സവര്‍ണ ഫാഷിസത്തിനെതിരെ പ്രതിഷേധവുമായി അമാനവസംഗമം
text_fieldsകോഴിക്കോട്: വ്യത്യസ്തതകളെ നിഷേധിക്കുന്ന ഇടത് ലിബറലിസത്തിനെതിരെ കടപ്പുറത്ത് അമാനവസംഗമം നടത്തി. വിവിധ സ്വത്വങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തി ഇല്ലായ്മ ചെയ്യുന്ന സവര്‍ണ ഫാഷിസത്തിനെതിരെ ഫേസ്ബുക്കില്‍ രൂപപ്പെട്ട കൂട്ടായ്മയാണ് അമാനവസംഗമം നടത്തിയത്. കൊച്ചിയില്‍ നടക്കുന്ന മാനവസംഗമത്തിന് ബദലായാണ് വ്യത്യസ്ത സ്വത്വങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ ചേര്‍ന്ന് സംഗമം നടത്തിയത്. ഭരണകൂടത്തിന്‍െറ നോട്ടപ്പുള്ളിയായ എന്നെ ഇല്ലാതാക്കാന്‍ ഇനി ഹൃദയാഘാതത്തിന്‍െറ ആവശ്യമുണ്ടാകില്ല, അവരുടെ വെടിയുണ്ട മതിയാകുമെന്നും ചടങ്ങില്‍ സംസാരിച്ച ഗ്രോവാസു പറഞ്ഞു. മുസ്ലിം സഹോദരന്മാര്‍ നമ്മുടെ സഹോദരന്മാരല്ളെന്നും അവര്‍ വേറെ എവിടെനിന്നോ വന്ന് രാജ്യവിഭവങ്ങള്‍ അനര്‍ഹമായി അനുഭവിക്കുകയാണെന്നും പറയുന്നരീതിയാണ് ഇപ്പോഴുള്ളത്. അവരെ മുസ്ലിംരാജ്യത്തേക്ക് ഓടിക്കണമെന്നും ആവശ്യപ്പെടുന്നു. ഏത് ലോകത്തായാലും ഇന്ത്യയിലായാലും മുസ്ലിംകളെ നമ്മുടെ സഹോദരരായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരാണെന്ന് പറയുന്ന സി.പി.എമ്മിന്‍െറ ഫാഷിസത്തിന്‍െറ നേരിട്ടുള്ള ഇരയാണ് താനെന്ന് പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായതിന്‍െറ പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന ചിത്രലേഖ പറഞ്ഞു. സ്വന്തംനാട്ടില്‍ ജോലി ചെയ്യാനും ജീവിക്കാനും അനുവദിക്കാതെ ഓടിച്ച സി.പി.എമ്മുകാര്‍ അവരുടെ ഫാഷിസ്റ്റ് നിലപാട് എന്‍െറ ജീവിതത്തില്‍ പ്രയോഗിച്ചവരാണെന്നും അവര്‍ പറഞ്ഞു. സാമുദായികാടിസ്ഥാനത്തിലാണ് ഫാഷിസം പ്രവര്‍ത്തിക്കുന്നതെന്നും ഫാഷിസത്തിനെതിരായ ഏതു സമരവും അതനുഭവിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും ദലിത് ചിന്തകനായ കെ.കെ. ബാബുരാജ് പറഞ്ഞു. മതേതര-ലിബറല്‍ ഭരണകൂടങ്ങളുമായുള്ള നീക്കുപോക്കിലൂടെ ഒരിക്കലും ഫാഷിസ്റ്റ് വിരുദ്ധ മുന്നണി സാധ്യമല്ളെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ്, തമ്പാട്ടി, മധുസൂദ്, യഹിയ കമ്മുകുട്ടി, സി.ആര്‍. ജസീല, അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്‍െറ നാനാതുറകളില്‍നിന്നുള്ള നിരവധിപേര്‍ സംഗമത്തില്‍ പങ്കെടുത്തു. സവര്‍ണ ഫാഷിസത്തിനെതിരിലും ഭരണകൂടഭീകരതക്കെതിരിലും പാട്ടിലൂടെയും മുദ്രാവാക്യത്തിലൂടെയും പ്രതിഷേധമുയര്‍ത്തി. കോര്‍പറേഷന്‍ ഓഫിസിന് സമീപം തറയില്‍ സംഗമിച്ച പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് മണല്‍ത്തിട്ടയിലേക്ക് ഇറക്കിവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.