ആദിവാസി പെണ്‍കുട്ടികളെയും ‘പോക്സോ’ കുരുക്കുന്നു
text_fieldsകല്‍പറ്റ: ഗോത്രാചാര പ്രകാരം മകളെ കല്യാണം കഴിച്ചയാള്‍ നിയമത്തിന്‍െറ കുരുക്കില്‍പെട്ട് ജയിലിലാണ്. പ്രായപൂര്‍ത്തിയാകാത്ത മകള്‍ പുനരധിവാസകേന്ദ്രത്തിലും. നൊന്തുപെറ്റ മകളെ ഒന്നുകാണാന്‍ ഈ ആദിവാസി അമ്മ കണ്ണുനട്ട് കാത്തിരിപ്പു തുടങ്ങിയിട്ട് ദിവസങ്ങളൊരുപാടായി. ഒടുവില്‍ പുനസ്സമാഗമത്തിന് ഇന്നലെ ചെറുകുന്ന് നെന്മേനിക്കുന്ന് കോളനി സാക്ഷിയായി. 15 വയസ്സുപിന്നിട്ട പ്രിയമകളെ കണ്ണുനിറയെ ആ അമ്മ കണ്ടു. അധികനേരമൊന്നും അധികൃതര്‍ അനുവദിച്ചില്ല. കൊണ്ടുവന്ന വാഹനത്തില്‍തന്നെ അവളെ കൊണ്ടുപോകുന്നത് ചങ്കു തകരുന്ന വേദനയുമായി ഈ അമ്മ ഇമവെട്ടാതെ നോക്കിനിന്നു.ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) പ്രത്യേക സാഹചര്യത്തില്‍ ചുമത്തപ്പെട്ട് ജയിലിലാകുന്ന ആദിവാസി യുവാക്കളെപ്പോലത്തെന്നെ നിയമം മറ്റൊരുതരത്തില്‍ ആദിവാസി പെണ്‍കുട്ടികളെയും കുരുക്കുകയാണ്. ഇതിന്‍െറ ദയനീയ ഉദാഹരണമാണ് നെന്മേനിക്കുന്ന് കോളനിയിലെ ഈ പെണ്‍കുട്ടി.
മുത്തങ്ങ കാടിനോടടുത്ത കല്ലൂര്‍ തിരുവണ്ണൂര്‍ കോളനിയിലെ വെള്ളയുടെ 19 വയസ്സുള്ള മകന്‍ ശിവദാസാണ് ഇവളെ ഗോത്രാചാരപ്രകാരം വിവാഹം കഴിക്കുന്നത്. പണിയ ആചാരപ്രകാരം പെണ്‍കുട്ടി വയസ്സറിയിച്ചുകഴിഞ്ഞാല്‍ പിന്നെ ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം ഇഷ്ടപ്പെട്ട ചെറുക്കനൊപ്പം ഒരുമിച്ചുതാമസിക്കുകയാണ് ചെയ്യുക. എന്നാല്‍, നിയമമനുസരിച്ച് കല്യാണം കഴിക്കാന്‍ പുരുഷന് 21ഉം പെണ്‍കുട്ടിക്ക് 18ഉം വയസ്സ് പൂര്‍ത്തിയാകണം. ഇതോടെയാണ് പോക്സോ പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ശിവദാസന്‍ മാനന്തവാടി ജില്ലാ ജയിലിലായത്. രണ്ടുതവണ ജാമ്യഹരജി നല്‍കിയെങ്കിലും കോടതി തള്ളി. ബുധനാഴ്ച വീണ്ടും ജാമ്യഹരജി കോടതി പരിഗണിക്കുന്നുണ്ട്. ശിവദാസന്‍ ജയിലിലായതോടെ ഭാര്യയായ പെണ്‍കുട്ടിയെ നിയമം അനുശാസിക്കുന്ന തരത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ള്യു.സി) നിര്‍ദേശ പ്രകാരം പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
