ശിവഗിരി തീര്‍ഥാടനം 30ന് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
text_fieldsവര്‍ക്കല: 83ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം പൂര്‍ത്തിയാവുന്നു. തീര്‍ഥാടനം 30ന് എ.ഐ.സി.സി പ്രസിഡന്‍റ് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ശിവഗിരിയിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളില്‍നിന്നുള്ളവരാണ് വാഹനങ്ങളിലും ട്രെയിനുകളിലുമായി എത്തുന്നത്. തീര്‍ഥാടകരെ സ്വാഗതം ചെയ്യാന്‍ ശിവഗിരിയിലും വര്‍ക്കലയിലും വിപുല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുരുധര്‍മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തില്‍ ഗുരുധര്‍മ പ്രബോധന പരമ്പര ശിവഗിരിയില്‍ നടന്നുവരുകയാണ്. ശ്രീനാരായണഗുരുവിന്‍െറ ജീവിതത്തെയും ദര്‍ശനങ്ങളെയും ആസ്പദമാക്കിയുള്ള കലോത്സവവും വ്യത്യസ്ത വേദികളിലായി നടക്കുന്നുണ്ട്.
തീര്‍ഥാടനത്തിന്‍െറ ഒൗദ്യോഗിക പദയാത്ര തൃശൂര്‍ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തില്‍നിന്ന് ശിവഗിരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെ ശിവഗിരി സമാധി മണ്ഡപത്തില്‍ എത്തും. തീര്‍ഥാടന നഗറില്‍ ഉയര്‍ത്തുന്ന ധര്‍മപതാക പ്രയാണം നാഗമ്പടം ക്ഷേത്രാങ്കണത്തില്‍നിന്ന് എസ്.എന്‍.ഡി.പി കോട്ടയം യൂനിയന്‍െറ നേതൃത്വത്തില്‍ ശിവഗിരിയില്‍ എത്തും. കൊടിക്കയര്‍ പദയാത്ര കളവംകോട് ശക്തീശ്വര ക്ഷേത്രത്തില്‍നിന്ന് തിരിച്ചിട്ടുണ്ട്. സമ്മേളന വേദിയില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്‍െറ പഞ്ചലോഹ വിഗ്രഹം എഴുന്നള്ളിച്ചുള്ള രഥയാത്ര ഇലവുംതിട്ട കേരളവര്‍മ സൗധത്തില്‍നിന്ന് യാത്ര തുടങ്ങി. സമ്മേളന വേദിയില്‍ ജ്വലിപ്പിക്കാനുള്ള ശ്രീനാരായണ ജ്യോതിസ്സ് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍നിന്നാണ്. പ്രയാണം ചൊവ്വാഴ്ച വൈകീട്ടോടെ എത്തും. ഘോഷയാത്രയുടെ മുന്നില്‍ പിടിക്കുന്നതിനുള്ള ധര്‍മപതാകകള്‍ കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കും.
30ന് രാവിലെ 7.30ന് ശിവഗിരിക്കുന്നില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ പീതപതാക ഉയര്‍ത്തുന്നതോടെ തീര്‍ഥാടനത്തിന് പ്രാരംഭം കുറിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി,മന്ത്രി കെ. ബാബു, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് ആരോഗ്യ ശുചിത്വസമ്മേളനം ശ്രീലങ്കന്‍ മന്ത്രി മനോ ഗണേഷന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് കാര്‍ഷിക-കൈത്തൊഴില്‍ സമ്മേളനം കേന്ദ്ര ടൂറിസം -സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. അഞ്ചിന് ആത്മീയ സമ്മേളനം മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ അഞ്ചിന് തീര്‍ഥാടന ഘോഷയാത്ര. 10ന് തീര്‍ഥാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രഫ. പി.ജെ. കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് ഒന്നിന് വ്യവസായിക സമ്മേളനം കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് രാവിലെ എട്ടിന് പുഷ്പാഭിഷേകം, ഒമ്പതിന് ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം ഗാന്ധിയന്‍ അണ്ണാ ഹസാരെ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.