനദണ്ഡം മറികടന്നാണ് പുനസംഘടന നടത്തിയത്. ഭാരവാഹികളായി വരുന്നവരുടെ പ്രവർത്തന പാരമ്പര്യം അടക്കം കാര്യങ്ങളിൽ വ്യക്തത വരുത്തിയിരുന്നെങ്കിലും പുനസംഘടനയിൽ അതൊന്നും പാലിക്കപ്പെട്ടില്ല. സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറിനിന്നവർ വരെ ഡി.സി.സികളിൽ കയറിക്കൂടി. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാറ്റി നിർത്തിയ ചിലർ സുധീരൻ ഗ്രൂപ്പിലേക്ക് കാലു മാറി ഭാരവാഹി ലിസ്റ്റിൽ കടന്നു കൂടി.
പാർട്ടിയെ നാണം കെടുത്തുന്ന പുനസംഘടനയാണിതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ഗ്രൂപ്പ് ഭേദമില്ലാതെ പറഞ്ഞു. കോണ്‍ഗ്രസുകാരെ മുഴുവൻ ഞെട്ടിച്ച പുനഃസംഘടനയാണ് നടന്നതെന്ന് എം.ഐ ഷാനവാസ് എം.പി ഫേസ്ബുക്കിൽ കുറിച്ചു . സർവവിധ മാനദണ്ഡങ്ങളും പാരമ്പര്യവും കാറ്റിൽ പറത്തി. പാർട്ടിക്ക് ഇതു വലിയ ബാധ്യതയായി മാറും. നേതാക്കൾ സദസ്സിലും അണികൾ വേദികളിലും ഇരിക്കത്തക്ക രീതിയിൽ ക്രമീകരണം എല്ലാ ഡി.സി.സികളിലും ചെയ്യേണ്ടി വരും. ആർക്കും ഭാരവാഹിയാകാം എന്ന സാഹചര്യം ഡി.സി.സി ഭാരവാഹിത്വത്തിൻെറ അന്തസ്സ് തകർക്കും. പാർട്ടിയെ പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് ഇതെന്നും ഷാനവാസ് പറഞ്ഞു.
എം.ഐ ഷാനവാസിൻെറ ഫേസ്ബുക്ക് പോസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.