സര്‍ക്കാര്‍ കടം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയോളം വര്‍ധന
text_fieldsതിരുവനന്തപുരം: കടം വാങ്ങുന്നതില്‍ സര്‍വകാല റെക്കോഡിലേക്ക് യു.ഡി.എഫ് സര്‍ക്കാര്‍. അഞ്ചുവര്‍ഷത്തില്‍ സംസ്ഥാനത്തിന്‍െറ പൊതുകടം ഇരട്ടിയാകും. യു.ഡി.എഫ് അധികാരത്തിലേറുമ്പോള്‍ 78673.24 കോടിയായിരുന്ന സംസ്ഥാന കടം. 2016 മാര്‍ച്ച് ആകുമ്പോള്‍ കുറഞ്ഞത് 72372 കോടികൂടി വര്‍ധിക്കുമെന്ന് ധനവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു.
നടപ്പുവര്‍ഷം കടമെടുക്കാന്‍ ഇനി വെറും 2000 കോടിയില്‍ താഴെയേ ബാക്കിയുള്ളൂ. പദ്ധതി വിനിയോഗം ഇക്കുറിയും ലക്ഷ്യം കാണില്ല. ഇതിനുപുറമെ, ശമ്പള-പെന്‍ഷന്‍ പരിഷ്കരണം ഫെബ്രുവരിയില്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആളോഹരി കടത്തിലും വന്‍ വര്‍ധനയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും കൊടുത്തുതീര്‍ക്കേണ്ട മുതലും പലിശയും കുതിച്ചുയരുകയാണ്. സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ ചെലവ് ഉണ്ടാകുന്ന മൂന്നുമാസം കൂടി ശേഷിക്കുന്നതിനാല്‍ ഇക്കൊല്ലവും ട്രഷറി കടുത്ത ഞെരുക്കം നേരിടും.
യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം 2015 മാര്‍ച്ചില്‍ വരെ 56767 രൂപയാണ് കടമെടുത്തത്. ഇക്കൊല്ലം 15605 കോടികൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാണ് അനുമതി. ഇതില്‍ 11450 കോടി കടമെടുത്തു.
1882 കോടി മാത്രമാണ് ചട്ടപ്രകാരം ഇനി കടമെടുക്കാനാവുക. ഇതോടെ ഈ സര്‍ക്കാറിന്‍െറ കാലത്തെ കടം 72372 കോടിയാകും. ഇക്കൊല്ലത്തെ ദേശീയ സമ്പാദ്യ പദ്ധതി, പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍കൂടി ചേര്‍ത്താല്‍ തുക വീണ്ടും ഉയരും. ഇക്കൊല്ലത്തെ 20,000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ 7597.68 കോടി മാത്രമേ ചെലവിട്ടിട്ടുള്ളൂ. അടുത്ത മൂന്നുമാസത്തിനിടെ 12402.32 കോടി പദ്ധതി വിനിയോഗത്തിനുമാത്രം ആവശ്യമുണ്ട്. മറ്റ് അനവധി ചെലവുകളും വരാനിരിക്കുന്നു.
2011 മാര്‍ച്ച് 31ന് സംസ്ഥാനത്തെ ആളോഹരി കടം 23554.86 രൂപയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം ഇത് 40189.98 കോടിയായി വര്‍ധിച്ചു. റവന്യൂ കമ്മിയും ധനകമ്മിയും വീണ്ടും ഉയരുകയാണ്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 2593.85 കോടിയാണ് റവന്യൂ കമ്മി. ധനകമ്മി ഇതിനകം 5379.63 കോടിയിലത്തെി. ആറുമാസത്തെ കണക്കുകൂടി വരാനുണ്ട്. വരുമാനത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത്. 11-12ല്‍ 18 ശതമാനവും 12-13ല്‍ 17ഉം 13-14ല്‍ ആറും 14-15ല്‍ 10 ശതമാനവും ലക്ഷ്യമിട്ടതിനെക്കാള്‍ കുറഞ്ഞു. ഇക്കൊല്ലവും ലക്ഷ്യമിട്ട വരുമാനം കൈവരിക്കാനാകില്ല. എന്നാല്‍, മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബര്‍ വരെ 21 ശതമാനം വര്‍ധന വന്നെന്നാണ് ധനവകുപ്പ് പറയുന്നത്.
ചെലവ് 4.3 ശതമാനവും വര്‍ധിച്ചു. തീറാധാരങ്ങളുടെയും വസ്തു കൈമാറ്റത്തിന്‍െറയും കുറവുമൂലം സ്റ്റാമ്പ് ഡ്യൂട്ടിയിലെ കുറവ്, റബര്‍ വിലയിടിവ്, പെട്രോള്‍-ഡീസല്‍ വിലയിലെ കുറവ്, അരി, ഗോതമ്പ്, ആട്ട, മൈദ, സൂചി എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കിയത്, കോഴി വില്‍പനയിലെ വരുമാനം കുറഞ്ഞത്, ബാര്‍ ലൈസന്‍സ് നിയന്ത്രണവും ബിവറേജസ് റീടെയില്‍ ഷോപ്പുകള്‍ പൂട്ടിയതും അടക്കം കാരണങ്ങള്‍കൊണ്ടാണ് വരുമാനം കുറഞ്ഞതെന്നാണ് സര്‍ക്കാറിന്‍െറ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.