നിയമപ്രകാരം ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കോടതി മൊഴിയെടുക്കുന്നതുവരെ വീട്ടിലേക്ക് പറഞ്ഞയക്കില്ല. അടുത്ത ബന്ധുക്കളല്ലാതെ ആരെയും കാണിക്കുകയുമില്ല. പെണ്‍കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തിയും കുറ്റക്കാര്‍ സ്വാധീനിക്കുന്നത് ഒഴിവാക്കാനും കൂടിയാണിത്. അന്നുമുതല്‍ കോളനിയിലുള്ള അമ്മയും അച്ഛനും മകളെ കാണണമെന്ന് ഏറെ കൊതിച്ചു. ദുരിതം പിടിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, കിലോമീറ്ററുകള്‍ താണ്ടി അത്താഴപ്പട്ടിണിക്കാരായ അവര്‍ കല്‍പറ്റയില്‍ സി.ഡബ്ള്യു.സിയുടെ സിറ്റിങ്ങിനത്തെി അപേക്ഷ നല്‍കി. ഇവിടെനിന്നുള്ള കത്തുമായി പിന്നീട് മാനന്തവാടിയിലെ ‘സമഖ്യ’ കേന്ദ്രത്തില്‍ നേരിട്ടത്തെണം. നിരവധി അസുഖങ്ങളുള്ള അമ്മക്ക് ഇതിന് കഴിയില്ളെന്നറിയിച്ചതോടെ പെണ്‍കുട്ടിയെ നേരിട്ട് കോളനിയിലത്തെിക്കണമെന്ന് സി.ഡബ്ള്യു.സി ഡിസംബര്‍ ഏഴിന് നിര്‍ദേശിച്ചു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല.
തിങ്കളാഴ്ച നടന്ന സിറ്റിങ്ങിലും വീട്ടുകാര്‍ അപേക്ഷ നല്‍കി. അപ്പോഴാണ് പെണ്‍കുട്ടിയെ ഇതുവരെ അമ്മയെ കാണിച്ചില്ളെന്ന കാര്യം സി.ഡബ്ള്യു.സി പോലും അറിയുന്നത്. ഇതോടെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പെണ്‍കുട്ടിയുമായി അധികൃതര്‍ കോളനിയിലത്തെിയത്. ഒരു മണിക്കൂറോളം അമ്മയും മകളും സംസാരിച്ചു. കുട്ടിത്തം വിട്ടുമാറാത്ത അവള്‍ അമ്മയോട് ചേര്‍ന്നുനിന്നു. വാക്കുകള്‍ മുറിഞ്ഞു. ഉടന്‍ തന്നെ തിരിച്ചുപോവുകയും ചെയ്തു. ആദിവാസികള്‍ക്കു മേല്‍ പോക്സോ നിയമം കൃത്യമായി ചാര്‍ത്തുന്ന അധികൃതര്‍ ഇതിനുശേഷമുള്ള നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തുന്നുവെന്ന് ആക്ഷേപമുണ്ട്. വയനാട് ജില്ലാ കോടതിയില്‍ ഇപ്പോള്‍ 90 പോക്സോ കേസുകളാണുള്ളത്. ഇതില്‍പ്പെട്ട മുപ്പതോളം യുവാക്കള്‍ മാനന്തവാടി ജില്ലാ ജയിലിലും വൈത്തിരി സബ് ജയിലിലും കഴിയുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്നാണ് നിയമമെങ്കിലും ഇത് നീളുകയാണ്. ജാമ്യത്തിന് സ്വന്തം ആധാരം ഈട് വെക്കണം. ഇതില്ലാത്തതിനാല്‍ യുവാക്കള്‍ക്ക് ജാമ്യം പോലും കിട്ടുന്നില്ല. അഴിക്കുള്ളിലായ യുവാക്കളുടെ ദുരിതം പോലത്തെന്നെയാണ് പുറത്ത് കഴിയുന്ന ഭാര്യമാരായ പെണ്‍കുട്ടികളുടെ അവസ്ഥയും. ജയിലില്‍ കഴിയുന്ന ഭര്‍ത്താക്കന്മാരെ കാണാന്‍ എത്തുന്ന ഈ ബാലികമാര്‍ ജയില്‍ ജീവനക്കാര്‍ക്കും വേദനക്കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.