വിദ്വേഷപ്രസംഗം: വെള്ളാപ്പള്ളി നടേശൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
text_fieldsകൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈകോടതിയിലാണ് അപേക്ഷ നൽകിയത്. ഹരജിയിൽ കോടതി സർക്കാറിൻെറ വിശദീകരണം ആരാഞ്ഞു. കേസ് ബുധനാഴ്ച പരിഗണിക്കും.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും സർക്കാറിനെ വിമർശിക്കുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി നടേശൻ അപേക്ഷയിൽ പറഞ്ഞു. തനിക്കെതിരെയുള്ള കേസിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണ്. തൻെറ പ്രസംഗം കാരണം സംസ്ഥാനത്തെ മതസൗഹാർദ്ദത്തിന് ഇതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും ഹരജിയിൽ നടേശൻ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 153 എ പ്രകാരമാണ് കേസെടുത്തത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായ നൗഷാദ് എന്ന യുവാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് സൂചിപ്പിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മുസ് ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന് ശേഷം ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിലും വെള്ളാപ്പള്ളി ഇക്കാര്യം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.