സംസ്ഥാനത്തെ ആദ്യത്തെ രണ്ട് മെഗാവാട്ട് സോളാര്‍ പ്ലാന്‍റ് കുഴല്‍മന്ദത്ത്
text_fieldsകുഴല്‍മന്ദം: സംസ്ഥാന സര്‍ക്കാര്‍ അനര്‍ട്ടിന്‍െറ നിയന്ത്രണത്തില്‍ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സോളാര്‍ പ്ളാന്‍റ് കുഴല്‍മന്ദത്ത് സ്ഥാപിക്കും. നിലവില്‍ കെ.എസ്.ഇ.ബിക്ക് കീഴില്‍ ഒരു മെഗാവാട്ട് പ്ളാന്‍റാണ് കഞ്ചിക്കോടുള്ളത്. 13.55 കോടി രൂപയാണ് ഇതിന്‍െറ നിര്‍മാണ ചെലവ്. ഒരു വര്‍ഷം 30 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പ്ളാന്‍റില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
അനര്‍ട്ടിന്‍െറ കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിച്ചിരുന്ന റിന്യൂവബ്ള്‍ എനര്‍ജി റൂറല്‍ ടെക്നോളജി സെന്‍റര്‍ അടച്ചുപൂട്ടിയതിന് പകരമായാണ് രണ്ട് മെഗാവാട്ട് സോളാര്‍ പ്ളാന്‍റ് സ്ഥാപിക്കുന്നത്. കുഴല്‍മന്ദത്ത് 2006 നവംബര്‍ മൂന്നിനാണ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ കെട്ടിടത്തിലായിരുന്നു സെന്‍ററിന്‍െറ പ്രവര്‍ത്തനം. സെന്‍ററിനായി പഞ്ചായത്തിന്‍െറ സഹകരണത്തോടെ കുഴല്‍മന്ദം പുല്ലൂപാറക്ക് സമീപം ഏറ്റെടുത്ത 12 ഏക്കര്‍ സ്ഥലത്താണ് സോളാര്‍ പ്ളാന്‍റ് നടപ്പാക്കുന്നത്.ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും.
പ്രോജക്ട് വിശദാംശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. പ്ളാന്‍റ് നിര്‍മാണ ഉദ്ഘാടനം ജനുവരി ഒന്നിന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കുഴല്‍മന്ദം പൂല്ലുപാറയില്‍ നിര്‍വഹിക്കും. സ്ഥലം എം.എല്‍.എ എം. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.