ബിയര്‍ പാര്‍ലറുകള്‍ നിര്‍ബാധം തുറന്നതിന് സുപ്രീംകോടതി വിമര്‍ശം
text_fieldsന്യൂഡല്‍ഹി: ബാറുടമകളുടെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി, തോന്നിയപോലെ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചു. ആല്‍ക്കഹോള്‍ അംശം കുറഞ്ഞ മദ്യം ഉപയോഗിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കില്ളെന്ന സര്‍ക്കാര്‍ കാഴ്ചപ്പാട് സുപ്രീംകോടതി തള്ളി. കേരളത്തില്‍ മദ്യാസക്തി വര്‍ധിക്കുന്നതിലും കുടുംബഭദ്രത തകരുന്നതിലും പരമോന്നത നീതിപീഠം ഉത്കണ്ഠ പ്രകടിപ്പിച്ചു.
ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കി അവ നിയന്ത്രണമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. യുവാക്കള്‍ ബിയര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമീഷന്‍ കണ്ടത്തെിയപ്പോള്‍ തന്നെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. നിശ്ചിത പ്രായപരിധിക്കു താഴെയുള്ളവരുടെ മദ്യ ഉപയോഗം തടയണം -കോടതി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ മദ്യ ഉപയോഗം ആശങ്കയുളവാക്കും വിധമാണ്. കുടുംബങ്ങളിലെ ഉത്കണ്ഠ കണ്ടില്ളെന്നു നടിക്കാന്‍ പറ്റില്ല. നിര്‍ബാധം മദ്യം വില്‍ക്കുന്നത് കുടുംബ വരുമാനം ചോര്‍ത്തും. സ്ത്രീകളും കുട്ടികളുമാണ് അതിന്‍െറ ഇരയായിത്തീരുന്നത്. മദ്യക്കടയില്‍നിന്ന് മദ്യം വാങ്ങിയാല്‍, വീട്ടില്‍ മറ്റുള്ളവര്‍ക്കു മുന്നിലിരുന്നാണ് കഴിക്കേണ്ടിവരുക. സ്ഥിരം കുടി ഇത് നിരുത്സാഹപ്പെടുത്തും. മദ്യം അനായാസം ലഭ്യമാക്കുകയും നിരോധം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ട് കാര്യമില്ല. കുടിക്കാനുള്ള വേദി കിട്ടാതെവരുന്നത് യുവാക്കളെയും മദ്യപാനത്തില്‍നിന്ന് പിന്തിരിപ്പിക്കും.
നൂറു ശതമാനം സാക്ഷരത എന്നു വീമ്പു പറയുന്ന കൊച്ചു കേരളമാണ് ഇന്ത്യയില്‍ മദ്യത്തിന്‍െറ 14 ശതമാനവും കുടിച്ചു തീര്‍ക്കുന്നത്. മദ്യാസക്തി കുറച്ചു കൊണ്ടുവരാന്‍ ഒരു വശത്ത് നിരോധത്തിന് ശ്രമിക്കുമ്പോള്‍ തന്നെയാണ് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ യഥേഷ്ടം അനുവദിച്ചത്. ഇത് ന്യായീകരിക്കാന്‍ വയ്യ. ബിയറും വൈനും ഉപയോഗിക്കാന്‍ അനുവദിക്കുന്നത് വീര്യം കൂടിയ മദ്യത്തിന്‍െറ ഉപയോഗിത്തിലേക്കുള്ള കവാടം തുറക്കലാണ്. അതുകൊണ്ടു തന്നെ, സാമൂഹിക വിപത്തുമാണ്.
ബാര്‍ ലൈസന്‍സ് നയത്തിന്‍െറ വിജയത്തെക്കുറിച്ച സംശയങ്ങള്‍ സര്‍ക്കാറിന് ഉണ്ടാകാമെങ്കിലും ലഹരി ഉപയോഗം നേരിടുകതന്നെ വേണം. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ മുറികളിലേക്ക് ബിവറേജസ് കടകളില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുവന്ന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
മദ്യനിരോധം വിജയിച്ചിട്ടില്ളെന്നതാണ് ചരിത്രം. അതുകൊണ്ട് കര്‍ക്കശ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. മദ്യനിരോധം മുമ്പ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. പക്ഷേ, അതിന്‍െറ പ്രയാസങ്ങളും കണ്ടു. മദ്യത്തിന്‍െറ വന്‍തോതിലുള്ള ഉപയോഗം മുന്‍നിര്‍ത്തി മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ് പിന്നീട് സര്‍ക്കാര്‍ ചെയ്തത്. മദ്യ ഉപയോഗം കുറക്കാനുള്ള സര്‍ക്കാര്‍ നയത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് എങ്ങനെയൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്, കോടതിയല്ല. മദ്യവും പുകയിലയും വിനാശകാരിയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.