നാറാത്ത് കേസിലെ സാക്ഷിയെ ബലമായി കസ്റ്റഡിയിലെടുത്തു
text_fieldsകണ്ണൂര്‍: നാറാത്ത് ആയുധ പരിശീലന കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ മഹസര്‍ സാക്ഷിയും എം.എസ്.എഫ് പ്രവര്‍ത്തകനുമായ പാട്ടയം സ്വദേശി കെ.പി. ജാബിറിനെ എന്‍.ഐ.എയുടെ നിര്‍ദേശ പ്രകാരം പൊലീസ് കൊച്ചിയിലേക്ക് കൊണ്ടുപോയി. നാറാത്ത് ടൗണില്‍നിന്ന് ഇന്നലെ വൈകീട്ട് കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ജാബിറിനെ ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു. ജാബിറിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ വളപട്ടണം സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കേസിലെ സാക്ഷിയെ പ്രതികളെ പിടികൂടുന്നതുപോലെ തട്ടിക്കൊണ്ടുപോകാനുള്ള പൊലീസിന്‍െറ നടപടിയെയും ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എന്നാല്‍, എന്‍.ഐ.എയുടെ നിര്‍ദേശ പ്രകാരമാണ് ജാബിറിനെ കൊണ്ടുപോകുന്നതെന്നും ജാബിറിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ടെന്നും പൊലീസ് പറഞ്ഞു. ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബന്ധുക്കളുടെ അകമ്പടിയോടെ പ്രത്യേക വാഹനം ഏര്‍പ്പാടു ചെയ്താണ് രാത്രി പത്തരയോടെ ജാബിറിനെ കൊണ്ടുപോയത്.
നേരത്തെ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരായിരുന്നെങ്കിലും പ്രോസിക്യൂഷന്‍ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു. ജാബിറിന്‍െറ മൊഴി എന്‍.ഐ.എയുടെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നതിനാല്‍ സാക്ഷിമൊഴി മാറ്റിപ്പറയിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. അഡ്വ. കെ.എ ലത്തീഫ്, കൊടപ്പയില്‍ മുസ്തഫ, സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.