മുത്തങ്ങ: ജയിലില്‍ കഴിഞ്ഞ കുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരമില്ല
text_fieldsതിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മറുപടി. മനുഷ്യവകാശ കമീഷന്‍ ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന സഞ്ജീബ് പട്ജോഷി 2011 ജൂണ്‍ 20ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത 161 പട്ടിവര്‍ഗ കുട്ടികളെയാണ് ജയിലിലടച്ചത്. നില്‍പ് സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുത്തങ്ങ സമരത്തില്‍ ജയിലില്‍ കഴിഞ്ഞ മുഴുവന്‍ കുട്ടികള്‍ക്കും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിന് പട്ടികവര്‍ഗ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. വയനാട്ടിലെ പട്ടികവര്‍ഗ ഓഫിസാണ് എണ്ണം വെട്ടിക്കുറച്ച് നഷ്ടപരിഹാര പാക്കേജ് അട്ടിമറിച്ചത്. കുട്ടികളുടെ പേരും വയസ്സുമെല്ലാം രേഖപ്പെടുത്തിയ രജിസ്റ്റര്‍ അപ്രത്യക്ഷമായിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 121 കുട്ടികള്‍ മാതാക്കളോടൊപ്പം ഉണ്ടായിരുന്നു. ഇതില്‍ ഒന്നും ഒന്നരയും വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നൂല്‍പ്പുഴയിലെ ബിന്ദുവിന്‍െറ മൂന്നുകുട്ടികള്‍, മാധവന്‍ -മീനാക്ഷി എന്നിവരുടെ രണ്ടു കുട്ടികള്‍, ദേവി, സരസു, രാധ, ഷീബ എന്നിവരുടെ രണ്ടുകുട്ടികള്‍ വീതവും കണ്ണൂരില്‍ സെന്‍ട്രല്‍ ജയിലിലുണ്ടായിരുന്നു.
ഇങ്ങനെ വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ മുന്നിലുണ്ടായിട്ടും നക്ഷ്ടപരിഹാരം നല്‍കുന്നതില്‍ പട്ടികവര്‍ഗ വകുപ്പ് നടത്തിയത് വീഴ്ചയാണ്. അവിവാഹിത അമ്മമാര്‍ക്ക് നടപ്പാക്കിയ സ്നേഹസ്പര്‍ശം പദ്ധതി നേരത്തേ അട്ടിമറിച്ചിരുന്നു. വയനാട്ടിലെ ആദിവാസി ജനതക്കും കുട്ടികള്‍ക്കുമെതിരെ മുത്തങ്ങയില്‍ മനുഷ്യാവകാശ ലംഘനം നടന്നത് നോര്‍ത് സോണ്‍ എ.ഡി.ജി.പി, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്.
വിവിധ രേഖകളും ഡോക്യുമെന്‍ററികളും മനുഷ്യാവകാശ ലംഘനം നടന്നതിന് തെളിവായുണ്ട്. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും വനംവകുപ്പും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും നശിപ്പിച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.