ഭാരവാഹിത്വത്തിനായി ബി.ജെ.പിയില്‍ വടംവലി
text_fieldsതിരുവനന്തപുരം: പുതിയ സംസ്ഥാന പ്രസിഡന്‍റിനെ തീരുമാനിച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ ഭാരവാഹിത്വത്തിനായി വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ വടംവലി മുറുകുന്നു. അതേസമയം ബി.ജെ.പിയുടെ നേതൃത്വം നിയന്ത്രിക്കാന്‍ ആര്‍.എസ്.എസും തയാറെടുക്കുകയാണ്.
നിലവിലുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, സംസ്ഥാന സെക്രട്ടറിമാര്‍, സംസ്ഥാന വക്താവ് തുടങ്ങിയ പദവികള്‍ക്കായാണ് കരുനീക്കം ശക്തമായത്. പി.കെ. കൃഷ്ണദാസ് പക്ഷം, വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വങ്ങളാണ് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തുള്ളത്.
കുമ്മനം രാജേശേഖരനെ സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചതിന് അംഗീകാരം നല്‍കാനുള്ള സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഡിസംബര്‍ 30 ന് ചേരും. ഇതിന് മുന്നോടിയായി 29 ന് കോര്‍ കമ്മിറ്റിയും ചേരുന്നുണ്ട്. അതേസമയം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നേതൃസംഘടനാ നേതാക്കളുടെ യോഗത്തില്‍ ബി.ജെ.പി വിഷയവും പരിഗണനക്ക് എത്തിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരുന്നതും പരിഗണിച്ചേക്കും.
നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടുപേര്‍ മുരളീധരപക്ഷക്കാരാണ്. ഒരാള്‍ പി.കെ. കൃഷ്ണദാസ് വിഭാഗം. ഇവരില്‍ മുരളീധരപക്ഷത്തിലെ കെ.പി. ശ്രീശനും കൃഷ്ണദാസ് വിഭാഗത്തിലെ എ.എന്‍. രാധാകൃഷ്ണനും മാറിയേക്കും. പുതിയ ഗ്രൂപ് നേതാവായ ശോഭാ സുരേന്ദ്രന്‍, നിലവിലെ വൈസ് പ്രസിഡന്‍റ് എം.ടി. രമേശ് എന്നിവരാണ് സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്നത്. രമേശിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കഴിഞ്ഞ തവണയും കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ശ്രീശനെ വൈസ് പ്രസിഡന്‍റാക്കാനാണ് മുരളീപക്ഷത്തിന്‍െറ നീക്കം. മുന്‍ സംസ്ഥാന വക്താവ് എം.എസ്. കുമാറും നേതൃത്വത്തിലേക്ക് തിരിച്ചുവന്നേക്കും. കുമ്മനവുമായുള്ള അടുപ്പം, എന്‍.എസ്.എസ് പ്രാദേശിക നേതാവ് എന്നിവയാണ് കുമാറിന് അനുകൂലം. ദേശീയ എക്സിക്യൂട്ടിവ് അംഗത്വം ഒഴിഞ്ഞശേഷം വൈസ് പ്രസിഡന്‍റാക്കിയ ജോര്‍ജ് കുര്യനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന താല്‍പര്യം വി. മുരീധരനുമുണ്ട്.
പ്രചാരകനായ കുമ്മനത്തെ സഹായിക്കാന്‍ ആര്‍.എസ്.എസിലും ഹിന്ദു ഐക്യവേദിയിലുംനിന്ന് നേതാക്കളെ നേതൃത്വത്തിലേക്ക് നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. ആര്‍.എസ്.എസില്‍നിന്ന് വരുന്ന കുമ്മനത്തോട് ബി.ജെ.പി കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള എതിര്‍പ്പ് പരിഗണിച്ചാണിത്. ജനസംഘം മുതല്‍ പ്രവര്‍ത്തനരംഗത്തുള്ള ഒ. രാജഗോപാല്‍ അടക്കം 10ഓളം നേതാക്കളെ നോക്കുകുത്തിയാക്കിയാണ് കുമ്മനത്തെ കേന്ദ്ര നേതൃത്വം നിയോഗിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ആര്‍.എസ്.എസ് സംസ്ഥാന സമിതിയംഗം വല്‍സന്‍ തില്ലങ്കേരിക്കൊപ്പം ഐക്യവേദി ജനറല്‍ സെക്രട്ടറിമാരായ ആര്‍.വി. ബാബു, കെ.പി. ഹരിദാസ് എന്നിവരില്‍ ഒരാളെ കൂടി പരിഗണിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിനും തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. എം.ടി. രമേശിനോടായിരുന്നു അവര്‍ക്ക് താല്‍പര്യം. എന്നാല്‍ ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്ര നേതൃത്വങ്ങളുടെ വിലയിരുത്തല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സമവായ, പ്രീണന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നാണ്. അത് അവസാനിപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചെന്നതിന്‍െറ അടിസ്ഥാനത്തിലാണ് നിലയ്ക്കല്‍ സമരത്തിലും മാറാട് കലാപത്തിലും ആര്‍.എസ്.എസ് നിലപാട് ഉയര്‍ത്തിപ്പിടിച്ച പ്രചാരകനെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.