മൂന്നാർ കൈയേറ്റം: പുന:പരിശോധന ഹരജി തള്ളി; നഷ്ടപരിഹാരം നല്‍കണം
text_fieldsകൊച്ചി: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കി ദൗത്യസംഘം ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്ക് തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനുമുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കും. ക്ളൗഡ് 9, അബാദ് പ്ളാസ, മൂന്നാര്‍ വുഡ്സ് റിസോര്‍ട്ടുകളില്‍നിന്ന് പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കാനും പൊളിച്ചുനീക്കിയ ക്ളൗഡ് 9 റിസോര്‍ട്ടിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കാനുമുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ നല്‍കിയ ഹരജികള്‍ ഹൈകോടതി തള്ളി.
സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവുകള്‍ പുന$പരിശോധനക്ക് വിധേയമാക്കേണ്ട ആവശ്യമില്ളെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പുന$പരിശോധന ഹരജികള്‍ തള്ളിയത്. റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുത്ത ജില്ലാ കലക്ടറുടെ നടപടി ചോദ്യംചെയ്ത് ഉടമകള്‍ നല്‍കിയ ഹരജിയില്‍ സിംഗ്ള്‍ ബെഞ്ച് ഇവര്‍ക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും 2014 ജൂലൈ 25ന് ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീഖും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു. ക്ളൗഡ് 9 റിസോര്‍ട്ടിന് ജില്ലാ കലക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് മാറ്റി സര്‍ക്കാര്‍ നല്‍കണമെന്ന് തിരുത്തല്‍ വരുത്തുകയും ചെയ്തു.
തുടര്‍ന്നാണ് വസ്തുതകള്‍ പരിശോധിക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് വിധി എന്നാരോപിച്ച് സര്‍ക്കാറും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെ സ്ഥലം മാറ്റിയുള്ള വിജ്ഞാപനം വന്നശേഷം അവരടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വി.എസും പുന$പരിശോധന ഹരജി നല്‍കിയത്. നടപടിക്രമങ്ങള്‍ പാലിച്ചുള്ളതാണ് ഡിവിഷന്‍ബെഞ്ച് വിധിയെന്നും ഭൂമി ഏറ്റെടുത്തതിലെയും റിസോര്‍ട്ടുകള്‍ പൊളിച്ചതിലെയും നിയമവിരുദ്ധ പ്രവര്‍ത്തനമാണ് സിംഗ്ള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച് ഉത്തരവുകള്‍ക്ക് അടിസ്ഥാനമായതെന്നും വ്യക്തമാക്കിയാണ് പുന$പരിശോധനക്ക് കാരണങ്ങളില്ളെന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളിയത്. കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാറിന് നിയമപരമായ നടപടി സ്വീകരിക്കാന്‍ വിധി തടസ്സമല്ളെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുന്നതിനെ കോടതി തടഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട പ്രധാനവസ്തുതയോ തെളിവോ വിധിക്കുശേഷം പുതുതായി ശ്രദ്ധയില്‍പെട്ടാലോ രേഖകളിലെ തെറ്റുകളോ മറ്റ് കേടുപാടുകളോ വിധിയെ സ്വാധീനിക്കുകയോ ന്യായമെന്ന് ബോധ്യമുള്ള മറ്റ് കാരണങ്ങളാലോ മാത്രമേ വിധി പുന$പരിശോധിക്കേണ്ടതുള്ളൂ. നേരത്തേ തള്ളിയ വാദങ്ങള്‍തന്നെ വീണ്ടും കൊണ്ടുവരുകയോ ഒന്നിലേറെ കാഴ്ചപ്പാട് വിധിയിലുണ്ടെന്നതിന്‍െറ പേരിലോ നിഷേധിക്കപ്പെട്ട പ്രധാന ആവശ്യം വീണ്ടും ഉന്നയിച്ചാലോ പുന$പരിശോധന ആവശ്യമില്ല.
അതേസമയം, ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഇപ്പോഴും സർക്കാരിൽ നിക്ഷിപ്തമാണെന്നും വി.എസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.