മദ്യനയം: കേസിന്‍റെ നാൾവഴി
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകൾ തുറക്കാൻ അനുമതി നൽകേണ്ടെന്ന ഉമ്മൻചാണ്ടി സർക്കാറിന്‍റെ തീരുമാനമാണ് മദ്യനയം സംബന്ധിച്ച വലിയ ചർച്ചകൾക്കും നിയമയുദ്ധത്തിനും തുടക്കം കുറിച്ചത്. സർക്കാർ നിലപാടിനെ പിന്തുണക്കുന്നതിനോടൊപ്പം കേരളത്തിലെ മുഴുവൻ മദ്യ വിൽപനശാലകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്തെത്തി. ഇത് കെ.പി.സി.സിയും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. മുസ് ലിം ലീഗ്, കേരളാ കോൺഗ്രസ് എം അടക്കമുള്ള ഘടക കക്ഷികൾ സുധീരന്‍റെ നിലപാടിനെ പിന്തുണക്കുകയും ചെയ്തു.
ഇതോടെ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് തീരുമാനിച്ച ഉമ്മൻചാണ്ടി സർക്കാർ, നിലവിൽ പ്രവർത്തിക്കുന്ന 312 ബാറുകൾ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നു മുതൽ ബാറുകൾ പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ ബാറുടമകൾ ഹൈകോടതിയെ സമീപിച്ചതോടെയാണ് യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം നിയമകുരുക്കിലാകുന്നത്. സർക്കാറിന്‍റെ പുതിയ മദ്യനയം യു.ഡി.എഫ് മന്ത്രിമാർക്കെതിരായ കോഴയാരോപണങ്ങൾക്കും വഴിവെച്ചു. അടച്ച ബാറുകൾ തുറക്കുന്നതിനും പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിനും ധനമന്ത്രി കെ.എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ബാറുടമ ബിജു രമേശ് ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്.
കേസ് നാൾവഴിയിലൂടെ...
2014 മാർച്ച് 5: നിലവാരമില്ലാത്ത ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി.
ഏപ്രിൽ 1: നിലവാരമില്ലാത്ത 418 ബാറുകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു
ഏപ്രിൽ 15: സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകൾ ഹൈകോടതിയിൽ ഹരജി നൽകി.
ആഗസ്റ്റ് 21: പുതിയ മദ്യനയത്തിന് യു.ഡി.എഫ് അംഗീകാരം നൽകി. ഫൈവ് സ്റ്റാർ ഒഴികെയുള്ള മുഴുവൻ ബാറുകളും പൂട്ടാൻ തീരുമാനം.
ആഗസ്റ്റ് 25: പുതിയ മദ്യനയം സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു.
ആഗസ്റ്റ് 26: മദ്യനയത്തിൽ ഇടപെടില്ലെന്നും നയം നിയമമാക്കാമെന്നും സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ അബ്കാരി നിയമം ഭേദഗതി ചെയ്തു. ശേഷിച്ച ബാറുകൾ പൂട്ടാൻ നോട്ടീസ് നൽകി.
സെപ്റ്റംബർ 6: മദ്യനയം ചോദ്യംചെയ്ത് ബാറുടമകൾ സുപ്രീംകോടതിയിൽ ഹരജി നൽകി. സെപ്റ്റംബർ 30വരെ ബാറുകൾ പ്രവർത്തിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
സെപ്റ്റംബർ 11: ഹൈകോടതിയിലുള്ള കേസുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സെപ്റ്റംബർ 26: ഹൈകോടതിയിലെ കേസുകൾ തീർപ്പാകും വരെ ബാറുകൾ തുറന്നു പ്രവർത്തിക്കാൻ സുപ്രീകോടതി ഉത്തരവിട്ടു.
സെപ്റ്റംബർ 30: ബാറുകൾക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചു. കേസുകൾ ഹൈകോടതി വിധി പറയാൻ മാറ്റി. 418 ബാറുകൾ പൂട്ടിയ ശേഷം മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവ്റേജസ് കോർപറേഷൻ സത്യവാങ്മൂലം.
ഒക്ടോബർ 30: മദ്യനയത്തിന് ഹൈകോടതി സിംഗ്ൾ ബെഞ്ചിന്‍റെ അംഗീകാരം. ഫോർ, ഫൈവ്, ഹെറിറ്റേജ് ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാൻ ഉത്തരവ്.
നവംബർ 1: സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി.
2015 മാർച്ച് 31: സർക്കാറിന്‍റെ പുതുക്കിയ മദ്യനയം ഹൈകോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രം പ്രവർത്തനാനുമതി നൽകി.
2015 ഡിസംബർ 29: സർക്കാർ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ബാറുടമകളുടെ ഹരജികൾ തള്ളി. സംസ്ഥാനത്ത് ഇനി ഫൈവ് സ്റ്റാർ ബാറുകൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.