നേതൃത്വത്തില്‍ മാറ്റമില്ലാതെ ബി.ജെ.പി; ജനുവരിയില്‍ കുമ്മനത്തിന്‍െറ കേരളയാത്ര
text_fieldsതിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ മേയ് വരെ സംസ്ഥാനനേതൃത്വത്തില്‍ ഒരു മാറ്റവും വരുത്തേണ്ടെന്നും നിലവിലെ സ്ഥിതി തുടരാനും ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. തെരഞ്ഞെടുപ്പ് കഴിയുംവരെ നേതൃതലത്തില്‍ അഴിച്ചുപണിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്ത് നേതൃമാറ്റം സംഘടനാതലത്തില്‍ ഉലച്ചിലുണ്ടാക്കുമെന്ന അഭിപ്രായത്തെതുടര്‍ന്നാണ് ഈ തീരുമാനം. ധിറുതിപിടിച്ച നീക്കം പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ അസംതൃപ്തിക്കിടയാക്കുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നും ആര്‍.എസ്.എസിനും അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സംഘ്പരിവാറില്‍ നിന്ന് ബി.ജെ.പി നേതൃത്വത്തിലേക്ക് തല്‍ക്കാലം ആരും വരില്ല. അതേസമയം സംഘ്പരിവാര്‍ സംഘടനകളുടെ പൂര്‍ണസാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ഉറപ്പുവരുത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ കേരളയാത്ര നടത്താനും തീരുമാനിച്ചു. ജനുവരി 20ന് ആരംഭിച്ച് 20 ദിവസത്തോളം നീളുന്ന ജാഥ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പുതിയ സംസ്ഥാന അധ്യക്ഷന്‍െറ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്കത്തെിക്കാനുള്ള പൊതുവേദിയായി ജാഥയെ മാറ്റാനാണ് ഉദ്ദേശ്യം. പൊതുസമൂഹവുമായി കൂടുതല്‍ ഇടപെടാനുള്ള അവസരമായി ജാഥയെ മാറ്റണമെന്നും അഭിപ്രായമുയര്‍ന്നു. വെള്ളാപ്പള്ളി നടേശന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഭാരതീയ ധര്‍മ ജന സേനയുമായി (ബി.ഡി.ജെ.എസ്) സഖ്യനീക്കങ്ങളുടെ ഭാഗമായി തുടര്‍ചര്‍ച്ചകള്‍ നടത്തും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍െറ നേതൃത്വത്തിലാവുമിത്. പ്രാഥമിക റൗണ്ട് ചര്‍ച്ചകള്‍ നേരത്തേനടന്നിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായും ചര്‍ച്ച നടത്തും. എന്‍.എസ്.എസിനെ ഒപ്പം നിര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.