നിയമനാംഗീകാരമാവാത്ത അധ്യാപകരുടെ അനിശ്ചിതകാലസമരം നാളെത്തുടങ്ങും
text_fieldsതിരുവമ്പാടി: നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ ചൊവ്വാഴ്ച സമരം തുടങ്ങുന്നത് വിദ്യാഭ്യാസവകുപ്പിനെ സമ്മര്‍ദത്തിലാക്കും. സെക്രട്ടേറിയറ്റിലും ക്ളിഫ്ഹൗസിന് മുന്നിലുമാണ് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂനിയന്‍െറ നേതൃത്വത്തില്‍ അധ്യാപകര്‍ അനിശ്ചിതകാല സമരമാരംഭിക്കുന്നത്.
നാല് വര്‍ഷമായി വിരമിക്കല്‍, രാജി, മരണം, പ്രമോഷന്‍, അധിക തസ്തികകള്‍ എന്നിവയില്‍ നിയമനംനേടിയ 4000 ത്തോളം അധ്യാപകരാണുള്ളത്. എയ്ഡഡ് മാനേജ്മെന്‍റുകളുടെ 2011 മുതലുള്ള നിയമനങ്ങള്‍ ഹൈകോടതി അംഗീകരിച്ച സാഹചര്യത്തില്‍ അധ്യാപക പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. അധ്യാപക പാക്കേജ് സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാന്‍ തടസ്സമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഇതുവരെ ചൂണ്ടിക്കാണിച്ചിരുന്നത്.
നാല് വര്‍ഷമായി വേതനമില്ലാതെ ദുരിതത്തില്‍ കഴിയുന്ന അധ്യാപകര്‍ക്ക് മാറിയ സാഹചര്യത്തില്‍ നിയമനാംഗീകാരം നല്‍കുന്നതിന് തടസ്സമില്ല. എന്നാല്‍, അധ്യാപക വിദ്യാര്‍ഥി അനുപാതം 2015 മുതല്‍ 1:45 ആക്കിയത് ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് സൂചനയുണ്ട്. പാക്കേജ് വീണ്ടും കോടതി വ്യവഹാരങ്ങളില്‍ കുരുങ്ങിയാല്‍ നിയമനാംഗീകാരപ്രശ്നം അനന്തമായി നീളുന്ന സാഹചര്യമുണ്ടാവും. അധ്യാപക പാക്കേജ് പ്രശ്നത്തില്‍ കടുത്ത സമ്മര്‍ദമാണ് സര്‍ക്കാറിന് മേലുള്ളത്.
ക്രൈസ്തവസഭ, കോര്‍പറേറ്റ് മാനേജ്മെന്‍റുകള്‍, ഭരണപക്ഷ അധ്യാപക സംഘടനകള്‍ നാല് വര്‍ഷമായി ഉന്നയിക്കുന്ന വിഷയമാണിത്. ഈ വിഷയത്തിലെ സമ്മര്‍ദ ഗ്രൂപ്പുകളെല്ലാം യു.ഡി.എഫ് അനുകൂല വിഭാഗങ്ങളാണെന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. കോണ്‍ഗ്രസിന്‍െറ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.പി.എസ്.ടി.യു) ലീഗിന്‍െറ അധ്യാപക സംഘടനയായ കെ.എസ്.ടി.യു എന്നിവക്ക് അധ്യാപക പാക്കേജ് പരിക്കില്ലാതെ നടപ്പാക്കേണ്ടത് സംഘടനാപരമായ അനിവാര്യതയാണ്. ഈ സംഘടനകള്‍ തങ്ങളുടെ നേട്ടമായാണ് അധ്യാപക പാക്കേജ് അവതരിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.