ബാര്‍ അസോസിയേഷന്‍ ഓഫിസില്‍ നിന്ന് പ്രാക്ടീസ് രേഖകള്‍ കടത്താനുള്ള ശ്രമം അഭിഭാഷകര്‍ തടഞ്ഞു
text_fieldsതിരുവനന്തപുരം: ദേശീയ ബാര്‍ കൗണ്‍സിലിന്‍െറ നിര്‍ദേശാനുസരണം തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിന്‍െറ രേഖകള്‍ പിന്‍വാതിലിലൂടെ കടത്താനുള്ള ശ്രമം ഒരു സംഘം അഭിഭാഷകര്‍ തടഞ്ഞു.
ബാര്‍ കൗസിലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റ് ജോലികളില്‍ പ്രവേശിച്ചവരെ അഭിഭാഷകറോളില്‍ നിന്ന് നീക്കാനും നിലവില്‍ അഭിഭാഷകവൃത്തിയിലുള്ളവര്‍ക്ക് മാത്രമായി അഭിഭാഷക വെല്‍ഫെയര്‍ ഫണ്ട് പരിമിതപ്പെടുത്താനുമാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിലൂടെ ദേശീയ ബാര്‍ കൗണ്‍സില്‍ ലക്ഷ്യമിട്ടത്. ഇതിനായി സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ ബാര്‍ അസോസിയേഷനുകള്‍ മുഖേനയും നേരിട്ടും അപേക്ഷകള്‍ സ്വീകരിച്ചുവരുകയാണ്.
നിലവില്‍ മറ്റ് ജോലികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിഭാഷകവൃത്തിയിലുള്ളതായി തലസ്ഥാനത്തെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ധാരണയായി.
എന്നാല്‍, ഇതുപ്രകാരം സമയബന്ധിതമായി അസോസിയേഷന്‍ പട്ടിക പ്രസിദ്ധീകരിച്ചില്ല. അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് പട്ടിക പ്രസിദ്ധീകരണം നീട്ടിയത്. ഇതിനിടെ ബുധനാഴ്ച ഉച്ചക്ക് ബാര്‍ അസോസിയേഷന്‍ ഓഫിസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിന്‍െറ അപേക്ഷകള്‍ രഹസ്യമായി പുറത്തേക്ക് കടത്താന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി. ജയചന്ദ്രന്‍ നിര്‍ദേശം നല്‍കുകയായിരുന്നത്രെ.
അസോസിയേഷനില്‍ നിന്ന് അപേക്ഷകള്‍ കടത്താന്‍ ശ്രമിച്ച ജീവനക്കാരെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു.
അഭിഭാഷകര്‍ പിന്നീട് അസോസിയേഷന്‍ ഭാരവാഹികളെ ഘെരാവോ ചെയ്തു.
ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഴുവന്‍ ആളുകളുടെയും പട്ടിക പ്രസിദ്ധീകരിക്കുംവരെ രേഖകള്‍ ഓഫിസില്‍ സൂക്ഷിക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. നിലവില്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് ഭാരവാഹികള്‍ ആളുകളെ കുത്തിത്തിരുകിയെന്ന് പ്രതിഷേധിച്ച അഭിഭാഷകര്‍ പറഞ്ഞു.
പട്ടിക പ്രസിദ്ധീകരിച്ചശേഷം ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ മുന്‍ അംഗം അഡ്വ. സി. ഗോപാലകൃഷ്ണന്‍ നായര്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ഒ. അശോകന്‍, ജില്ലാ സെക്രട്ടറി പള്ളിച്ചല്‍ പ്രമോദ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. വള്ളക്കടവ് ജി. മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.