ആര്‍ദ്രാദര്‍ശന പുണ്യവുമായി നാളെ തിരുവാതിര
text_fieldsതിരുനാവായ: ദീര്‍ഘമംഗല്യത്തിന് സുമംഗലിമാരും ഇഷ്ടമംഗല്യത്തിന് കന്യകമാരും വ്രതം നോല്‍ക്കുന്ന പുണ്യദിനമായ ധനുമാസത്തിലെ തിരുവാതിര ശനിയാഴ്ച. തിരുവാതിര ശിവന്‍െറ ജന്മനക്ഷത്രമാണെന്നാണ് വിശ്വാസം. ദാമ്പത്യസൗഖ്യത്തിനും ശ്രീപരമേശ്വരന്‍െറ ആയുരാരോഗ്യത്തിനും ശ്രീപാര്‍വതി അനുഷ്ടിച്ച വ്രതമാണിതെന്നാണ് സങ്കല്‍പം. മുമ്പ് രേവതി നാള്‍ മുതല്‍ക്കുതന്നെ വ്രതമനുഷ്ഠിക്കുന്ന പതിവുണ്ടായിരുന്നു. അതിരാവിലെ കുളത്തിലോ പുഴയിലോ തുടിച്ചുകുളിച്ച് ചന്ദനവും കുങ്കുമവും ചാര്‍ത്തി കണ്ണെഴുതി ഇളനീരും പഴവുമായി അര്‍ധനാരീശ്വര ദര്‍ശനം നടത്തിയാണ് വ്രതമാരംഭിക്കുക.
തിരുവാതിരപ്പുഴുക്കെന്ന് കൂടി പേരുള്ള എട്ടങ്ങാടി തയാറാക്കലാണ് മറ്റൊരു ചടങ്ങ്. കാച്ചില്‍, കൂര്‍ക്ക, ചേന, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, രണ്ടുതരം ചേമ്പ് എന്നിങ്ങനെ എട്ട് കിഴങ്ങുകളും പയര്‍ -കടല വര്‍ഗങ്ങളും മത്തന്‍, കായ തുടങ്ങിയവയും ചേര്‍ത്താണ് പുഴുക്ക് തയാറാക്കുന്നത്. തിരുവാതിര നാളില്‍ അരിയാഹാരം പതിവില്ല. ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും തിരുവാതിരക്ക് വിശേഷമാണ്. കുവ്വപ്പായസമാണ് മറ്റൊരു വിശേഷഭക്ഷണം.
തിരുവാതിര ദിവസത്തെ കൈകൊട്ടിക്കളിക്കിടെ പാതിരാക്ക് നടത്തുന്ന ചടങ്ങാണ് പാതിരാപൂചൂടല്‍. അപ്പോള്‍ വിരിയുന്ന കൊടിവേലിപ്പൂവാണ് തലയില്‍ ചൂടുന്നത്. ആധുനികകാലത്ത് ആഘോഷങ്ങളിലടക്കം കാതലായ മാറ്റം സംഭവിച്ചെങ്കിലും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടും ചിട്ടകളോടും തിരുവാതിരയെ വരവേല്‍ക്കുന്ന ഒട്ടേറെ തറവാടുകള്‍ ഇന്നും നാട്ടിന്‍പുറങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.