മനുഷ്യാവകാശ കമീഷന്‍ ഇടപെടല്‍; മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മൂന്ന് ലാബുകള്‍ കൂടി
text_fields
കൊച്ചി: മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്താന്‍ തൃശൂര്‍, കോഴിക്കോട്, കോന്നി എന്നിവിടങ്ങളില്‍ ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും നിലവിലുള്ള ലബോറട്ടറികള്‍ക്ക് പുറമെയാണിത്. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന വ്യാപകമാണെന്ന പരാതി അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് ലഭിക്കുന്ന മരുന്നുകള്‍ അംഗീകൃത മരുന്ന് നിര്‍മാണ സ്ഥാപനങ്ങളില്‍ നിന്നുള്ളവയാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുവില നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. ദേശീയ വില നിയന്ത്രണ അതോറിറ്റി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മരുന്നുകള്‍ നിയന്ത്രിത വിലക്ക് വില്‍ക്കുന്നുണ്ടോയെന്ന് കണ്‍ട്രോളര്‍ ഉറപ്പുവരുത്തുന്നുണ്ട്. കൂടിയ വിലക്ക് മരുന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് ദേശീയ വില നിയന്ത്രണ അതോറിറ്റിക്ക് മാസന്തോറും റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ച് എസ്.എം.എസ് സംവിധാനത്തിലൂടെ മരുന്ന് വില്‍പനക്കാരെ അറിയിക്കുന്നുണ്ട്.
അതേസമയം, എല്ലാ മരുന്നുകളും പരിശോധനക്കുശേഷമേ വില്‍ക്കാവൂ എന്ന ആവശ്യം പ്രായോഗികമല്ളെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് മരുന്ന് ക്ഷാമത്തിന് കാരണമാകും. വ്യാജ മരുന്നുകള്‍ പൂര്‍ണമായും തടയുമെന്നും സര്‍ക്കാര്‍ കമീഷനെ അറിയിച്ചു. ഏതെങ്കിലും പ്രത്യേക മരുന്നിനെക്കുറിച്ച് പരാതി നല്‍കാന്‍ പരാതിക്കാരന് തടസ്സമില്ളെന്ന് ജസ്റ്റിസ് ജെ.ബി. കോശി തീര്‍പ്പില്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.