എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന് അനുമതി
text_fieldsന്യൂഡല്‍ഹി: ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) വാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന് അനുമതി. ഇതിനായുള്ള സങ്കീര്‍ണ സാങ്കേതികവിദ്യയായ മെംബറൈന്‍ ടെക്നോളജി ഉപയോഗിക്കാനുള്ള ലൈസന്‍സ് ഫ്രാന്‍സിലെ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് ടെക്നിഗാസ് (ജി.ടി.ടി) കമ്പനി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കൈമാറി.
കേന്ദ്ര ഷിപ്പിങ് മന്ത്രി നിധിന്‍ ഗഡ്കരി, ഇന്ധന വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡ് മേധാവി കെ. സുബ്രഹ്മണ്യം ജി.ടി.ടി മേധാവി ഫിലിപ് ബെര്‍ടിറോട്യറില്‍നിന്ന് ലൈസന്‍സ് ഏറ്റുവാങ്ങി. കൊറിയ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ എല്‍.എന്‍.ജി വാഹിനികള്‍ നിര്‍മിക്കുന്നത്. ഇത്തരം ലൈസന്‍സ് ലഭിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയാണ് കൊച്ചിയിലേത്. മൈനസ് 163 ഡിഗ്രിയില്‍ വാതകം സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യയാണ് കപ്പല്‍ശാല സ്വായത്തമാക്കിയത്.
ലൈസന്‍സ് കൈവന്നതോടെ എല്‍.എന്‍.ജി വാഹിനികള്‍ നിര്‍മിക്കാനുള്ള ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെന്‍ഡറില്‍ പങ്കുകൊള്ളാന്‍ കൊച്ചിന്‍ കപ്പല്‍ശാലക്ക് കഴിയും. 20 വര്‍ഷത്തേക്ക് അമേരിക്കയില്‍നിന്ന് എല്‍.എന്‍.ജി കൊണ്ടുവരാന്‍ ഗയില്‍ കരാറുണ്ടാക്കിയ പശ്ചാത്തലത്തില്‍ പുതിയ ലൈസന്‍സ് കൊച്ചിന്‍ കപ്പല്‍ശാലക്ക് ഏറെ ഗുണകരമാകുമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മിക്കാന്‍ അനുമതി നേടുന്നതിന്‍െറ ഭാഗമായി കപ്പല്‍ശാലയുടെ ഗുണമേന്മ പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി മേഖലകളിലെ യോഗ്യതാ മാനദണ്ഡങ്ങളെല്ലാം വിജയകരമായി പാലിച്ചതായും ജീവനക്കാര്‍ക്ക് കൊറിയയിലെ സാംസങ് കമ്പനിയില്‍ മികച്ച പരിശീലനം നല്‍കിയതായും കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു. ഒരു കപ്പല്‍ നിര്‍മിക്കുമ്പോള്‍ ഒമ്പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഫ്രഞ്ച് കമ്പനിക്ക് ലൈസന്‍സ് ഫീസായി നല്‍കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.